മലയാളി വൈദികനായ കർദിനാൾ കൂവക്കാടിന് പുതിയ നിയോഗം നൽകി ഫ്രാൻസിസ് മാർപാപ്പ.വിവിധ മതങ്ങൾ തമ്മിലുള്ള സംവാദത്തിനുള്ള സംഘത്തിന്‍റെ തലവനാക്കിയാണ് വത്തിക്കാൻ നിയമന അറിയിപ്പ് പുറത്തിറക്കിയത്.
സഭയുടെ മതാന്തര സംഭാഷണ ഡിക്കസ്റ്ററിയിൽ പ്രീഫെക്ട് സ്ഥാനമാണ് നൽകിയിരിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിലിൽ രൂപീകരിച്ച സംഘം ആണിത്. ഫ്രാൻസിസ് മാർപാപ്പയുടെതാണു തീരുമാനം. നവംബറിൽ അന്തരിച്ച കർദിനാൾ അയൂസോയ്ക്ക് പകരമായാണ് നിയമനം.
ഇസ്ലാമിക വിഷയങ്ങളിൽ പണ്ഡിതൻ ആയിരുന്ന കർദിനാൾ ആയൂസോ ഗിഷോടിന്‍റെ പകരക്കാരനായി എത്തുമ്പോൾ കൂവക്കാടിന്‍റെ അംഗീകാരവും വർധിക്കുകയാണ്. ക്രിസ്ത്യാനികൾ ന്യൂനപക്ഷം ആയ രാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങൾ വിജയകരമായി ക്രമീകരിച്ചതാണ് കൂവക്കാടിന്‍റെ നിയമനത്തിൽ നിർണായകമായത്.
വിവിധ മതങ്ങൾക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും, സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്ന വത്തിക്കാനിലെ മതാന്തര സംഭാഷണ ഡിക്കസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി കർദ്ദിനാൾ ജോർജ് കൂവക്കാടിനെ ഫ്രാൻസിസ് മാർപാപ്പാ നിയമിച്ചു. അതേസമയം മാർപാപ്പായുടെ വിദേശ യാത്രയുടെ ചുമതലകൾ അദ്ദേഹം തുടർന്നും നിർവ്വഹിക്കും.