യോഹന്നാൻ 11 : 17 – 27
പുനരുത്ഥാനവും ജീവനും.
ലാസർ സംസ്ക്കരിക്കപ്പെട്ടതിന്റെ നാലാം ദിവസമാണ് യേശു ബഥാനിയായിൽ എത്തുന്നത്. ഒരാൾ മരിച്ചു മൂന്നാംനാൾ അയാളിൽനിന്നും ആത്മാവ് വേർപെട്ടുപോകും എന്നതാണ് യഹൂദവിശ്വാസം.
ആയതിനാലാവണം, കല്ലറയുടെ കല്ല് എടുത്തുമാറ്റാൻ ഈശോ ആവശ്യപ്പെട്ടപ്പോൾ, ദുർഗന്ധം വമിക്കും എന്ന കാരണം പറഞ്ഞു, അവർ അവനെ അതിൽനിന്നും പിൻതിരിപ്പിക്കാൻ ശ്രമിക്കുന്നത്.
ലാസറിന്റെ സഹോദരിമാർ അവനെ സ്വീകരിക്കുന്നു. തുടർന്ന് തങ്ങളുടെ വേവലാതികൾ അവനുമായി പങ്കുവെയ്ക്കുന്നു. അവൻ അവരെ ആശ്വസിപ്പിക്കുന്നു. അവരുടെ വേദനയിൽ പങ്കുചേർന്നു കരയുന്നു. എങ്കിലും അവരിൽ അവൻ പ്രത്യാശ വളർത്തുന്നു.
വിശ്വസിച്ചാൽ ദൈവമഹത്വം ദർശിക്കുമെന്നു വാഗ്ദാനം നൽകുന്നു. നമ്മുടെ ജീവിതവ്യാകുലതകളിൽ നാഥന്റെ ചാരെ അണഞ്ഞു, ഹൃദയം തുറന്ന്, അവനാൽ അവയ്ക്കെല്ലാം പരിഹാരം കണ്ടെത്താൻ നമുക്കാവട്ടെ. വിശ്വാസപൂർവ്വം അത്ഭുതങ്ങൾക്കായി പ്രത്യാശയോടെ കാത്തിരിക്കാം.
അവനാണ് പുനരുത്ഥാനവും ജീവനും. അവനിൽ വിശ്വസിക്കുന്നവർക്കാണ് അത് ലഭ്യമാകുന്നത്. അവനിൽ വിശ്വസിക്കുന്നവർ, ശാരീരിക മരണത്തെ അതിജീവിക്കും. നിത്യജീവൻ കരഗതമാക്കും. കാരണം, ദൈവീകവെളിപ്പെടുത്തലുകളോടുള്ള മനുഷ്യന്റെ പ്രത്യുത്തരമാണ് വിശ്വാസം.
ഈ വിശ്വാസം എപ്പോഴെല്ലാം നാം ഉറക്കെ പ്രഖ്യാപിക്കുന്നുവോ, അപ്പോഴെല്ലാം ജീവിതത്തിൽ അത്ഭുതങ്ങൾ നടക്കും. മരണത്തെ പരാജയപ്പെടുത്തി നിത്യജീവൻ നാം സ്വന്തമാക്കും.