യോഹന്നാൻ 3 : 22 – 30
സ്നാപക യോഹന്നാന്റെ അന്തിമസാക്ഷ്യം.
തന്റെ വ്യക്തിത്വത്തെക്കുറിച്ചും, ദൗത്യത്തെക്കുറിച്ചും ഉത്തമ ബോധ്യമുള്ള സ്നാപകൻ, വചനഭാഗത്ത് വിളങ്ങി നിൽക്കുന്നു. അവൻ വഴി ഒരുക്കാൻ വന്നവനാണ്. ഇത്രയും നാൾ തങ്ങളുടെ കൂടെ ഉണ്ടായിരുന്നവർ, യേശുവിന്റെ പക്കലേക്ക് പോകുന്നതിൽ സ്നാപകശിഷ്യർ ആവലാതിപ്പെടുന്നു.
എന്നാൽ നേരെ മറിച്ച്, ഈ വാർത്ത സ്നാപകനിൽ സംതൃപ്തി ഉളവാക്കുന്നു. തന്റെ ദൗത്യപൂർത്തീകരണ സമയമായെന്നറിഞ്ഞു “അവൻ വളരുകയും ഞാൻ കുറയുകയും വേണമെന്ന്”സ്നാപകൻ ഉറക്കെ പ്രഖ്യാപിക്കുന്നു.
ഈശോയേയും വിശ്വാസികളുടെ സമൂഹത്തേയും, മണവാളനോടും മണവാട്ടിയോടുമാണ് അവൻ ഉപമിച്ചത്. അത് കാലക്രമേണ യാഥാർഥ്യമായി താനും. ക്രിസ്തു മണവാളനും, വിശ്വാസികളുടെ സമൂഹമായ സഭ അവന്റെ മണവാട്ടിയുമായി മാറി.
നമ്മുടെ ജീവിതവഴിത്താരയിൽ, നമ്മുടെ സ്ഥാനങ്ങൾക്ക്, മഹത്വത്തിന്, പ്രശസ്തിക്ക് ആരെങ്കിലും തടസ്സമായി വന്നാൽ, നമ്മേക്കാൾ കേമനായി ആരെങ്കിലും രംഗപ്രവേശം ചെയ്താൽ, നമ്മുടെ മനോഭാവം എന്തായിരിക്കും? എളിമയോടെ അവർക്ക് മുമ്പാകെ സ്ഥാനമൊഴിഞ്ഞു, അവരുടെ വളർച്ചയ്ക്കായി അവരെക്കുറിച്ചു നല്ലത് പറയുവാൻ നമുക്കാവുമോ?
എന്നെ ഭരമേൽപ്പിച്ച ജോലി ഞാൻ പൂർത്തിയാക്കിയെന്നു അഭിമാനത്തോടെ പറയാനാകുമോ? ഉത്തരങ്ങൾ സ്വയം വിലയിരുത്തി കണ്ടെത്താം. മാറ്റങ്ങൾ അനിവാര്യമെങ്കിൽ സ്വയം തിരുത്താം. അവനോളം വളർന്നില്ലെങ്കിലും, സ്വയം ചെറുതാകലിലെ വളർച്ചയെങ്കിലും ആർജ്ജിച്ചെടുക്കാം.