മൂവാറ്റുപുഴ നിര്‍മ്മല കോളജിലും കോതമംഗലം പൈങ്ങോട്ടൂര്‍ സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഇസ്ലാമതവിശ്വാസികളായ വിദ്യാര്‍ത്ഥിനികള്‍ നിസ്കാരമുറി ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു.
മൂവാറ്റുപഴ നിര്‍മ്മല കോളജില്‍ ഈ വിഷയത്തിലുള്ള വിവാദം രൂക്ഷമായതോടെ ഒരുപറ്റം മതനേതാക്കള്‍ മുന്നോട്ടുവന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റുപറ്റിയെന്ന് കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍ ഏതാനും ദിവസം കഴിഞ്ഞതോടെ എറണാകുളം ജില്ലയിലെ മറ്റൊരു സ്കൂളിലും ഇതേ ആവശ്യമുന്നയിച്ച് വിദ്യാര്‍ത്ഥിനികള്‍ പ്രശ്നം സൃഷ്ടിക്കുന്നതാണ് കാണാന്‍ കഴിയുന്നത്.
ഈ ആവശ്യം കേരളം മുഴുവനിലുമുള്ള കത്തോലിക്കാ, ക്രൈസ്തവസ്ഥാപനങ്ങളില്‍ ഇവര്‍ ആവശ്യപ്പെടും എന്നതിന്‍റെ തെളിവാണ് മൂവാറ്റുപുഴയില്‍ കെട്ടടങ്ങിയ വിവാദം കോതമംഗലത്ത് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനു പിന്നില്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഒരു മുസ്ലിമിനെ സംബന്ധിച്ച് ഇസ്ലാമതത്തിന്‍റെ അടിസ്ഥാനപരമായ മത ഉത്തരവാദിത്വങ്ങള്‍ അഞ്ചെണ്ണമാണെന്നു പറയപ്പെടുന്നു. അതിനെ സംബന്ധിച്ച് “ഇസ്ലാം കാര്യം അഞ്ചാണ്, അവകൾ അറിയൽ ഫർളാണ്..” ( PDF 1 കമൻ്റ് ബോക്സിൽ) എന്നു തുടങ്ങുന്ന ഒരു പാട്ടുമുണ്ട്.
ശഹാദത്ത് കലിമ അഥവാ ഇസ്ലാമിക അടിസ്ഥാന വിശ്വാസം ഏറ്റുപറയല്‍, രണ്ടാമത് ദിവസേന അഞ്ചുപ്രാവശ്യം നിര്‍ബന്ധമായുള്ള നമസ്കാരം, മൂന്നാമത് സക്കാത്ത് അഥവാ ദാനധര്‍മം, നാലാമത് റമദാന്‍ മാസത്തിലെ നോയമ്പ്, അജണത് ഹജ്ജ് കര്‍മ്മം. ഇപ്രകാരമുള്ള ഈ അഞ്ച് തൂണുകളിലാണ് ഇസ്ലാമതം നിലകൊളളുന്നത്. ഇതില്‍ പരമപ്രധാനമായി ഇസ്ലാമത വിശ്വാസികള്‍ കാണക്കാക്കുന്ന ഒന്നാണ് ദിവസവും അഞ്ചുനേരമുള്ള നമസ്കാരം (നിസ്കാരം).
അഞ്ചു നമസ്കാരങ്ങളുടെ സമയത്തെ സംബന്ധിച്ച് ഇസ്ലാമിക പ്രബോധനങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.
- സുബ്ഹ് – സൂര്യോദയത്തിനു മുമ്പുള്ള നമസ്കാരം (ഓഗസ്റ്റ് 15ന് കോഴിക്കോട്ടെ പ്രാദേശിക നിസ്കാരസമയം രാവിലെ 6:16-നാണ്)
- ളുഹര്‍ (12:32pm) -ഉച്ചനേരത്ത് സൂര്യന്‍ തലയ്ക്കു നേരെ മുകളില്‍ നിന്നു മാറുന്നതോടുകൂടി ളുഹറിന്‍റെ സമയം ആരംഭിക്കുന്നു.
- അസ്വര്‍ (3:42pm) -ഒരുവന്‍റെ നിഴല്‍ ഒരാള്‍ നീളത്തില്‍നിന്ന് അധികരിക്കുന്നതു മുതല്‍ അസറിന്‍റെ സമയം ആരംഭിക്കുന്നു.
- മഗരിബ് (6:47pm) – സൂര്യാസ്തമയത്തിനു ശേഷം
- ഇശാ (8:00pm) -ആകാശത്തുനിന്ന് സൂര്യശോഭ മായുന്നതു മുതല്‍ പ്രഭാതം വരെയുള്ള സമയത്തിനുള്ളില്‍ നടത്തുന്ന നിസ്കാരം.
കോളജുകളില്‍, സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ ഉച്ചനേരത്തുള്ള ളുഹര്‍ നിസ്കാരമാണ് സാധാരണ സ്കൂള്‍ ദിനങ്ങളില്‍ മുടങ്ങാറുള്ളത്. ബാക്കിയെല്ലാം കൃത്യസമയങ്ങളിൽ സ്വന്തം വീട്ടിൽ അനുഷ്ഠിക്കാൻ കഴിയും. പഠനം, യാത്ര എന്നിവയോടു ബന്ധപ്പെട്ടു നമസ്കാരങ്ങള്‍ മുടങ്ങിയാല്‍ എന്തുചെയ്യണമെന്ന് ഇസ്ലാമില്‍ വ്യക്തമായ നിഷ്കര്‍ഷയുമുണ്ട്.
“ഇസ്ലാമിക് പബ്ളിഷിംഗ് ഹൗസ്” (IPH Calicut) പ്രസിദ്ധീകരിച്ചിരിക്കുന്ന മുഹമ്മദ് അബ്ദുള്‍ ജമാലിന്‍റെ “നമസ്കാരം” എന്ന ഗ്രന്ഥം 49-ാം പേജില്‍ നമസ്കാര വ്യവസ്ഥകള്‍ വിശദീകരിക്കുന്നു. ഇതില്‍ ഒരു നമസ്കാരത്തിന് വിവിധ കാരണങ്ങളാല്‍ അവസരം ലഭിച്ചില്ലെങ്കില്‍ അടുത്ത നമസ്കാരത്തിനു മുമ്പ് അതുകൂടി കൂട്ടി നമസ്കരിച്ചാല്‍ മതിയെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.
“….ദിവസേന അഞ്ചു സമയത്തെ നമസ്കാരങ്ങള്‍ അതത് സമയത്തു കൃത്യമായി അനുഷ്ഠിക്കല്‍ നിര്‍ബന്ധമാണെന്ന് നിങ്ങള്‍ ഗ്രഹിച്ചുവല്ലോ. എന്നാല്‍ നമുക്കു ചിലപ്പോള്‍ യാത്രചെയ്യേണ്ടതായി വരുമല്ലോ. അപ്പോള്‍ നമുക്ക് ഓരോ നമസ്കാരവും കൃത്യസമയത്ത് നമസ്കരിക്കാന്‍ വിഷമമായിരിക്കും.
യാത്രയില്‍ നമുക്കു പലപ്പോഴും വളരെ ക്ഷീണവും അസൗകര്യവും നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യും. അതിനാല്‍ ചുരുക്കി നമസ്കരിക്കാനും കൂട്ടി നമസ്കരിക്കുവാനും നമുക്ക് ദീനില്‍ അനുവാദം നല്‍കിയിരിക്കുന്നു. ഇത് നമുക്ക് അല്ലാഹുവിന്‍റെ കാരുണ്യമാണ്”
ചുരുക്കി നമസ്കാരം എന്ന രീതിയെ വിശദീകരിച്ചശേഷം കൂട്ടിനമസ്കരിക്കുന്നത് വിവരിക്കുന്നത് ഇപ്രകാരമാണ്. “ളുഹറിനെ അസ്വറിലെക്ക് പിന്തിക്കുകയോ അസ്വറിനെ ളുഹറിലേക്ക് മുന്തിക്കുകയോ ചെയ്യാം (പിന്തിക്കുക, മുന്തിക്കുക എന്നീ വാക്കുകള്‍ മലയാളത്തില്‍ ഉള്ളതായി അറിവില്ല, എന്നാല്‍ നിര്‍വ്വഹിക്കാന്‍ കഴിയാതെ പോയ നിസ്കാരത്തെ അതിനു ശേഷമുളള നമസ്കാരത്തിന്‍റെ മുമ്പിലോ പിമ്പിലോ നിര്‍വ്വഹിക്കുന്നതാണ് ഇതെന്ന് ഊഹിക്കുന്നു)
ളുഹറും അസ്വറും തമ്മില്‍ മുന്തിച്ചോ പിന്തിച്ചോ കൂട്ടിനമസ്കരിക്കുകയാണെങ്കില്‍ ആദ്യം ളുഹറും പിന്നെ അസ്വറും നമസ്കരിക്കണം. മഗരീബും ഇശയും മുന്തിച്ചോ പിന്തിച്ചോ കൂട്ടി നമസ്കരിക്കുകയാണെങ്കില്‍ ആദ്യം മഗരീബും പിന്നെ ഇശായും നമസ്കരിക്കണം”. (പേജ് 49)
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇസ്ലാമിക സംഘടനയാണ് ”സ്നാപ്സ് “. ഇവരുടെ ആഭിമുഖ്യത്തിലുള്ള “ഇസ്ലാംകവാടം” https://www.islamkavadam.com/…/nibandhana-samyam-ilavukal എന്ന വെബ്സൈറ്റില്‍ നമസ്കാര സംബന്ധിയായുള്ള “ഇളവുകള്‍” വിശദീകരിച്ചിട്ടുണ്ട്.
“രണ്ട് നമസ്കാരങ്ങള്‍ ഒന്നിച്ച് ഒരു സമയത്ത് നിര്‍വ്വഹിക്കാം. അതിന് ജംഅ അഥവാ കൂട്ടിനമസ്കരിക്കല്‍ എന്നു പറയുന്നു….. ളുഹര്‍, അസ്വര്‍ എന്നീ നമസ്കാരങ്ങള്‍ ഏതെങ്കിലും ഒന്നിന്‍റെ സമയത്ത് സൗകര്യംപോലെ നിര്‍വ്വഹിക്കാം.
മഗരീബ്, ഇശാ എന്നിവയും അവയിലൊന്നിന്‍റെ സമയത്തു നിര്‍വ്വഹിക്കാം….” ഇപ്രകാരം നമസ്കാരത്തിന് പ്രത്യേക ഇളവുകളും മതം കല്‍പ്പിച്ചുനല്‍കിയിട്ടുണ്ട് എന്ന് ഇസ്ലാമിക പ്രാമാണിക ഗ്രന്ഥങ്ങളെയും പണ്ഡിതന്മാരേയും അടിസ്ഥാനമാക്കി ഈ വെബ്സൈറ്റിൽ കാണാം. (ലിങ്ക് കമന്‍റ് ബോക്സില്‍).
ഇസ്ലാമിക വിശ്വാസത്തിലെ നമസ്കാരത്തിന് ഇപ്രകാരം ഇളവുകള്‍ നല്‍കിയിട്ടുള്ളത് യാത്രക്കാരെ ഉദ്ദേശിച്ചാണ് എന്ന് പറയുന്നുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇത് ബാധകമാണ് എന്ന നിലയിലാണ് ഇന്ത്യയിലും വിദേശത്തുമുള്ള ഇസ്ലാമത പണ്ഡിതന്മാരും സംഘടനകളും വിശദീകരിക്കുന്നത്. ഈ വസ്തുത മറച്ചുവച്ചുകൊണ്ടാണ് പലരും സ്കൂള്‍ സമയത്തു തന്നെ നമസ്കാരത്തിന് അവസരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവസ്ഥാപനങ്ങളില്‍ കലാപം സൃഷ്ടിക്കുന്നത്.
“അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നതാണ് അല്ലാഹുവിന് ഇഷ്ടം” എന്ന് ഇസ്ലാം കവാടം വ്യക്തമാക്കുന്നു. “ഹജ്ജ്, ജിഹാദ് തുടങ്ങിയ ദീനി ആവശ്യങ്ങള്‍ക്കോ കച്ചവടം, പഠനപര്യടനം, ഉല്ലാസം തുടങ്ങിയ ജീവിത ആവശ്യങ്ങള്‍ക്കോ ഏതിന്നായാലും വിരോധമില്ല”.
നമസ്കാരസംബന്ധിയായ ഇളവുകള്‍ സ്വീകരിക്കുന്നത് മതപരമായി സ്വീകാര്യമാണെന്ന് ഇസ്ലാം കവാടത്തിന്‍റെ വെബ്പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ഉപോദ്ബലകമായി ഖുറാന്‍, ഹദീസുകള്‍ തുടങ്ങിയ മതഗ്രന്ഥങ്ങളെയും ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
മതപരമായി വളരെ കണിശതകളുള്ള മതമാണ് ഇസ്ലാം. ഈ കണിശത മതവിശ്വാസത്തിന്‍റെ പല മേഖലകളിലും നിലനില്‍ക്കുമ്പോഴും പ്രായോഗിക ബുദ്ധിമുട്ടുകളുള്ള സന്ദര്‍ഭങ്ങളില്‍ ഒഴികഴിവുകള്‍ നല്‍കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഖുറാന്‍ സുറ അന്‍ നിസ 4:101 -ൽ കൂട്ടിയോ കുറച്ചോ നിസ്കരിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.
ഇസ്ലാമിലെ പ്രവാചകന്‍ മുഹമ്മദും അദ്ദേഹത്തിന്‍റെ അനുയായികളും പലസന്ദര്‍ഭങ്ങളില്‍ കൂട്ടി നമസ്കരിക്കുകയോ ചുരുക്കി നമസ്കരിക്കുകയോ ചെയ്തിട്ടുണ്ടെന്നു ബുഖാരി, മുസ്ലിം എന്നീ നബിജീവിതചര്യ രേഖപ്പെടുത്തിയിരിക്കുന്നവർ വ്യക്തമാക്കിയിട്ടുണ്ട്. നമസ്കാരസമയങ്ങളില്‍ മുഹമ്മദ് നല്‍കിയിട്ടുള്ള ഇളവുകളെ സംബന്ധിച്ച് അറിവുള്ളവരാണ് ഓരോ മുഹമ്മദീയനും.
ഇത്തരം മതബോധനങ്ങളെ മറച്ചുവച്ചുകൊണ്ടാണ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ചിലര്‍ മനഃപൂര്‍വ്വം പ്രതിസന്ധി സൃഷ്ടിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് മധ്യാഹ്നത്തിലെ നമസ്കാരത്തിന് സ്കൂളുകളില്‍ അവസരം ലഭിച്ചില്ലെങ്കിലും വൈകുന്നേരം വീട്ടില്‍ ചെന്ന് കൂട്ടി നമസ്കരിച്ചാല്‍ അത് മതപരമായി സാധുവായ കാര്യമാണ്.
എന്നാല്‍ ഈ വസ്തുതകളെല്ലാം പലരും മറച്ചുവയ്ക്കുകയാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മതത്തിലുള്ള ആഴമേറിയ വിശ്വാസമാണോ അതോ മറ്റെന്തെങ്കിലും ഗൂഢലക്ഷ്യമാണോയെന്നതാണ് പരിശോധിക്കേണ്ടത്.