Meditations Reader's Blog

ദൈവസ്വരത്തിനായി കാതോർക്കാം; ദൈവഹിതമനുസരിച്ച് ജീവിക്കാം..

മത്തായി 21 : 28 – 32
വിശ്വസ്തനാവുക.

യഹൂദരുടെ ചില സംശയചോദ്യങ്ങൾക്ക് അവരെക്കൊണ്ടുതന്നെ ഉത്തരം പറയിക്കുന്ന രീതി യേശു പലതവണ അവലംബിച്ചിട്ടുണ്ട്. ഇവിടെയും അതാവർത്തിക്കുന്നു. ഒന്നാമത്തെ മകൻ പോകാം എന്നാണ് ഉത്തരം പറഞ്ഞത്, എന്നാൽ പോയില്ല.

ഒരുപക്ഷേ സ്വന്തം തോട്ടമായതിനാലാകാം അവനിൽ നിസ്സംഗതാ മനോഭാവം ഉണ്ടായത്.സ്വന്തമായതിനെ പരിപോഷിപ്പിച്ചില്ലെങ്കിലും, അതെന്നും കൂടെയുണ്ടാകുമല്ലോ എന്നവൻ കരുതിക്കാണണം.

പലപ്പോഴും നമ്മുടെ ജീവിതത്തിൽ സ്വന്തമാക്കിയതിനോടുള്ള നമ്മുടെ പ്രതികരണം ഇതുതന്നെയാണ്. എന്നാൽ സ്വന്തമാക്കിയതിനെ കരുതലോടെ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവ കൈവിട്ടുപോകും എന്നതാണ് സത്യം. സ്വർഗ്ഗരാജ്യവും അപ്രകാരംതന്നെ.

കുടുംബമഹിമയോ, പാരമ്പര്യമോ, ജാതിയോ, മതമോ, വർഗ്ഗമോ, വർണ്ണമോ, അവകാശങ്ങളോ ഒന്നും മേന്മയായി കൂട്ടായ് വരില്ല, മറിച്ച് സ്വർഗ്ഗരാജ്യം ബലവശമാണെന്നത് മറക്കാതിരിക്കാം. നിന്റെ അദ്ധ്വാനംകൊണ്ടേ നിനക്കത് നേടാൻ കഴിയൂ, അന്യന്റെ വിയർപ്പിനാൽ അന്യായമായി നേടാമെന്നു കരുതിയാൽ, നിനക്ക് സ്വർഗ്ഗവും അന്യമായി മാറും എന്നത് വിസ്മരിക്കാതിരിക്കാം.

ആയതിനാൽ നമ്മുടെ വാക്കുകൾ പ്രവർത്തിപഥത്തിൽ കൊണ്ടുവരാം. പുറംമേനിയിലല്ല, പശ്ചാത്താപത്തിന്റെ പ്രായശ്ചിത്തപ്രവർത്തികളിലേക്ക് മനസ്സ് തിരിക്കാം. വാക്കുകളിൽ ഇടറാതെ, പ്രവർത്തികളിൽ ചുവടുറപ്പിക്കാം.

മരപ്പണിക്കാരനീശോയെപ്പോലെ,പരി.അമ്മയെപ്പോലെ ദൈവേഷ്ടം ജീവിതത്തിൽ നിറവേറ്റാം.
ഇന്ന് ഈ ഉപമ നമ്മുടെ ജീവിതത്തിൽ പ്രസക്തമാണ്. നമ്മുടെ ജീവിതവ്യാപാരങ്ങൾക്കിടയിൽ ദൈവസ്വരത്തിനു നാം ചെവികൊടുക്കാറില്ല, ശ്രവിച്ചാൽത്തന്നെ കാര്യമാക്കാറുമില്ല. അതുകൊണ്ട് ശ്രേഷ്ഠമായത് പലതും നമുക്ക് നഷ്ടമാകുന്നു.

ജീവിതത്തിൽ മറ്റുപല നേട്ടങ്ങളുടേയും പുറകെ പരക്കംപായുമ്പോൾ, കർത്തവ്യങ്ങളും കടമകളും മറന്ന് നമ്മൾ കഷ്ടത്തിലാകുന്നു, അതിലേറെ നഷ്ടത്തിലും. ഓരോ ദിവസവും ദൈവസ്വരത്തിനും ദൈവഹിതത്തിനുമായി കാതോർക്കാം.

വാക്കുകൾ പ്രവർത്തികൾക്ക് വഴിമാറട്ടെ. പശ്ചാത്താപം പ്രായശ്‌ചിത്തപ്രവർത്തികളിൽ ചെന്നെത്തട്ടെ. പരി.മറിയത്തോടും ഈശോയോടുംചേർന്നു നമുക്കും പറയാം “ഇതാ ഞാൻ…നിന്റെ ഹിതം എന്നിൽ നിറവേറട്ടെ…