നസ്രാണി മാപ്പിള സംഘത്തിന്റെ ഭാരവാഹികൾ പൂഞ്ഞാർ പള്ളി സന്ദർശിച്ചു

നസ്രാണി മാപ്പിള സംഘത്തിന്റെ മലങ്കരയിലെ വിവിധ ദേശ യോഗങ്ങളുടെ ഭാരവാഹികൾ പൂഞ്ഞാർ പള്ളി സന്ദർശിച്ച് വൈദികരോടും കൈക്കാരന്മാരോടും സംസാരിച്ചു സംഭവവികാസങ്ങൾ വിലയിരുത്തുകയും സമുദായത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

കോട്ടയം ജില്ലാ സെക്രട്ടറി സി എം ജോർജ് ചെമ്പകത്തിനാൽ പ്രമേയം അവതരിപ്പിച്ചത് യോഗം കയ്യടിച്ചു പാസാക്കുകയും ചെയ്തു. പൂഞ്ഞാർ ദേശയോഗം പ്രസിഡന്റ്‌ സാബു പൂണ്ടിക്കുളം അധ്യക്ഷത വഹിച്ച യോഗത്തിൽ കൂട്ടിക്കൽ യോഗം സെക്രട്ടറി ഷാജി മൂന്നാനപ്പള്ളിൽ, അരുവിത്തുറ യോഗം പ്രസിഡന്റ് അഡ്വ. ജോമി പെരുനിലം, കുറവിലങ്ങാട് യോഗം പ്രതിനിധി സാബു വേങ്ങച്ചുവട്ടിൽ തുടങ്ങിയവരും പാലാ, കടനാട്, മുണ്ടക്കയം, ഏറ്റുമാനൂർ യോഗങ്ങളിൽ നിന്നും പൂഞ്ഞാർ ഇടവകയിൽ നിന്നുമായി എഴുപതോളം സമുദായ അംഗങ്ങളും പങ്കെടുക്കുകയും ചെയ്തു.

ഫെബ്രുവരി 23 വെള്ളിയാഴ്ച ഉച്ചസമയത്ത് കുറെ ചെറുപ്പക്കാർ പള്ളിയുടെ കുരിശിൻതൊട്ടിയിൽ കയറി കാട്ടിക്കൂട്ടിയ അക്രമം ഉൾപ്പെടെയുള്ള ആഭാസ പ്രവർത്തനങ്ങളെ നസ്രാണി സമുദായ യോഗം ശക്തമായി അപലപിക്കുകയും പ്രതികൾക്ക് അനുകൂലമായ വിധത്തിൽ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകും വിധം നിയമവ്യവസ്ഥ കൈകാര്യം ചെയ്യാനും മാഫിയ സംഘങ്ങൾക്ക് ഒത്താശ ചെയ്യും വിധം വിവിധ സംഘടിത ശക്തികൾ ഒളിഞ്ഞും തെളിഞ്ഞും സംഘടിതമായും സോഷ്യൽ മീഡിയകളിലൂടെയും പ്രവർത്തിക്കുകയും ചെയ്യുന്നതിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.

പൂഞ്ഞാർ പള്ളിക്കൽ സംഭവദിവസം കൂടിയ ആളുകളുടെ ഇടയിൽ പ്രകോപനമുണ്ടാക്കും വിധം പ്രവർത്തിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചെന്ന പരാതിയിൽ വിശ്വാസികൾക്കെതിരെ കള്ളക്കേസ് എടുക്കുന്ന തരത്തിലുള്ള ഗൂഢ നീക്കങ്ങളെ നസ്രാണി സമുദായവും ക്രൈസ്തവ സഭകളും സംശയിക്കുന്നെന്നും ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കുമെന്നും യോഗം തീരുമാനമെടുത്തു.

ക്രൈസ്തവരുടെയും മറ്റു മതങ്ങളുടെയും ആരാധനാലയങ്ങളുടെ പരിസരങ്ങളിൽ പോലും അസ്വസ്ഥതകൾ ഉണ്ടാക്കുന്ന പ്രവണതകൾ കൂടിവരുന്നതും പൊതു സമൂഹത്തിന് പ്രതികരിക്കാനോ ക്രമസമാധാന പാലകർക്ക് നിയന്ത്രിക്കാനോ ആവാത്ത വിധം പേടിപ്പെടുത്തുന്ന മയക്കുമരുന്ന് – തീവ്രവാദ സ്വഭാവമുള്ള പ്രശ്നങ്ങൾ തെരുവുകളിലും മറ്റും അരങ്ങേറുന്നതും അത്തരക്കാരെ വെള്ളപൂശുകയും പിന്തുണയ്ക്കുകയും ചെയ്യും വിധം വിവിധ പ്രസ്ഥാനങ്ങൾ ഉള്ളതുമായ കേരളത്തിന്റെ അവസ്ഥയെ രാജ്യസുരക്ഷയുടെ വിഷയമായി കണ്ട് NIA യും കേന്ദ്രസർക്കാരും ഏറ്റെടുത്തു നടപടികൾ സ്വീകരിച്ച് പരിഹരിക്കണമെന്ന് പ്രമേയത്തിൽ നസ്രാണി സമുദായ യോഗം ആവശ്യപ്പെട്ടത് അതാത് കേന്ദ്രങ്ങളിൽ ഉചിതമായ മാർഗങ്ങളിലൂടെ എത്തിക്കാനും തീരുമാനിച്ചു.

error: Content is protected !!