വന്യമൃഗ ആക്രമണത്തിൽ രണ്ട് ജീവൻകൂടി പൊലിഞ്ഞു; കക്കയത്ത് ജീവനെടുത്തത് കാട്ടുപോത്ത്, വാഴച്ചാലിൽ കാട്ടാന

സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇന്ന് രണ്ടുപേർ മരിച്ചു. കോഴിക്കോട്ടും വാഴച്ചാലിലുമാണ്‌ വന്യമൃഗ ആക്രമണത്തിൽ രണ്ടുപേർ മരിച്ചത്. കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാലാട്ട് അബ്രഹാം (അവറാച്ചൻ-70) ആണ് മരിച്ചത്. തൃശ്ശൂര്‍ വാഴച്ചാലില്‍ കാട്ടാനയുടെ ആക്രമണത്തിൽ വാച്ച്മരത്തെ ഊരു മൂപ്പന്‍ രാജന്റെ ഭാര്യ വത്സ (62)യും മരിച്ചു.

കൃഷിയിടത്തിൽവെച്ചാണ് അബ്രഹാമിനുനേരെ കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായത്. കക്കയം ടൗണിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ കക്കയം ഡാം സൈറ്റ് റോഡിൽ കൃഷിയിടത്തിൽ വെച്ചാണ് കാട്ടുപോത്ത് കുത്തിയത്.

കക്ഷത്തിൽ ആഴത്തിൽ കൊമ്പ് ഇറങ്ങിയാണ് അബ്രഹാമിന് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

വാച്ച്മരത്ത് കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് വത്സയ്ക്കുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഇന്ന് വൈകീട്ട് 3.30-നായിരുന്നു സംഭവം. വാഴച്ചാലിനും പെരിങ്ങല്‍കുത്ത് അണക്കെട്ടിനും ഇടയിലായി വനത്തിനുള്ളിലുള്ള പ്രദേശത്താണ് വാച്ചുമരം കോളനി.

വാച്ചുമരം കോളനി മൂപ്പനായ രാജനും ഭാര്യ വത്സയും കൂടി ആണ് കാടിനുള്ളില്‍ വിഭവങ്ങള്‍ ശേഖരിക്കാനായി പോയത്. ഇതിനിടെയാണ് കാട്ടാന ഇവരെ ആക്രമിച്ചത്. വത്സയുടെ നെഞ്ചിലാണ് ആന ചവിട്ടയത്.

സ്വതവേ സ്വാധീന കുറവുള്ള മൂപ്പന്‍ അലറി വിളിച്ചെങ്കിലും കുറച്ചു കഴിഞ്ഞതിനുശേഷം ആണ് ആന അവിടെ നിന്നും പോയത്. ഇതിനുശേഷം കോളനിക്ക് സമീപമെത്തി ആളുകളെ കൂട്ടി വത്സയ്ക്കടുത്തെത്തുകയായിരുന്നു.

error: Content is protected !!