ഏഷ്യാനെറ്റും മറ്റ് പത്തോളം മലയാളം ചാനലുകളും പറഞ്ഞത് തെറ്റ്!

ഏഷ്യാനെറ്റ് അടക്കമുള്ള പത്തോളം മലയാളം ചാനലുകളും ഒട്ടേറെ യൂ ട്യൂബ് ചാനലുകളും കാര്യകാരണ സഹിതം പറഞ്ഞു കൊണ്ടിരുന്നത് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പിതാവിനെയാണ് മേജർ ആർച് ബിഷപ്പ് ആയി തെരഞ്ഞെടുക്കുന്നത് എന്നാണ്.

ചുരുക്കം ചിലർ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ ആയിരിക്കുമെന്നും പറയുന്നത് കേട്ടു. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ആരും പ്രവചിക്കാത്ത ബിഷപ്പ് റാഫേൽ തട്ടിൽ തെരെഞ്ഞെടുക്കപ്പെട്ടതായി ഔദ്യോഗിക പ്രഖ്യാപനം വന്നു. റാഫേൽ പിതാവിനെ തെരെഞ്ഞെടുത്ത ശേഷം ഏതാണ്ട്‌ 24 മണിക്കൂറോളം നൂറോളം പേർക്ക് ഈ വാർത്ത അതീവ രഹസ്യമായി സൂക്ഷിക്കാൻ കഴിഞ്ഞു എന്നത് അത്ഭുതപ്പെടുത്തുന്നു.

ഇതാണ് സിനഡിന്റെ രഹസ്യസ്വഭാവം. ചില സഭകളിൽ ഈ രഹസ്യസ്വഭാവം നഷ്ടപ്പെടുന്നു എന്നതും സിനഡിലുള്ളവർ തന്നെ വാർത്തകൾ ചോർത്തി നൽകുന്നു എന്നതും പറയാതിരിക്കാൻ തരമില്ല. “അരമനരഹസ്യം” -എന്ന പ്രയോഗം അന്വർത്ഥമാക്കുന്ന സീറോ മലബാർ സഭയ്ക്ക് ഒരു ബിഗ് സല്യൂട്ട്!

പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് സീറോ മലബാർ സഭയ്ക്ക് പുതിയ ഒരു അധ്യക്ഷൻ നിയമിതനാകുന്നത്. പന്ത്രണ്ട് വര്‍ഷത്തെ ഭരണനിര്‍വഹണത്തിനു ശേഷം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവെച്ചതോടെയാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് തെരഞ്ഞെടുപ്പ് നടന്നത്. ഇന്നലെ രാവിലെ ഒൻപത് മണിക്കാണ് സിനഡ് സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചത്. തെരഞ്ഞെടുപ്പ് വിവരങ്ങൾ അടങ്ങിയ കത്ത് വത്തിക്കാന്റെ അനുമതിക്കായി ഇന്നലെ തന്നെ കൈമാറിയിരുന്നു.

1956 ഏപ്രില്‍ 21-ന് തൃശ്ശൂര്‍ പുത്തന്‍പള്ളി ബസ്ലിക്കാ ഇടവകയിലാണ് മാര്‍ റാഫേല്‍ തട്ടിലിന്‍റെ ജനനം. തൃശൂര്‍ സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കിയ മാര്‍ റാഫേല്‍ തട്ടില്‍ തൃശ്ശൂര്‍ രൂപതയ്ക്കുവേണ്ടി 1980 ഡിസംബര്‍ 21-ന് പൗരോഹിത്യം സ്വീകരിച്ചു.

അരണാട്ടുകര പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായും തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ ഫാദര്‍ പ്രീഫെക്ട്, വൈസ് റെക്ടര്‍, പ്രെക്കുരേറ്റര്‍ എന്നീ നിലകളിലും കൂനംമുച്ചി, ചേരുംകുഴി പള്ളികളില്‍ ആക്ടിംഗ് വികാരിയായും സേവനം ചെയ്തിട്ടുണ്ട്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം രൂപതാ വൈസ് ചാന്‍സലര്‍, ചാന്‍സലര്‍, സിന്‍ചെല്ലൂസ് എന്നീ പദവികള്‍ വഹിച്ചു.

രൂപതാ കച്ചേരിയില്‍ നോട്ടറിയും ജഡ്ജിയും അഡ്ജുറ്റന്‍റ് വികാരിയുമായിരുന്നു. 2010-ല്‍ തൃശ്ശൂര്‍ അതിരൂപതാ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 2014 മുതല്‍ പ്രവാസികളുടെ ചുമതലയുള്ള അപ്പസ്റ്റോലിക് വിസിറ്റേറ്ററായി സേവനം ചെയ്യവേ അദ്ദേഹം 2017-ല്‍ ഷംഷാബാദ് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടിരിന്നു.

error: Content is protected !!