News Reader's Blog Social Media

അടിയുറച്ച വിശ്വാസത്തിൻ്റെ ദൃശ്യഭാഷ്യവുമായി പൂവരണി സംസ്ഥാനതലത്തിലേക്ക്

പാലാ: ചേർപ്പുങ്കൽ വച്ച് നടന്ന പാലാ രൂപത കലോത്സവത്തിൽ പാലാ മേഖലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പൂവരണി തിരുഹൃദയ സൺഡേ സ്കൂളിൻ്റെ ബൈബിൾ ദൃശ്യാവതരണം എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് അർഹത നേടി.

ബൈബിളിലെ മക്കബായർ രണ്ടാം പുസ്തകം ഏഴാം അധ്യായത്തിലെ – വിശ്വാസം ത്യജിക്കാൻ ആവശ്യപ്പെട്ട രാജാവിന്റെ മുന്നിൽ മുട്ടുമടക്കാതെ രക്തസാക്ഷിത്വം വരിച്ച ധീരയായ അമ്മയുടെയും ഏഴു മക്കളുടെയും കഥയാണ് വിദ്യാർത്ഥികൾ ഹൃദയസ്പർശിയായി അവതരിപ്പിച്ചത്.

സുഖലോലുപതയ്ക്കും ഭീഷണിക്കും മുന്നിൽ വിശ്വാസം വിൽക്കാതെ, മരണത്തെപ്പോലും ധീരതയോടെ നേരിട്ട ഒരു അമ്മയുടെയും ഏഴു മക്കളുടെയും കഥയാണ് മക്കബായർ ഏഴാം അധ്യായം. രാജാവ് ആവശ്യപ്പെട്ടത് നിയമത്തിന് വിരുദ്ധമായത് ഭക്ഷിക്കാൻ മാത്രമായിരുന്നു. എന്നാൽ, തങ്ങളുടെ വിശ്വാസത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന് ആ അമ്മയും മക്കളും പ്രഖ്യാപിച്ചു.

ഇന്ന് സോഷ്യൽ മീഡിയയുടെ സമ്മർദ്ദത്തിനും, തെറ്റായ സൗഹൃദങ്ങളുടെ പ്രലോഭനങ്ങൾക്കും, മൂല്യങ്ങൾ മറക്കാനുള്ള ആധുനിക സമൂഹത്തിന്റെ പ്രവണതയ്ക്കും മുന്നിൽ, അടിയുറച്ചു നിൽക്കാൻ ഇന്നത്തെ യുവതലമുറ പഠിക്കേണ്ടത് ഇത്തരം വിശ്വാസ ധീരതയിൽ നിന്നാണ്. വിശ്വാസം എന്നത് വെറും ആചാരമല്ല, പ്രതിസന്ധിയിലും സത്യത്തിനൊപ്പം നിൽക്കാനുള്ള ധൈര്യമാണെന്ന് കുട്ടികൾ വേദിയിൽ തെളിയിച്ചു.
മികച്ച രംഗസജ്ജീകരണവും, വസ്ത്രാലങ്കാരവും, കുട്ടികളുടെ ഹൃദയസ്പർശിയായ അഭിനയവും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.

ഇത്രയും വിശ്വാസ തീഷ്ണതയുള്ള വിഷയത്തെ ആസ്പദമാക്കി കുട്ടികൾ അവതരിപ്പിച്ച ദൃശ്യാവതരണത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്, ഒരു മത്സര വിജയത്തിനും അപ്പുറം, വിശ്വാസത്തിന്റെ വിജയമാണെന്നും
ഒരു അമ്മയുടെയും ഏഴു മക്കളുടെയും രക്തസാക്ഷിത്വം പോലെ തീവ്രമായ ഒരു വിഷയം, കൂട്ടായ പ്രവർത്തനത്തിലൂടെയും ഒരുമയുടെ ശക്തിയിലൂടെയും ഇത്രയും മനോഹരമായി വേദിയിൽ എത്തിക്കാൻ അണിയറയിൽ പ്രവർത്തിച്ച ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നുവെന്നും കുട്ടികളുടെയും പരിശീലിപ്പിച്ച അധ്യാപകരുടെയും പ്രോത്സാഹിപ്പിച്ച മാതാപിതാക്കളുടെയും ഒത്തൊരുമയാണ് ഈ വിജയത്തിന് പിന്നിലെന്നും വികാരി ഫാ. ജോസഫ് മഠത്തിക്കുന്നേൽ പറഞ്ഞു.

ഈ കൂട്ടായ്മ തന്നെയാണ് ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനമെന്നും ഒറ്റയ്ക്കല്ല, ഒരുമിച്ച് നിന്ന് വിശ്വാസം ജീവിക്കാൻ എന്നും ഈ വിജയം പ്രചോദനമാകട്ടെ എന്നും ഇതുപോലെ ഒരുമിച്ചുള്ള പ്രവർത്തനങ്ങളിലൂടെ ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോൺ ഷിബു ഈറ്റത്തോട്ട്, ജെവോൺ ജോണി വാതല്ലൂർ, ജെയിംസ് മാനുവൽ സെബി മുണ്ടാട്ടുചുണ്ടയിൽ, അലൻ സജീവ് ഈറ്റത്തോട്ടുകുന്നേൽ, ക്രിസ്റ്റീന ജോബി കോഴിപ്പൂവനാനിക്കൽ എന്നിവരാണ് വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്.

കഥയും തിരക്കഥയും ഫാ. ജോയൽ പണ്ടാരപ്പറമ്പിലും സ്റ്റേജ് സജ്ജീകരണം ജോണി വാതല്ലൂരും സൗണ്ട് മിക്സിങ് ടോം പാലായും ആർട്ട് വർക്ക് ഫെലിക്സ് കാവുങ്കൽ, സഞ്ജു കിഴക്കേമല എന്നിവരും സംവിധാനം സെബാസ്റ്റ്യൻ ജോസഫുമാണ് നിർവഹിച്ചത്. കോർഡിനേറ്റ് ചെയ്തത് ജിബിൻ മണിയൻഞ്ചിറ, ജിയ ജിജി ചുക്കനാനിക്കൽ, ജിലു ജിജി ചുക്കനാനിക്കൽ, മനു കൂനാനിക്കൽ എന്നിവരാണ്.

മികച്ച വിജയം നേടിയെടുത്ത കുട്ടികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പൂവരണി തിരുഹൃദയ പള്ളി വികാരി ഫാ. ജോസഫ് മഠത്തിക്കുന്നേൽ, സൺഡേ സ്കൂൾ ഡയറക്ടർ ഫാ. തോമസ് പുത്തൻപുരക്കൽ, ഹെഡ്മാസ്റ്റർ മനു കെ ജോസ് കൂനാനിക്കൽ എന്നിവരുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *