മത്തായി 16 : 13 – 19
അനുസരണവും, വിധേയത്വവും.
സഭാതലവനായി നിയമിതനായ, വി.പത്രോസിന്റെ വിശ്വാസപ്രഖ്യാപനം. വിവിധങ്ങളായ അത്ഭുതങ്ങൾ പ്രവർത്തിച്ച, യേശുവിനെക്കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടുകൾ, ഇവിടെ ചർച്ചാവിഷയമായി മാറുന്നു. അവന്റെ വാക്കുകളും പ്രവർത്തികളും, ജനങ്ങളിൽ പ്രതീക്ഷയുണർത്തി.
ഒരു അസാധാരണ വ്യക്തിത്വം, അവനിൽ അവർ കണ്ടെത്തിയെന്നതിനാലാണ്, സ്നാപകയോഹന്നാൻ, ഏലിയ, ജറെമിയ, പ്രവാചകന്മാരിൽ ഒരുവൻ, എന്നിങ്ങനെയെല്ലാം അവർ അവനെ പേരിട്ട് വിളിച്ചത്. എന്നാൽ, ഈ ഉത്തരങ്ങളിലൊന്നും തൃപ്തനാകാതെ, അവൻ തന്റെ ശിഷ്യരുടെ മനോഗതം മനസ്സിലാക്കാൻ ആഗ്രഹിച്ചു.
തുടർന്നുള്ള ചോദ്യം അവരോടായി, “ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?” എന്നാൽ, ശിഷ്യരുടെ പ്രതിനിധിയായ പത്രോസിന്റെ മറുപടി, മനുഷ്യബുദ്ധിക്കതീതമായതായിരുന്നു.
കാരണം, ആ വാക്കുകൾ അവന്റേതായിരുന്നില്ല, പിതാവായ ദൈവം, പരിശുദ്ധാത്മാവ് വഴിയായി, അവനിലൂടെ നടത്തിയ ദൈവീക വെളിപ്പെടുത്തലായിരുന്നു. അതിനാൽതന്നെ, “ഭാഗ്യവാനെന്ന്” വിളിക്കപ്പെട്ട്, പത്രോസ് സഭയുടെ അടിസ്ഥാനവും, തലവനുമായി നിയോഗിക്കപ്പെട്ടു.
ആയതിനാൽ, സഭ ഇന്നും പത്രോസെന്ന പാറമേൽ, വെള്ളപ്പൊക്കവും കാറ്റുമാകുന്ന പ്രതിസന്ധികൾക്ക് നടുവിലും, വീണുപോകാതെ അടിയുറച്ചു നിലകൊള്ളുന്നു. സഭയുടെ അടിസ്ഥാനശിലയാണ് വി.പത്രോസ്. എന്നാൽ, അതുമാത്രമല്ല, സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഏല്പിക്കപ്പെട്ടും, അതിന്റെ കാവൽക്കാരനും മുഖ്യകാര്യസ്ഥനുമായി പത്രോസ് മാറി.
യേശുവിന്റെ പ്രതിനിധിയായി സഭയെ നയിക്കാൻ, പ്രബോധനധികാരവും, ശിക്ഷണ അധികാരവും അവന് യേശുവിനാൽ നൽകപ്പെട്ടു. ഭൂമിയിലും സ്വർഗ്ഗത്തിലും, അവന്റെ അധികാരം ഒരേപോലെ അംഗീകരിക്കപ്പെട്ടു.
ഈ സഭാസമൂഹത്തിലെ അംഗങ്ങളായ നമ്മൾ, ഇതിനാൽത്തന്നെ, ദൈവഹിതത്തിന് വിധേയപ്പെടാനും, സഭാധികാരികളെ അനുസരിക്കാനും കടപ്പെട്ടവരാണ്. പത്രോസിന്റെ പിൻഗാമികളായ മാർപ്പാപ്പമാരിലൂടെയും, മെത്രാന്മാരിലൂടെയും, ഈ അധികാരം സഭയിൽ നിലനിൽക്കുമ്പോൾ, തുടരുമ്പോൾ, സഭാ തീരുമാനങ്ങൾക്ക് വിധേയപ്പെടാതെ, അവയോട് മറുതലിക്കുന്നത്, “സഭാമക്കൾക്ക്” ഭൂഷണമല്ല. മറുതലിക്കുന്നെങ്കിൽ, നാം ഇന്നും അവനോട് ചേരാതെ, വിജാതീയരായി തുടരുന്നുവെന്നുവേണം കണക്കാക്കാൻ.
നമുക്കഗ്രാഹ്യവും അജ്ഞവുമായ കാര്യങ്ങളിൽ, അഭിപ്രായഭിന്നതയേക്കാൾ നല്ലത്, ദൈവാത്മാവിനാൽ വെളിപ്പെടുത്തപ്പെട്ട വ്യക്തികളിൽനിന്നും, വിനയമനസ്സോടെ അവയെ ഉൾക്കൊള്ളുകയല്ലേ വേണ്ടത്. അതിനുള്ള വിവേകമല്ലേ നാം കാട്ടേണ്ടത്. ഈശോയോട് ചേർന്ന് പ്രാർത്ഥിക്കാം…
അവന്റെ പിൻഗാമികളുടെ വാക്കുകൾക്കായി കാതോർക്കാം.. അനുസരണത്തിന്റേയും വിധേയത്വത്തിന്റേയും പാഠങ്ങൾ പഠിക്കാം….യഥാർത്ഥ സഭാമക്കളായി വളരാം….