Meditations Reader's Blog

ദൈവരാജ്യത്തിൽ പ്രവേശിക്കുവാൻ ഇടുങ്ങിയ വാതിലിൽ അഭയം തേടാം

ലൂക്കാ 13 : 22 – 30
രക്ഷയുടെ മാനദണ്ഡം.

രക്ഷനേടാൻ ഇടുങ്ങിയ വാതിലാണ് അഭയം. എന്നാൽ, അത് ഏറെ ആയാസകരമാണ്. അതിന് സമയപരിധിയുണ്ട്. കൂടാതെ, സ്വയം ചുരുങ്ങേണ്ടിയിരിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, മാനസാന്തരത്തിനു സമയപരിധിയുണ്ട്.

അതിനുശേഷം മാനസാന്തരപ്പെട്ടാൽ, ശിക്ഷയല്ലാതെ മറ്റൊന്നില്ല. സമയത്തിന്റെ പരിധിയിൽ വാതിൽ അടഞ്ഞാൽ, പിന്നീട് കാര്യമില്ല. പല ഉപമകളിലൂടെയും (ധനവാനും ലാസറും, പത്ത് കന്യകമാർ, വിവാഹവിരുന്നു) അവൻ അത് വ്യക്തമാക്കിയിട്ടുണ്ട്.

വാതിൽ അടഞ്ഞശേഷം, വിളിച്ചപേക്ഷിക്കുന്നതുകൊണ്ടോ, മുൻപരിചയം പറഞ്ഞിട്ടോ കാര്യമില്ല. അവയൊന്നും ദൈവരാജ്യപ്രവേശനത്തിന് ഉതകുന്നതല്ല. ഉചിതമായ സമയത്തുള്ള മാനസാന്തരമാണ് സ്വീകാര്യം.

ദൈവത്തിന്റെ വിളി യഥാവിധി സ്വീകരിക്കുന്നവർ രക്ഷ പ്രാപിക്കും. അവിടെ നീതിപ്രവർത്തിക്കുന്നവർ രക്ഷനേടും. എന്നാൽ, മുമ്പന്മാർ പിമ്പന്മാരും, പിമ്പന്മാർ മുമ്പന്മാരും ആകും. ദൈവരാജ്യസമയം ഒരേസമയം ശിക്ഷയുടേയും രക്ഷയുടേയുമാണ്‌.

എന്നാൽ, അതിൽ ഏത് വേണം എന്നത്, നമ്മുടെ നിലപാട് പോലെ ആയിരിക്കും. ജാതിമതഭേദമെന്യേ യഥാസമയം അനുതാപിച്ചോ?, യേശുവിനെ സ്വീകരിച്ചോ?എന്നതാണ് മാനദണ്ഡം.

സമയോചിതമായ മാനസാന്തരമാണ് വേണ്ടത്. അല്ലായെങ്കിൽ, എല്ലാം കടന്നുപോയി കഴിഞ്ഞു, വമ്പ് പറയുന്നതുകൊണ്ടോ, മുൻപരിചയം കാണിച്ചതുകൊണ്ടോ, യാതൊരു പ്രയോജനവും ഉണ്ടാവുകയില്ല.