ദൈവവിളി എന്ന അത്ഭുതം

ലൂക്കാ 5 : 1 – 11
വിളിയും തിരിച്ചറിവും

അവന്റെ ആദ്യശിഷ്യൻ ശിമയോനാണ്. അവന്റെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്നാണ്, യേശു അവനെ വിളിക്കുന്നത്. ഒരു അത്ഭുതമായി അവന്റെ ജീവിതത്തിൽ വന്നു, മാനസാന്തരത്തിന് വഴിയൊരുക്കി, തന്റെ ശിഷ്യനാകാൻ ക്ഷണിച്ചു. അങ്ങനെ, ആദ്യവിളിയും, അപ്പസ്തോലസംഘത്തിലെ ഒന്നാമനും, ആദ്യപ്രേഷിതദൗത്യം സ്വീകരിച്ചവനും, ആദ്യപ്രഘോഷകനുമായി ശിമയോൻ മാറി.

ശിമയോന്റെ വള്ളത്തിലിരുന്നാണ്, ആധികാരികമായി അവൻ തന്റെ പ്രബോധനം ജനങ്ങൾക്ക് നൽകുന്നത്. തുടർന്ന്, അത്ഭുതകരമായ മീൻ പിടുത്തമാണ്. അവിടെ, അവന്റെ വചനവും, ശിമയോന്റെ പ്രവർത്തിയും ഒന്നിക്കുന്നു, ഉടൻ അത്ഭുതം നടക്കുന്നു.

നാം അവന്റെ വചനത്തിന് കാതോർക്കുമ്പോൾ, അവ നമ്മുടെ ജീവിതത്തിൽ പ്രവർത്തികളായി പരിവർത്തിതമാകുമ്പോൾ, നമ്മുടെ ജീവിതത്തിലും അത്ഭുതങ്ങൾ നടക്കും. ശിഷ്യത്വത്തിലെ രണ്ട് പ്രധാനകർമ്മങ്ങൾ ഇവിടെ ശ്രദ്ധേയമാണ്, “എല്ലാം ഉപേക്ഷിക്കുക, അനുഗമിക്കുക”.

അനുകൂലമായ രാത്രിയുടെ സാഹചര്യങ്ങളിൽപോലും, നിഷ്ഫലമായ ശൂന്യതയുടെ വലയുമായി നിൽക്കേണ്ടിവന്നിട്ടും, പ്രതികൂലമായ പകൽ സമയത്തും, വിശ്വാസത്തിന്റെ വലയിറക്കാൻ പത്രോസ് സന്നദ്ധനായി.

കാരണം, അവന്റെ “വാക്കുകൾക്ക്” ശിമയോൻ വില നൽകി, ഫലമോ? വിലമതിക്കാനാവാത്ത അത്ഭുതവും. തിരുവചനം നമ്മുടെ ജീവിതത്തിൽ, വിലമതിക്കാനാവാത്ത നിധിയാണ് എന്ന് തിരിച്ചറിയാം. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിലും, വചനത്തിൽ വേരൂന്നി മുന്നോട്ട് പോകാം.

ദൈവസാന്നിധ്യം നിറയുന്നവേളകളിൽ, നമ്മിലെ കുറവുകളെ നാം തിരിച്ചറിയും. ശിമയോൻ തന്നിലെ അയോഗ്യതകളെ, അവന്റെ മുമ്പാകെ തുറന്നുവയ്ക്കുന്നത് നാം തുടർന്നുള്ള വചനഭാഗത്ത് കാണുന്നു.

എന്നാൽ, അവന്റെ ബലഹീനതകളെ, അനുതാപത്തിലൂടെ, വിശ്വാസത്തിന്റെ കരുത്തായി യേശു രൂപാന്തരപ്പെടുത്തുന്നു. ശിമയോന്റെ ഈ എളിമയുടെ മനോഭാവം, നമ്മുടെ ജീവിതത്തിൽ പകർത്തി, നമുക്കും ദൈവകൃപയ്ക്ക് പാത്രീഭൂതരാകാം.

ശിമയോന്റെ വാക്കുകൾക്ക് യേശു നൽകുന്ന മറുപടി “ഭയപ്പെടേണ്ട” എന്നാണ്. വിശ്വാസജീവിതത്തിൽ, നാം എന്നും മനസ്സിൽ കോറിയിടേണ്ട വാക്കുകളാണിവ. ഏതൊരു പ്രതികൂല സാഹചര്യത്തിലും, ഈ വാക്കുകളാണ് ഒരു പ്രേഷിതന്റെ ബലവും കരുത്തും.

മനുഷ്യരെ ജീവനിലേക്ക് നയിക്കാൻ, എല്ലാം ഉപേക്ഷിച്ച്‌ അവനെ അനുഗമിക്കാൻ, ഓരോ പ്രേഷിതനേയും പ്രാപ്തനാക്കുന്നതും, അവന്റെ ഈ വിളിയാണ്. നമ്മെ ഓരോരുത്തരേയും അവൻ വിളിക്കുന്നു, അവന്റെ ശിഷ്യത്വത്തിലൂടെ, നമ്മിലെ പ്രേഷിതദൗത്യം തുടരാൻ, മാതൃകയായി നമ്മുടെ മുമ്പിൽ ശിമയോന്റെ ജീവിതവും….

error: Content is protected !!