സത്ചിന്തകളാൽ ഹൃദയം നിറയ്ക്കാം…

മർക്കോസ് 7 : 14 – 23
സത്ചിന്തകളുടെ ഉറവിടം

ബാഹ്യമായ ഒന്നിനും ഒരുവനെ അശുദ്ധനാക്കാൻ കഴിയില്ല. എന്നാൽ, ഒരുവന്റെ ഉള്ളിലെ ചിന്തകൾക്ക്,അവനെ അശുദ്ധനോ ശുദ്ധനോ ആക്കാൻ കഴിയും. കാരണം, അധരങ്ങൾ ഹൃദയത്തിന്റെ സന്ദേശവാഹകരാണ്. ആത്മീയവും ധാർമ്മികവുമായ മാനങ്ങൾ കൂട്ടിച്ചേർത്താണ് ഇവിടെ അവൻ സംസാരിക്കുന്നത്.

ശുദ്ധതയുടെ പഴയനിയമചിന്തകളെ അവൻ റദ്ദാക്കുന്നു. പകരം, അനുഷ്ഠാനങ്ങളല്ല, പ്രായോഗികപ്രവൃത്തികളാണ് അനിവാര്യമായ കാര്യമെന്ന് അവൻ അസന്നിഗ്ദ്ധമായി പഠിപ്പിക്കുന്നു. കാരണം, ബാഹ്യമായ അശുദ്ധതയുടെ ചട്ടക്കൂടുകളെ സ്വജീവിതംകൊണ്ടു മാറ്റിയെഴുതിയവനാണ് അവിടുന്ന്.

അശുദ്ധനായ കുഷ്ഠരോഗിയെ സ്പർശിച്ചതും, പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണം കഴിച്ചതും, തന്നെ സ്പർശിച്ച രക്തസ്രാവക്കാരി സ്ത്രീയെ കുറ്റപ്പെടുത്താതിരുന്നതും, മൃതശരീരത്തെ സ്പർശിച്ചതും, ഇതിനെല്ലാം ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രം.

ഭക്ഷണം ഉദരത്തിലേക്കാണ് പോകുന്നത്, അല്ലാതെ ഹൃദയത്തിലേക്കല്ലാ. ഹൃദയം നമ്മുടെ ആന്തരീകതയുടെ ഉള്ളറയാണ്, ആത്മീയതയുടെ ഇരിപ്പിടവും. അവിടെനിന്നും ഉരുവാക്കേണ്ട ഫലങ്ങളോ, നമ്മുടെ സത്ചിന്തകളാണ്. ബാഹ്യശുദ്ധിയേക്കാൾ, ഹൃദയപരിശുദ്ധി അവൻ നമ്മോട് ആവശ്യപ്പെടുന്നു എന്നുസാരം.

നമ്മിലെ ചിന്തകളാണ് മനോഭാവങ്ങളായും, പ്രവൃത്തികളായും മാറുന്നത്. ആയതിനാൽ, ശുദ്ധമാകേണ്ടത് കരങ്ങളോ,ഭക്ഷണമോ അല്ല, ഹൃദയമാണ്. ശരീരത്തെ അശുദ്ധമാക്കുന്നത് ഭക്ഷണമല്ല, മറിച്ച്, നമ്മിലെ ദുഷ്ചിന്തകളാണ്. ശുദ്ധതയുടെ മാനദണ്ഡം ഭക്ഷണമല്ല, ആന്തരീകവിശുദ്ധിയാണ് എന്നവൻ വ്യക്തമാക്കുന്നു.

ആചാരനുഷ്ഠാനങ്ങളേക്കാൾ ആന്തരീകതക്ക് പ്രാധാന്യം നൽകാം. സത്ചിന്തകളാൽ ഹൃദയം നിറയ്ക്കാം. അങ്ങനെ നമ്മുടെ മനോഭാവങ്ങളിൽ മാറ്റത്തിന്റെ മണി മുഴങ്ങട്ടെ. പ്രവൃത്തികളിൽ ഹൃദയനന്മയുടെ പ്രതിഫലനങ്ങളും.

error: Content is protected !!