Meditations Reader's Blog

വിശ്വാസവും മനഃപരിവർത്തനവുമാണ് രക്ഷക്ക് നിദാനം

ലൂക്കാ 17 : 11 – 19
രക്ഷ കരഗതമാക്കാൻ.

ദൈവകരുണയ്ക്കുവേണ്ടിയുള്ള കുഷ്ഠരോഗികളുടെ നിലവിളിയും, അവന്റെ പ്രത്യുത്തരവുമാണ് വചനസാരം. സമൂഹത്തിൽനിന്നും ഭ്രഷ്ട്ട് കല്പിക്കപ്പെട്ടു മാറ്റിനിർത്തപ്പെട്ടവർ, നഗരത്തിന് വെളിയിൽ പാർക്കുന്നവർ, കീറിയ വസ്ത്രം ധരിക്കുന്നവർ, സ്വയം അശുദ്ധൻ എന്ന് വിളിച്ചു പറയേണ്ടവർ, ഇങ്ങനെ ഒരുപാട് പ്രത്യേകതകൾ ഉണ്ട് ഒരു കുഷ്ഠരോഗിക്ക്.

ഇവിടെ തന്റെ കരുണയ്ക്കായി അവർ ഏവരും വിളിച്ചപേക്ഷിക്കുമ്പോൾ, അവരുടെ അടുത്തേക്ക് പോലും പോകാതെ, ഒരു സൗഖ്യവാക്കുപോലും ഉച്ചരിക്കാതെയും, പുരോഹിതസാക്ഷ്യത്തിനായി അവൻ അവരെ പറഞ്ഞയയ്ക്കുന്നു. എന്നാൽ, അവർ എല്ലാവരും സംശയലേശമെന്യേ അവനെ അനുസരിച്ചു, സൗഖ്യമുള്ളവരായി മാറി.

നമ്മുടെ പ്രാർത്ഥനകൾ ഫലം ചൂടാതെ പോകുന്നതിനുള്ള പ്രധാനകാരണം മറ്റൊന്നല്ല. അവന്റെ കരുണയ്ക്കായി നിലവിളിച്ചു പ്രാർത്ഥിക്കുമ്പോഴും, ലഭിക്കുമോ എന്നുള്ള ഒരു സംശയം എപ്പോഴും നമ്മുടെ ഉള്ളിൽ ഉണ്ടാകും. അവനിൽ അന്ധമായ വിശ്വാസവും, വിധേയത്വപൂർണ്ണമായ അനുസരണവുമാണ് അത്ഭുതങ്ങൾക്ക് നിദാനമെന്നു നാം എന്തേ മറന്നുപോകുന്നു.

സൗഖ്യം പ്രാപിച്ചവരിൽ ഒരാൾ മാത്രം മടങ്ങി വന്നു അവന് നന്ദി പറയുന്നു. അവനിലെ വിശ്വാസം അങ്ങനെ രക്ഷാകരമായി മാറി. അതും ഒരു വിജാതീയനാണ് ഇത് സ്വന്തമാക്കിയത് എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. ആ വിജാതീയൻ അവനിലെ ദൈവകരം കണ്ടു. അവനിൽ അത് ജീവിതപരിവർത്തനം ഉളവാക്കി.

ആയതിനാൽ അവൻ നന്ദിനിറഞ്ഞ ഹൃദയം ഉള്ളവനായി. കൂടാതെ, രക്ഷ എന്നത് സാർവ്വത്രികമാണെന്നത് അവന്റെ നമുക്ക് മനസ്സിലാക്കിത്തന്നു. ഈ മാറ്റങ്ങൾ അവനിൽ ഉളവായപ്പോൾ, ദൈവകൃപയുടെ രക്ഷയിൽ അവൻ ഭാഗഭാക്കായി. വിശ്വസിക്കുന്നവനാണ് രക്ഷപ്രാപിക്കുന്നത്. വിശ്വാസവും മനഃപരിവർത്തനവുമാണ് രക്ഷക്ക് നിദാനം.

ദൈവത്തോട് നന്ദി പറയാൻ ഒരുപാട് നന്മകൾ നമ്മുടെ ജീവിതത്തിൽ ഉണ്ട്. ഇല്ലായ്മയുടെ വേവലാതികൾ നിരത്താതെ, ലഭിച്ച നന്മകളിൽ സന്തോഷിക്കാനും നന്ദി നിറഞ്ഞ മനസ്സോടെ ദൈവതിരുമുമ്പാകെ ആയിരിക്കാനും നമുക്ക് കഴിയട്ടെ. എന്നാൽ രക്ഷ നമ്മുടെ ചാരെ ഉണ്ടാകും.