കാക്കനാട്: സീറോമലബാർസഭയുടെ കേരളത്തിലെ മൂന്നു സിനഡൽ മേജർ സെമിനാരികൾക്ക് പുതിയ റെക്ടർമാർ നിയമിതരായി. മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയുടെ റെക്ടറായി റവ.ഡോ. സ്റ്റാൻലി പുൽപ്രയിൽ, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി യുടെ റെക്ടറായി റവ. ഡോ. ഡൊമിനിക് വെച്ചൂർ, കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി യുടെ റെക്ടറായി റവ. ഡോ. മാത്യു പട്ടമന എന്നിവരാണ് നിയമിതരായിരിക്കുന്നത്.
മംഗലപ്പുഴ സെമിനാരിയുടെ റെക്ടറായി 2024 ഓഗസ്റ്റ് മാസത്തിൽ നടന്ന സിനഡു തിരഞ്ഞെടുത്ത ഫാ. സ്റ്റാൻലിയെ വത്തിക്കാനിലെ പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള കാര്യാലയമാണ് നിയമിച്ചത്. പൊന്തിഫിക്കൽ സെമിനാരിയായതിനാലാണു സിനഡു തിരഞ്ഞെടുക്കുന്ന വൈദികനെ വത്തിക്കാ നിൽനിന്നു നിയമിക്കുന്നത്.
വടവാതൂർ, കുന്നോത്ത് മേജർ സെമിനാരികളുടെ റെക്ടർമാരായി 2025 ജനുവരി മാസത്തിൽ നടന്ന സിനഡു തിരഞ്ഞെടുത്ത ഫാ. ഡൊമിനിക്, ഫാ. മാത്യു എന്നിവരെ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവാണ് നിയമിച്ചത്. അഞ്ചുവർഷത്തേക്കാണ് നിയമന കാലാവധി.
മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയുടെ റെക്ടറായി നിയമിതനായ റവ. ഫാ. സ്റ്റാൻലി പുൽപ്രയിൽ കോതമംഗലം രൂപതാംഗമാണ്. പോത്താനിക്കാട് പുൽപ്രയിൽ പരേതനായ ജോസഫ്-ഏലിക്കുട്ടി ദമ്പതികളുടെ മകനായ ഫാ. സ്റ്റാൻലി 1992 ഡിസംബർ 28നു പൗരോഹിത്യം സ്വീകരിച്ചു.
റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നു ദൈവശാസ്ത്രത്തിൽ ലൈസ ൻഷ്യേറ്റും ഡോക്ടറേറ്റും നേടിയ അദ്ദേഹം കോതമംഗലം രൂപതയുടെ മൈനർ സെമിനാരിയിൽ റെക്ടർ, ഫരീദാബാദ് രൂപത വികാരി ജനറാൾ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.
കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയായി സേവനം ചെയ്യുന്നതിനിടെയാണു പുതിയ നിയമനം. സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരി കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ പിതാവാണ് നിയമന പ്രഖ്യാപനം നടത്തിയത്.
വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെ റെക്ടറായി നിയമിതനായ റവ. ഫാ. ഡൊമിനിക് വെച്ചൂർ പാലാ രൂപതാംഗമാണ്. അറക്കുളം വെച്ചൂർ തോമസ്-ത്രേസ്യായാമ്മ ദമ്പതികളുടെ മകനായ ഫാ. ഡൊമിനിക് 1996 ഡിസംബർ 30നു പൗരോഹിത്യം സ്വീകരിച്ചു.
റോമിലെ അൽഫോൻസിയൻ അക്കാദമിയിൽനിന്ന് മോറൽ തിയോളജിയിൽ ഡോക്ടറേറ്റ് നേടിയ ഫാ. ഡൊമിനിക് വിവിധ തിയോളജിക്കൽ സ്ഥാപനങ്ങളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചി ട്ടുണ്ട്. വടവാതൂർ സെമിനാരിയിൽ അധ്യാപകനായി സേവനം ചെയ്തുവരവേയാണ് റെക്ടറായി അദ്ദേഹം നിയമിതനായിരിക്കുന്നത്. സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ് മാർ തോമസ് തറയിൽ പിതാവാണ് നിയമന പ്രഖ്യാപനം നടത്തിയത്.
കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി റെക്ടറായി നിയമിതനായ റവ. ഫാ. മാത്യു പട്ടമന തലശ്ശേരി അതിരൂപതാംഗമാണ്. കരിക്കോട്ടക്കരി പട്ടമന പരേതനായ തോമസ്-ത്രേസ്യ ദമ്പതികളുടെ മകനായ അദ്ദേഹം 1994 ഏപ്രിൽ ഏഴിന് പൗരോഹിത്യം സ്വീകരിച്ചു.
റോമിലെ ആഞ്ചെലിക്കും പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. തലശേരി മൈനർ സെമിനാരിയിൽ അധ്യാപകനായും വിവിധ ഇടവകകളിൽ വികാരിയായും സേവനമനു ഷ്ഠിച്ച ഫാ. മാത്യു 16 വർഷമായി കുന്നോത്ത് സെമിനാരിയിൽ അധ്യാപകനാണ്.
മേജർ സെമിനാരി വൈസ് റെക്ടർ, പ്രൊക്യുറേറ്റർ തസ്തികകളിലും സേവനമനുഷ്ഠിച്ചിരുന്നു. ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനി പിതാവാണ് നിയമന പ്രഖ്യാപനം നടത്തിയത്.