Meditations

ഈ നോമ്പുകാലത്ത് സ്വയം വിലയിരുത്താം…

യോഹന്നാൻ 8 : 1 – 11
കൂപ്പിയ കരങ്ങളോടെ..

പാപിനിയായ അവളുടെ മനോഗതം മനസ്സിലാക്കാൻ, ഭൂമിയോളം തല കുനിച്ച മരപ്പണിക്കാരനീശോ, ചുറ്റും കൂടിയ ഓരോ ആളുകളും, അവളിൽ സൃഷ്ടിക്കുന്ന മാനസിക സംഘർഷം അറിയുന്നുണ്ടായിരുന്നു. ഇരുട്ടിൻ്റെ മറവിൽ നാമോരോരുത്തരും മറ്റുള്ളവരെ വിധിക്കാൻ തിടുക്കം കൂട്ടുമ്പോൾ, ഒരുകാര്യം നാം മറന്നു പോകുന്നു.

എക്കാലവും ഇരുട്ടായിരിക്കില്ല, രാവു പുലരും, വെളിച്ചം വീഴും. അന്യരുടെ ചെറിയ തെറ്റുകളെ എണ്ണിപ്പറഞ്ഞ് അവരെ തള്ളിക്കളയുമ്പോൾ, തള്ളിപ്പറയുമ്പോൾ, നമ്മിലെ അന്ധകാരത്തെ നാം വീണ്ടും മൂടിവയ്ക്കുന്നു. ജീവിതത്തിൽ ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്. നോക്കാം നമുക്കും, നമ്മിലേയ്ക്കു തന്നെ.

ജീവൻ നല്കിയും നമ്മേ സ്നേഹിച്ചവൻ്റെ സ്നേഹ സുവിശേഷം, നാമിനിയും വായിച്ചറിയേണ്ടതുണ്ട്. കുറ്റപ്പെടുത്താനല്ല, വെറുക്കാനുമല്ല, ചേർത്തു നിർത്താനും, മാറോടണയ്ക്കാനുമാണവൻ വന്നിരിക്കുന്നത്. ചേർന്നു നിൽക്കാം നമുക്കും മരപ്പണിക്കാരനീശോയോട്…അവൻ നമ്മുടെ മനസ്സ് വായിച്ചറിയുന്നു എന്ന തിരിച്ചറിവോടെ.