യോഹന്നാൻ 14 : 15 – 24
ക്രൈസ്തവ സത്ത
ഈശോയുടെ നാമത്തിൽ ചോദിക്കുന്ന എന്തിന്റേയും ഫലദായകത്വം, അവൻ ഇവിടെ വ്യക്തമാക്കുന്നു. പിതാവുമായുള്ള അവന്റെ ഐക്യമാണ്, അതിന്റെ കാരണമായി അവൻ ചൂണ്ടിക്കാണിക്കുന്നത്. ആയതിനാൽ, നാം അവനുമായി ഐക്യപ്പെടേണ്ടിയിരിക്കുന്നു. അത് പ്രാർത്ഥനവഴിയെ സാധ്യമാവുകയുള്ളൂ. ഈയൊരു പ്രാർത്ഥന ബന്ധത്തിൽ, നമ്മുടെ ആഗ്രഹങ്ങളും പ്രാർത്ഥനകളും സഫലീകൃതമാകും.
കൂടാതെ, അവന്റെ മഹത്വപൂർണ്ണമായ ഉത്ഥാനത്തിനുശേഷം, നമ്മോടുകൂടെ നിത്യമായിരിക്കാൻ, ഒരു സഹായകനെ അവൻ വാഗ്ദാനം ചെയ്തു. എന്നാൽ, അവനിൽ വിശ്വസിക്കുന്നവനെ, അവനെ അറിഞ്ഞവനെ, ഈ സഹായകനെ സ്വീകരിക്കാൻ കഴിയൂ. ആയതിനാൽ, സഭയിൽ അംഗമായി, വിശ്വാസപൂർവ്വം അവനെ അറിഞ്ഞവർക്കെ, പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിലും പ്രവർത്തനങ്ങളിലും പങ്കുചേരാൻ കഴിയൂ എന്ന് ഇതിലൂടെ വ്യക്തം.
അവനെ സ്നേഹിക്കുന്നവർക്കെ ആത്മാവിനെ സ്വീകരിക്കാൻ സാധിക്കൂ. കാരണം, സ്നേഹത്തിന്റെ പ്രായോഗികതലമാണ് പരിശുദ്ധാത്മാവ്. അത് സത്യത്തിന്റെ ആത്മാവാണ്, സത്യമോ, വചനമായ ഇശോയും. ചുരുക്കത്തിൽ, സത്യവചനമായ ഈശോയുടെ ആത്മാവാണ് പരിശുദ്ധാത്മാവ്.
അങ്ങനെ ഈശോയിൽ വിശ്വസിച്ചു, ആത്മാവിനെ സ്വീകരിക്കുന്നവരുടെ കൂട്ടായ്മയായി സഭ മാറുന്നു. അങ്ങനെ ക്രൈസ്തവജീവിതത്തിന്റെ വിശ്വാസസഹായിയായി, പരിശുദ്ധാത്മാവ് തീരുന്നു. ആത്മാവിന്റെ പ്രവർത്തനം, ഇന്ന് സഭയിലും, സഭയിലൂടെയുമാണെന്നു ഇതിലൂടെ വ്യക്തം.
അവന്റെ കുരിശുമരണത്തോടെ, ഈ ലോകത്തിലുള്ള അവന്റെ ശരീരികസാന്നിധ്യം അവസാനിച്ചു. എന്നാൽ, അരൂപിക്കടുത്ത അവന്റെ സാന്നിധ്യം തിരിച്ചറിയാൻ, നാം അവനിൽ വിശ്വസിച്ചേ മതിയാകൂ. വിശ്വാസത്തിലൂടെ അവനോടൊത്തുള്ള സഹവാസമാണ് നമ്മുടെ ആത്മീയജീവിതം. അത് പരിശുദ്ധ ത്രിത്വത്തിലുള്ള സഹവാസമാണ്.
കാരണം, വ്യവസ്ഥയില്ലാതെ നമ്മെ സ്നേഹിക്കുന്നവനാണ് ദൈവം. എന്നാൽ, ഈ സ്നേഹം നമുക്ക് അനുഭവവേദ്യമാകാൻ,നാം ഈശോയെ സ്നേഹിച്ചു സ്വന്തമാക്കണം. കാരണം, സത്യദൈവത്തെ വെളിപ്പെടുത്തുന്നവൻ അവിടുന്ന് മാത്രമാണ്.
ദൈവത്തെ സ്നേഹിക്കുകയും, അവിടുത്തെ വചനം പാലിക്കുകയും ചെയ്യുന്നവനിലാണ്, ത്രിയേകദൈവത്തിന്റെ വാസസ്ഥാനം. അത് മനുഷ്യഹൃദയമാണ്. ഇതിൽനിന്നും, ദൈവവുമായി ഹൃദയൈക്യത്തിൽ നാം ജീവിക്കണം എന്നുസാരം. ഇതാണ് ക്രൈസ്തവജീവിതത്തിലെ സ്വർഗ്ഗീയനുഭവം.
അവൻ നമ്മുടെ ഹൃദയവാതിലിൽ മുട്ടുമ്പോൾ, വാതിൽ തുറന്നു കൊടുത്ത്, ത്രിയേകദൈവത്തിന്റെ വാസസ്ഥലമായി നമ്മുടെ ഹൃദയങ്ങളെ മാറ്റാം. അങ്ങനെ, സ്വർഗ്ഗീയ അനുഭവത്തിൽ പങ്കുചേരാം. വചനം ഗ്രഹിച്ചു, സ്നേഹത്തിൽ ഒന്നാകാം.