ലൂക്കാ 10 : 38 – 42
ഏറ്റവും ശ്രേഷ്ഠം
ശിഷ്യത്വത്തിലെ ബാലപാഠം അവൻ ഈ വചനഭാഗത്തിലൂടെ നമുക്ക് നൽകുന്നു. സ്ത്രീ-പുരുഷ ഭേദമെന്യേ ആർക്കും ദൈവരാജ്യ ശുശ്രൂഷകരാകാം. എന്നാൽ തങ്ങളുടെ ശുശ്രൂഷകളിൽ വ്യഗ്രചിത്തരാകാതെ, തിരുവചനശ്രവണത്തിലൂടെ അവനോട് ബന്ധം പുലർത്തുന്നതാണ് ശ്രേഷ്ഠമായ ശുശ്രൂഷയെന്നു അവൻ പഠിപ്പിക്കുന്നു.
താൻ ഏറെ സ്നേഹിക്കുന്ന ലാസറിന്റെ ഭവനത്തിൽ അവനെത്തി. അതിഥ്യ മര്യാദ കാത്തുസൂക്ഷിച്ചു, മർത്ത സത്ക്കാരത്തിൽ ബദ്ധശ്രദ്ധയായി. എന്നാൽ മറിയമാകട്ടെ, അവന്റെ വചനവും കേട്ട് പാദാന്തികത്തിലിരുന്നു.
യഥാർത്ഥ ശിഷ്യത്വലക്ഷണങ്ങളിൽ ഒന്നാണിത്. സത്ക്കാരം ഏറെ ശ്രേഷ്ഠമാണെങ്കിലും, അതിലേറെ പ്രാധാന്യമർഹിക്കുന്നതാണ് വചനശ്രവണമെന്നു അവൻ തന്റെ വാക്കുകളിലൂടെ വ്യക്തമാക്കുന്നു.
ഗുരുവിനെ ശ്രദ്ധയോടെ ശ്രവിക്കുവാൻ ഒരു ശിഷ്യനാകണം, എങ്കിലേ അവന്റെ ശിഷ്യത്വപാഥയിൽ പ്രശോഭിക്കാൻ കഴിയൂ. തിരുവചനത്തിൽ വേരൂന്നിയ ജീവിതം പണിയാൻ നമുക്കാവട്ടെ. അവന്റെ മനോഗതം മനസ്സിലാക്കി ജീവിക്കാൻ…പ്രവർത്തിക്കാൻ നമുക്കാവട്ടെ.