സ്റ്റോക്ഹോം: 2025-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും കത്തോലിക്ക വിശ്വാസിയുമായ മരിയ കൊറിന മചാഡോയ്ക്ക്. വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കും സ്വേച്ഛാധിപത്യ ഭരണത്തിനുമെതിരെ നടത്തിയ കൃത്യമായ ഇടപെടലുകള്‍ പരിഗണിച്ചാണ് സമാധാന നൊബേല്‍ പുരസ്കാരത്തിന് മരിയ അര്‍ഹയായിരിക്കുന്നത്.
2018-ൽ ബിബിസി തിരഞ്ഞെടുത്ത ലോകത്തെ 100 ശക്തരായ വനിതകളിൽ ഒരാളായി അറിയപ്പെട്ട വ്യക്തിയാണ് മരിയ. തന്റെ പേര് പോലെ അടിയുറച്ച മരിയ ഭക്തി പുലര്‍ത്തുന്ന മരിയ മച്ചാഡോ, പൊതുവേദികളില്‍ ജപമാലയും കുരിശ് രൂപവും ധരിച്ചെത്തിയ നിരവധി ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരിന്നു.
വിവിധ വേദികളില്‍ തന്റെ കത്തോലിക്ക വിശ്വാസം സാക്ഷ്യപ്പെടുത്തിയിട്ടുള്ള നേതാവാണ് മരിയ. പഠനം നടത്തിയത് കത്തോലിക്ക സ്ഥാപനങ്ങളില്‍ നിന്നായിരിന്നു. ജെസ്യൂട്ട് സന്യാസ സമൂഹത്തിന്റെ കീഴിലുള്ള ആൻഡ്രേസ് ബെല്ലോ കാത്തലിക് യൂണിവേഴ്സിറ്റിയില്‍ നിന്നായിരിന്നു ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയത്. തന്റെ പര്യടനങ്ങളിൽ ആളുകൾ നൽകുന്ന ജപമാലകൾ ശക്തമായ ഊർജ്ജ സ്രോതസ്സാണെന്ന് വെനിസ്വേലയിലെ കത്തോലിക്ക മാസികയായ വിദ ന്യൂവ ഡിജിറ്റലിന് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തിയിരിന്നു.
താന്‍ ദൈവവുമായി കൈകോർത്ത് നടക്കുകയാണെന്നും അവിടുന്നാണ് നമ്മെ സംരക്ഷിക്കുന്നതെന്നും മരിയ ഇതേ അഭിമുഖത്തില്‍ പറഞ്ഞിരിന്നു. പ്രാർത്ഥന വളരെ പ്രധാനമാണെന്നും വെനിസ്വേലയുടെ നന്മയ്ക്കായി ദൈവമാതാവിന്റെ മാധ്യസ്ഥം തേടുകയാണെന്നും ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും അന്നു അവര്‍ പറഞ്ഞു.
രാഷ്ട്രീയ എതിരാളിയായ മഡുറോയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധി പില്‍ക്കാലത്ത് വന്നപ്പോള്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ച മരിയ കൊറിന മച്ചാഡോയുടെ വിശ്വാസ തീക്ഷ്ണത സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിന്നു.
