യോഹന്നാൻ 17 : 9 – 19
സ്വശിഷ്യർക്കുവേണ്ടി….
തനിക്കുള്ളതെല്ലാം ദൈവം തന്നിട്ടുള്ള ദാനങ്ങളാണ് എന്ന ബോധ്യത്തിൽ ഉറച്ചാണ് അവന്റെ പ്രാർത്ഥന. കൂടാതെ, ദൈവം തന്നവയെല്ലാം അവിടുത്തേത് കൂടിയാണ്. ദൈവം തനിക്ക് തന്നവരുടെ നന്മയോ തിന്മയോ കണക്കിലെടുക്കാതെ, അവൻ അവരെ സ്വീകരിക്കുന്നു.
അവനിലെ “നല്ലിടയൻ” ഇവിടെ വെളിവാക്കപ്പെടുന്നു. ശിഷ്യരുടെ കൂട്ടായ്മ നിലനിൽക്കാൻ അവിടുന്നു പ്രാർത്ഥിക്കുന്നു. അവരിലൂടെ മനുഷ്യകുലത്തിന്റെ മുഴുവൻ ഐക്യം അവിടുന്നു കാംക്ഷിക്കുന്നു.
ആയതിനാൽ, ലോകത്തിന്റേതാകാതെ, ദൈവത്തിന്റേതായി ഈ ലോകത്തിൽ കൂട്ടായ്മയിലും ഐക്യത്തിലും ജീവിക്കാൻ അവിടുന്നു പ്രാർത്ഥിക്കുന്നു. അത് നമ്മെ ജീവനിലേക്കും രക്ഷയിലേക്കും നയിക്കും.
അവൻ ഇനി ലോകത്തിലല്ല, എന്നാൽ ശിഷ്യരോ ലോകത്തിലാണ് താനും. ആയതിനാൽ ഈ ലോകത്തിൽ ആയിരുന്നുകൊണ്ട്, ഈ ലോകത്തിന്റേതാകാതെ ജീവിക്കാൻ അവൻ നമ്മോട് ആവശ്യപ്പെടുന്നു, അതിനായി അവൻ പ്രാർത്ഥിക്കുന്നു. ജഡത്തിന്റേയും കണ്ണുകളുടേയും ജീവിതത്തിന്റേയും ദുരാശയും അഹന്തയും വെടിയാൻ അവൻ ആഹ്വാനം ചെയ്യുന്നു.
അതിനായി ദൈവാരൂപിയാൽ നാം നയിക്കപ്പെടണം. അതിനാൽ ദൈവീക സംരക്ഷണം നമുക്ക് കൂടിയേ തീരൂ. ലോകത്തെ വിശുദ്ധീകരിക്കാൻ അവൻ ലോകത്തിലേക്ക് വന്നതുപോലെ, ദൈവത്തിന്റെ സ്വന്തമായ നാം വിശുദ്ധിയുള്ളവർ ആകണമെന്ന് അവൻ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു.
പാപക്കറകളെ അകറ്റി, നാം പരിശുദ്ധിയിൽ ജീവിക്കണം. മാനുഷീക പ്രവണതകളെ നാം ദൂരീകരിക്കണം. അവിടുത്തെ സത്യവചനം വഴി, നാം വിശുദ്ധീകരിക്കപ്പെടണം. അതിനായി, അവൻ സ്വയം ബലിയായി നല്കിയതുപോലെ, നാമും നമ്മെ സ്വയം ബലിയായി നൽകണം. ആയതിനാൽ നമുക്കും ദൈവഹിതത്തിന് സ്വയം വിധേയരാകാം.