തിരുവനന്തപുരത്ത് നടന്ന കേരള സര്‍വകലാശാല കലോത്സവുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണ വിധേയനായ വിധി കര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
കണ്ണൂര്‍ സ്വദേശിയായ ഷാജി (52) യെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവജനോത്സവത്തിൽ മാർഗം കളി മത്സരത്തിന്റെ വിധികർത്താവായിരുന്നു ഷാജി.
കണ്ണൂരിലെ വീട്ടിലാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ ഷാജിയെ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു. നിരപരാധിയാണെന്നും കോഴ വാങ്ങി വിധി നിര്‍ണയം നടത്തിയില്ലെന്നുമാണ് കുറിപ്പിലുള്ളത്. നാളെ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഹാജരാകാൻ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.
ഷാജി അടക്കം 3 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ജോമെറ്റ് (33), മലപ്പുറം താനൂർ സ്വദേശി സി.സൂരജ് (33) എന്നിവരാണ് മറ്റു രണ്ടുപേർ. മാര്‍ഗം കളി മത്സരത്തിന്‍റെ ഫലം പരാതിയെതുടര്‍ന്ന് തടഞ്ഞുവെച്ചിരിക്കുകയാണ്. ഷാജിയുടെ ഫോണിലേക്ക് ഇടനിലക്കാര്‍ മത്സരാര്‍ത്ഥികളെ തിരിച്ചറിയാൻ അയച്ചുകൊടുത്ത ചിത്രങ്ങല്‍ സംഘാടകര്‍ പൊലീസിന് കൈമാറിയിരുന്നു.