പാലാ: പാലാ രൂപത പ്ലാറ്റിനം ജൂബിലി വർഷത്തിൽ നടക്കുന്ന 42-ാമത് ബൈബിൾ കൺവെൻഷൻ ഡിസംബർ 19 വ്യാഴാഴ്ച ആരംഭിക്കും. ഈശോയുടെ തിരുപ്പിറവിയ്ക്ക് ഒരുക്കമായി നടത്തുന്ന ബൈബിൾ കൺവെൻഷൻ പാലാ രൂപതയുടെ ഏറ്റവും വലിയ
ആത്മീയ ആഘോഷമാണ്.
പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വൈകുന്നേരം 3.30 മുതൽ 9.00 വരെ സായാഹ്ന കൺവൻഷനായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. പാലാ
രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലച്ചന്റെ നേതൃത്വത്തിലുള്ള ടീമാണ് കൺവെൻഷൻ നയിക്കുന്നത്. അഞ്ചു ദിവസത്തെ കൺവെൻഷൻ ഡിസംബർ 23 തിങ്കളാഴ്ച സമാപിക്കും.
പാലാ രൂപത പ്ലാറ്റിനം ജൂബിലി വർഷത്തിൽ യുവജനവർഷ ആചരണത്തിന്റെ ഭാഗമായി യുവജനസംഗമം – എൽ റോയി ബൈബിൾ കൺവെൻഷനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു.
ഡിസംബർ 21 ശനി രാവിലെ 8.30 മുതൽ ഉച്ചകഴിഞ്ഞ് 2 വരെയാണു യുവജനസംഗമം
കൺവെൻഷൻ ഗ്രൗണ്ടിൽ ക്രമീകരിച്ചിരിക്കുന്നത്. സിറോ മലബാർ സഭ മുൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി യുവജനസംഗമം ഉദ്ഘാടനം ചെയ്യും.
രൂപതയിലെ മുഴുവൻ യുവജനസംഘടനകളുടെയും ഇടവകകളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഈ മഹാസംഗമം ആത്മീയപ്രഭാഷണങ്ങളാലും ഭക്തിസാന്ദ്രമായ ആരാധനയാലും മ്യൂസിക് ബാന്റുകളാലും അനുഗ്രഹീതമായിരിക്കും.