സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്തിലും പ്രണയത്തെ ആസൂത്രിതമായ രീതിയിൽ കെണിയായി മാറ്റുവാൻ ചിലർ സംഘടിതമായി ശ്രമിക്കുന്നുണ്ട് എന്ന മുന്നറിയിപ്പുകൾ പലരും നൽകിത്തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടിലേറെയായി. ഇതിനകം പല രീതിയിൽ ആ വിഷയം സമൂഹത്തിൽ ചർച്ചയും വിവാദങ്ങളുമായി മാറിയിട്ടുണ്ട്. ഏറ്റവും ഒടുവിലേതാണ് “കേരള സ്റ്റോറി” എന്ന ചലച്ചിത്രവുമായി ബന്ധപ്പെട്ടുണ്ടായത്.
തീവ്രവാദ ബന്ധമുള്ള ചില സംഘടനകൾ അന്യമതസ്ഥരായ പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി മതം പഠിപ്പിക്കുകയും മതം മാറ്റുകയും തുടർന്ന് പലതരത്തിലുള്ള സാമൂഹ്യ ദ്രോഹ പ്രവർത്തനങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു എന്ന ആരോപണത്തെ അതിശക്തമായി എതിർക്കുന്ന ഒരു വിഭാഗം ആരംഭം മുതലുണ്ട്.
ചില തീവ്രവാദ സംഘടനകൾ സമീപകാലത്തായി കേരളത്തിൽ ശക്തി പ്രാപിക്കുകയും അതിന് ആനുപാതികമായി ഇത്തരം കെണികൾ സമൂഹത്തിൽ ശക്തിപ്പെടുകയും ചെയ്യുന്നു എന്ന നിരീക്ഷണത്തിനും എതിർപ്പുകൾ ശക്തമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ സാമൂഹിക ഐക്യത്തിന് വിഘാതം സൃഷ്ടിക്കുന്ന വിധത്തിൽ വളർന്നുകൊണ്ടിക്കുന്നു.
തീവ്രവാദ പ്രവർത്തനങ്ങൾ അടിസ്ഥാനമില്ലാത്ത ആരോപണമോ?
സംഘപരിവാർ സംഘടനകളുടെ ദുരാരോപണം മാത്രമാണ് പ്രണയക്കെണികളെന്ന് സ്ഥാപിച്ച് എഴുതിത്തള്ളാനുള്ള വ്യഗ്രതയാണ് പൊതുവെ കാണപ്പെടുന്നത്. കേരളസമൂഹത്തിലെ തീവ്രവാദ സ്വാധീനങ്ങളെയും അപ്രകാരമാണ് ഒരു കൂട്ടർ സമീപിച്ചുകൊണ്ടിരിക്കുന്നത്.
സംഘപരിവാറിന്റെ ആരോപണങ്ങൾ എന്നതിനപ്പുറം ഇപ്പറയുന്ന യാതൊരു പ്രശ്നങ്ങളും ഇവിടെയില്ല എന്ന് ഒട്ടുമിക്ക മാധ്യമങ്ങളും, ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും പോഷക സംഘടനകളും, സാംസ്‌കാരിക നേതാക്കളും എഴുത്തുകാരും തുടങ്ങി ബഹുഭൂരിപക്ഷവും ഒരേ സ്വരത്തിൽ വാദിക്കുന്നു.
ഇത്തരക്കാരുടെ നിരീക്ഷണങ്ങൾ പ്രകാരം, കേരളത്തിലെ സാമൂഹിക ഐക്യത്തിന് തടസമായിരിക്കുന്നത് സംഘപരിവാർ പ്രവർത്തകരും അവരുടെ “പൊള്ളയായ” വാദങ്ങളെ ഏറ്റെടുത്തിരിക്കുന്ന “ചിന്താശേഷിയില്ലാത്ത” കുറേപ്പേരുമാണ്.
കേരളത്തിൽ തീവ്രവാദ സ്വാധീനങ്ങൾ പലവിധത്തിലുണ്ട് എന്നും, കാലം കഴിയുംതോറും അത്തരം സ്വാധീനങ്ങൾ വളർന്നുകൊണ്ടിരിക്കുന്നുണ്ട് എന്നും നിരവധി വെളിപ്പെടുത്തലുകളും അന്വേഷണ റിപ്പോർട്ടുകളും വഴി വ്യക്തമാണെങ്കിലും, അത്തരമൊരു വിഷയത്തെക്കുറിച്ച് പരാമർശിച്ചാൽ അത് ബുദ്ധിശൂന്യതയും, വിവേകരാഹിത്യവും ആണെന്നു സ്ഥാപിക്കുന്ന വിചിത്രമായ ഒരു സാഹചര്യം ഇന്നത്തെ കേരളത്തിലുണ്ട്.
തീവ്രവാദ ബന്ധങ്ങളുടെ പേരിൽ കേരളം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഒരു പ്രമുഖ സംഘടന നിരോധിക്കപ്പെടുകയും അതിന്റെ പ്രധാന പ്രവർത്തകരിൽ പലരും ഇപ്പോഴും ജയിലിൽ കഴിയുകയും ചെയ്യുന്ന പശ്ചാത്തലം കൂടി പരിഗണിക്കേണ്ടതുണ്ട്. ആ നിരോധനം ഒറ്റപ്പെട്ടതോ, അപ്രതീക്ഷിതമോ ആയിരുന്നില്ല എന്നുള്ളതും, നിസാരമായ ആരോപണങ്ങളല്ല അവർക്കുമേലുള്ളത് എന്നതും വാസ്തവങ്ങളാണ്.
കഴിഞ്ഞ പതിനഞ്ച് വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ തീവ്രവാദ ബന്ധമുള്ള നൂറുകണക്കിന് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംഘടനകളുടെ നിരോധനങ്ങളും, പുസ്തകങ്ങളുടെ നിരോധനങ്ങളും, നൂറുകണക്കിന് അറസ്റ്റുകളും തുടങ്ങി സാമാന്യബോധമുള്ള ആരെയും ഭീതിപ്പെടുത്തുന്ന വാർത്തകൾ ഒട്ടേറെയുണ്ട്.
കേരളത്തിലെ മാധ്യമങ്ങളിൽ ബഹുഭൂരിപക്ഷവും വേണ്ടത്ര ഗൗരവത്തോടെ ഇത്തരം കേസുകളെ സമീപിക്കുന്നതായി കാണാറില്ലെങ്കിലും, അന്തർദേശീയ മാധ്യമങ്ങളും ചില ഗവേഷണ സംഘങ്ങളും വർഷങ്ങളായി ഈ വിഷയം സസൂക്ഷമം നിരീക്ഷിക്കുന്നുണ്ട്. മലയാള മാധ്യമങ്ങളുടെ ആർക്കൈവുകളിൽ കണ്ടെത്താൻ കഴിയാത്ത ഗൗരവമുള്ള പല റിപ്പോർട്ടുകളും അത്തരത്തിൽ ലഭ്യമാണ്.
മത ഭീകരവാദം എന്ന വിഷയം കേരളത്തിൽ ചർച്ച ചെയ്യപ്പെടാതിരിക്കാൻ ചില മേഖലകളിൽനിന്ന് വലിയ സമ്മർദ്ദം സർക്കാരിനും മാധ്യമങ്ങൾക്കും മേൽ സൃഷ്ടിക്കപ്പെടുന്നുണ്ട് എന്നുവേണം കരുതാൻ. ഒപ്പം, അത്തരം വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാൻ വഴിയൊരുക്കിയേക്കാവുന്ന എല്ലാത്തിനെയും ചിലർ അതിശക്തമായി എതിർക്കുകയും അതിനെതിരെ സർവ്വ ശക്തിയും ഉപയോഗിച്ച് പോരാടുകയും ചെയ്യുന്നു.
സാമൂഹിക ഐക്യത്തിന് ചില തുറന്നുപറച്ചിലുകൾ ആവശ്യം
കേരളത്തിലെ സാമൂഹിക ഐക്യത്തിന് തടസമായി മാറുന്നത് വാസ്തവത്തിൽ എന്താണ് എന്ന് വ്യത്യസ്തമായ വാദമുഖങ്ങൾ ഉയർത്തുന്നവർ നിഷ്പക്ഷമായി ചിന്തിച്ച് ഒരു ഉത്തരം കണ്ടെത്തേണ്ടത് അനിവാര്യതയാണ്. തീവ്രവാദം എന്നാണ് ഉത്തരം ലഭിക്കുന്നതെങ്കിൽ എതിർക്കപ്പെടേണ്ടതും തുടച്ചുനീക്കപ്പെടേണ്ടതും എല്ലാത്തരം തീവ്രവാദങ്ങളുമാണ്.
വിവിധ മതങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും തണലിൽ വളരുന്ന എല്ലാത്തരം തീവ്രവാദങ്ങളും ഒരുപോലെ എതിർക്കപ്പെടണം. സാമൂഹിക ഐക്യം സൃഷ്ടിക്കപ്പെടേണ്ടത് അപ്രകാരമാണ്. അതിനുപകരം ഏതെങ്കിലും ഒരു പക്ഷത്തിന്റെ കൂട്ടുപിടിച്ച് മറ്റേതിനെതിരെ പോരാടാമെന്ന് കരുതുന്നത് ഭോഷത്തമാണ്.
എല്ലാത്തരം തീവ്രവാദങ്ങളെയും എതിർക്കുകയും, സാമൂഹിക ഐക്യത്തിന്റെ ചാലകശക്തിയായി മാറുകയുമാണ് എന്നും കത്തോലിക്കാ സഭയുടെ പ്രവർത്തന രീതി.
മതത്തേയും തീവ്രവാദത്തെയും രണ്ടായി കാണാൻ സഭയ്ക്കിന്ന് കഴിയും. ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളെ ഹൈജാക്ക് ചെയ്യാനുള്ള ചില തീവ്രവാദ സംഘടനകളുടെ ശ്രമങ്ങളെ, അത് ഏത് മതത്തിലായാലും, എതിർക്കുകയും തുറന്നുകാട്ടുകയും ചെയ്യണം എന്നതാണ് സഭയുടെ സുവ്യക്തമായ നിലപാട്. അതിനാൽത്തന്നെ, തുറന്നുപറയേണ്ടവ പറയേണ്ട സമയത്ത് പറയാനുള്ള ആർജ്ജവം സഭയുടെ സംവിധാനങ്ങൾ പ്രകടിപ്പിക്കുകതന്നെ ചെയ്യും.
തീവ്രവാദ ബന്ധമുള്ള പ്രണയക്കെണികൾ ഉണ്ടെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് തുറന്നുപറഞ്ഞിരുന്നു. പിന്നീടും പലപ്പോഴായി “ദീപിക” ദിനപത്രത്തിലൂടെയുൾപ്പെടെ അത്തരം തുറന്നുപറച്ചിലുകൾ നടത്തുകയുണ്ടായി. അതൊന്നും മറ്റാരുടെയെങ്കിലും വാദങ്ങളെ ഏറ്റെടുത്ത് അവതരിപ്പിക്കുകയോ, തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയോ ആയിരുന്നില്ല. നേരിട്ടുള്ള അനുഭവങ്ങളും അന്വേഷണങ്ങളുമാണ് എല്ലാ വെളിപ്പെടുത്തലുകൾക്കും അടിസ്ഥാനം.
പ്രണയക്കെണികൾ സത്യമാണ്
കേരളത്തിലെ ചില രൂപതകളും, വിവിധ സ്ഥാപനങ്ങളും സാമൂഹിക പ്രവർത്തകരുമായി കൈകോർത്ത് ഇത്തരം കെണികളെ പ്രതിരോധിക്കുന്നതിനുള്ള ഊർജ്ജിതമായ ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. കെസിബിസി ജാഗ്രത കമ്മീഷൻ “കരുതൽ” എന്ന പേരിൽ ഒരു ഹെൽപ്‌ലൈൻ പ്രണയ – ലഹരി കെണികളിൽ അകപ്പെട്ടവർക്ക് സഹായം നൽകാൻ നടത്തിവരുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ നിരവധി കുടുംബങ്ങൾക്ക് സഹായം നല്കാൻ ഇത്തരം വിവിധ സംവിധാനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. പ്രണയ കെണികളിൽ അകപ്പെട്ട പെൺകുട്ടികളുമായോ അവരുടെ കുടുംബാംഗങ്ങളുമായോ നേരിട്ട് ഇടപെട്ട് പരിചയമുള്ള ആർക്കും അതിന്റെ പിന്നിലെ യാഥാർഥ്യം തിരിച്ചറിയാനോ കെണിയുടെ യഥാർത്ഥ രൂപം മനസിലാക്കാനോ ബുദ്ധിമുട്ടില്ല.
സ്വാഭാവിക പ്രണയങ്ങൾ ഇല്ലെന്നോ, എല്ലാ പ്രണയങ്ങളും കെണികളാണെന്നോ വാദിക്കുന്നതിൽ യുക്തിയില്ല. പ്രായപൂർത്തിയായ വ്യക്തികൾ തമ്മിലുള്ള ആത്മാർത്ഥ പ്രണയങ്ങൾ എതിർക്കപ്പെടേണ്ടതുമില്ല. ഓരോ വ്യക്തിയുടെയും വിവേചന ശക്തിക്കും, വിവേകത്തിനും അധിഷ്ഠിതമാണ് അത്തരം തീരുമാനങ്ങൾ. എന്നാൽ, ആസൂത്രിതമായ കെണികൾ പ്രണയത്തിന്റെ മറവിൽ ഇവിടെ ഒരുക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോഴും അത്തരം ചതിക്കെണികളുമായി ഇരയെ കാത്തിരിക്കുന്നവർ ഉണ്ട് എന്നത് വസ്തുതയാണ്. പെൺകുട്ടിയെ അവളുടെ ബന്ധു മിത്രാദികളിൽ നിന്നു അകറ്റുക, ബ്ലാക്ക് മെയിലിങ് ചെയ്യുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുക, വിശ്വാസപരമായ കാര്യങ്ങളിൽ നിരന്തരം നിർബന്ധിത ബുദ്ധി ചെലുത്തുക തുടങ്ങി ഇരകളാക്കപ്പെടുന്നവർ രക്ഷപ്പെടാനാവാത്ത വിധം കെണികൾ മുറുകുന്നിടത്ത് പ്രണയം ചതിയായി മാറുന്നു.
ഇക്കാര്യങ്ങൾ വെളിപ്പെടുത്തുമ്പോൾ സ്ത്രീവിരുദ്ധത പറയുന്നു എന്ന ആരോപണവും ചില കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട് എങ്കിലും ഇത്തരം സംഭവങ്ങളുടെ ഗൗരവം അറിയാവുന്ന മനുഷ്യസ്നേഹികൾക്ക് നിശബ്ദത പുലർത്താനാകുകയില്ല.
പ്രകൃതത്തിലും സ്വഭാവ രീതികളിലും പെരുമാറ്റത്തിലും സംഭവിക്കുന്ന മാറ്റങ്ങളാണ് ഇത്തരം കെണികളിൽ അകപ്പെടുന്ന പെൺകുട്ടികളിൽ കാണപ്പെടുന്ന പൊതുവായ ലക്ഷണം. ഇത്തരമൊരു മാറ്റം പെൺകുട്ടികളിൽ സംഭവിക്കുന്നത് ചില പോലീസ് റിപ്പോർട്ടുകളിലും വ്യക്തമാണ്.
മതപഠനത്തെയും മതം മാറ്റത്തെയും തുടർന്ന് ഭർത്താവിനൊപ്പം ഭീകരപ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ച് ഇപ്പോൾ അഫ്‌ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്ന നിമിഷ എന്ന ഫാത്തിമയെക്കുറിച്ചുള്ള പോലീസ് റിപ്പോർട്ട് ഉദാഹരണമാണ്. ഇത്തരത്തിൽ മക്കളിൽ സംഭവിക്കുന്ന മാറ്റത്തെക്കുറിച്ചുള്ള അന്വേഷണം പ്രണയബന്ധങ്ങൾ ഉണ്ടെന്ന കണ്ടെത്തലിൽ മാതാപിതാക്കളെ എത്തിച്ചിട്ടുള്ള അനേക സംഭവങ്ങളുണ്ട്.
ഇത്തരം സംഭവങ്ങൾ – പ്രണയങ്ങൾ വിവാഹത്തിൽ എത്തിയാലും ഇല്ലെങ്കിലും – പുറത്തു മറ്റാരെങ്കിലും അറിയാതിരിക്കാൻ മാതാപിതാക്കളും കുടുംബാംഗങ്ങളും ഇടപെടുന്നവരും പ്രത്യേകം ശ്രദ്ധിക്കാറുണ്ട് എന്നതിനാലാണ് പൊതുസമൂഹത്തിന് ഇത്തരം കേസുകളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാതെ പോകുന്നത്.
അതീവ രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്യാൻ സ്പെഷ്യൽ മാര്യേജ് ആക്ടിലെ ചില വകുപ്പുകൾ സഹായകമാകുന്നതും ചിലർക്ക് ഗുണകരമായി മാറുന്നുണ്ട്. അക്കാരണത്താൽ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന വിവാഹങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബ്ബന്ധമാക്കണമെന്നത് ഉൾപ്പെടെയുള്ള ചില ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.
കേരള സ്റ്റോറി കെട്ടുകഥയാകുന്നതെങ്ങനെ?
കേരളസ്റ്റോറി എന്ന ചലച്ചിത്രത്തിന്റെ ഉള്ളടക്കം, മതം മാറി ഭർത്താവിനൊപ്പം അഫ്ഘാനിസ്ഥാനിലെത്തി ഭീകരസംഘത്തിനൊപ്പം ചേർന്ന നിമിഷയുടെ കഥയുമായി വളരെ സാമ്യമുള്ളതാണ്. ഒരു ശരാശരി മലയാളിയിൽ നടുക്കമുളവാക്കുന്ന വിധത്തിൽ ഒരേ വഴിയിലൂടെ സഞ്ചരിച്ച നിമിഷയുൾപ്പെടെയുള്ള ചില പെൺകുട്ടികളുടെ ജീവിതം കെട്ടുകഥയല്ല.
ഭീകരവാദ സംഘടനകളുമായി മലയാളികളായ ചിലർക്കുള്ള ബന്ധങ്ങൾ, അതുവഴിയായുള്ള നീക്കങ്ങൾ തുടങ്ങിയവയൊന്നും കെട്ടുകഥകളല്ല. ശ്രീലങ്കൻ സ്‌ഫോടനവുമായി ബന്ധമുള്ള, ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ആശയവിനിമയം നടത്തിയിരുന്ന, കേരളത്തിലും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിട്ട പാലക്കാട് സ്വദേശിക്ക് എൻഐഎ കോടതി പത്തുവർഷം തടവു ശിക്ഷ വിധിച്ചത് കഴിഞ്ഞ ഫെബ്രുവരി മാസമാണ്.
ഇത്തരം സംഭവങ്ങളും വാർത്തകളും മൂടിവയ്ക്കാനും ചർച്ച ചെയ്യപ്പെടാതിരിക്കാനും കേരളത്തിൽ സംഘടിത ശ്രമങ്ങൾ നടന്നുവരുന്നുണ്ട് എന്നുള്ളതാണ് വസ്തുത. അത്തരം മൂടിവയ്ക്കലുകൾക്ക് അറിഞ്ഞോ അറിയാതെയോ കുറേയേറെപ്പേർ നിർബ്ബന്ധിതരാവുകയും ചെയ്യുന്നു.
“ലൗ ജിഹാദ്” എന്നൊരു ജിഹാദ് ഇല്ല എന്ന് വർഷങ്ങൾക്ക് മുമ്പ് കേരള പോലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളതാണ് അക്കൂട്ടരുടെ പ്രധാന വാദങ്ങളിലൊന്ന്. സാങ്കേതികതകൾ അടിവരയിട്ടു പറഞ്ഞുകൊണ്ട് തമസ്കരിക്കാൻ കഴിയുന്ന ഒന്നല്ല തീവ്രവാദ പ്രവർത്തനങ്ങൾ എന്ന് ആദ്യം അവർ മനസിലാക്കണം.
സംഘപരിവാർ നിലപാടുകൾ എതിർക്കപ്പെടേണ്ടതാണ് എന്നതാണ് കേരളത്തിലെ തീവ്രവാദ നീക്കങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നവരുടെ പ്രധാന വാദം. തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രൈസ്തവ – ന്യൂനപക്ഷ പീഡനങ്ങളെ കത്തോലിക്കാ സഭ എല്ലായ്പ്പോഴും ശക്തമായി എതിർക്കുകയും അതിനെതിരെ ശബ്ദമുയർത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.
അതേസമയം, കേരള സ്റ്റോറിക്ക് ബദലായി മണിപ്പൂർ സ്റ്റോറി പ്രദർശിപ്പിച്ചു വിഷയങ്ങളെ വഴിതിരിച്ചു വിടാം എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. വിവിധ സംസ്ഥാനങ്ങളിലെ ക്രൈസ്തവ പീഡനങ്ങൾ പോലെതന്നെ കേരളത്തിലെ തീവ്രവാദ നീക്കങ്ങളുമായി ബന്ധപ്പെട്ടും യാഥാർഥ്യ ബോധ്യത്തിലൂന്നിയ, സാമൂഹിക ഐക്യം ലക്ഷ്യം വച്ചുള്ള സമീപനമാണ് സഭാ നേതൃത്വം എന്നും പുലർത്തിവന്നിട്ടുള്ളത്. അതേ നിലപാട് ഏവരും സ്വീകരിക്കുന്നിടത്താണ് ഈ കാലഘട്ടത്തിലെ പ്രതിസന്ധികൾ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ ഫലപ്രാപ്തിയിലെത്തുന്നത്.
നിഷ്പക്ഷമായും ആത്മാർത്ഥമായും തീവ്രവാദ വിഷയത്തെ സമീപിക്കാൻ നമ്മൾ തയ്യാറാവുകയാണ് എന്നതാണ് പ്രധാന പ്രതിരോധം. എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും അപ്രകാരമൊരു സമീപനം സ്വീകരിക്കണം. തീവ്രവാദ പ്രവർത്തനങ്ങളെ എതിർക്കുകയും അതേക്കുറിച്ച് തുറന്നു സംസാരിക്കുകയും ചെയ്യുക എന്നാൽ ഒരു സമുദായത്തെ മുഴുവൻ കുറ്റക്കാരാക്കി ചിത്രീകരിക്കുകയല്ല എന്ന് ഏവരും തിരിച്ചറിയേണ്ടതുമുണ്ട്.
തീവ്രവാദ സ്വാധീനങ്ങളും അതിന്റെ ഭാഗമായവരെയും തിരിച്ചറിഞ്ഞ് അകറ്റി നിർത്താൻ സമുദായ നേതൃത്വങ്ങൾ തയ്യാറാവുകയും സാമൂഹിക വിഷയങ്ങളിൽ സുതാര്യത പുലർത്തുകയുമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം.