Faith News Social Media

ഊര്‍ജ്ജം നഷ്ട്ടമായപ്പോള്‍ ഉരുവിട്ടത് ബൈബിള്‍ വചനം…

മുംബൈ: ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ റെക്കോർഡ് വിജയത്തിലേക്ക് ഇന്ത്യയെ നയിച്ച ജെമിമ റോഡ്രിഗസിന്റെ ക്രിസ്തീയ വിശ്വാസ സാക്ഷ്യം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.

വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയകരമായ റൺവേട്ടയും പുരുഷ, വനിതാ ടൂർണമെന്റുകളിലായി ലോകകപ്പ് നോക്കൗട്ടിൽ ആദ്യമായി 300-ലധികം റൺസ് വേട്ടയും നടന്ന മത്സരത്തില്‍ ചുക്കാന്‍ പിടിച്ച ജെമിമ റോഡ്രിഗസ് കളിയ്ക്കു പിന്നാലേ തന്റെ ക്രിസ്തു വിശ്വാസം സാക്ഷ്യപ്പെടുത്തുകയായിരിന്നു. ചരിത്ര വിജയത്തോടുള്ള അവളുടെ പ്രതികരണത്തിനായി ലോകം കാത്തിരുന്നപ്പോൾ, റോഡ്രിഗസ് അവളുടെ നന്ദി സ്വർഗത്തിലേക്ക് തിരിയ്ക്കുകയായിരിന്നു.

“ആദ്യമായി ഞാന്‍ യേശുവിന് നന്ദി പറയുന്നു, കാരണം എനിക്ക് ഇത് സ്വന്തമായി ചെയ്യാൻ കഴിയില്ലായിരിന്നു. ഇന്ന് അവിടുന്ന് എന്നെ നയിച്ചുവെന്ന് എനിക്കറിയാം”- ഗാലറിയിലും ടെലിവിഷന്‍ ചാനലുകളിലും കാഴ്ചക്കാരായിട്ടുള്ള കോടിക്കണകണക്കിന് ആളുകളെ സാക്ഷിയാക്കി ജെമിമ പറഞ്ഞ ആദ്യ വാചകം ഇതായിരിന്നു.

ഇന്നിംഗ്‌സിലുടനീളം നടത്തിയ പ്രകടനത്തെ ഐ‌സി‌സി പ്രതിനിധി അഭിനന്ദിക്കുകയും ചോദ്യങ്ങള്‍ ആരായുകയും ചെയ്തപ്പോഴും കണ്ണീരോടെ ജെമിമ തന്റെ വിശ്വാസം ലോകത്തിന് മുന്നില്‍ സാക്ഷ്യപ്പെടുത്തുകയായിരിന്നു.

“തുടക്കത്തിൽ കളിക്കുമ്പോൾ ഞാൻ എന്നോട് തന്നെ സംസാരിക്കുകയായിരുന്നു, പക്ഷേ അവസാനം എനിക്ക് ഊർജ്ജം നഷ്ടപ്പെട്ടു ക്ഷീണിതയായിരുന്നതിനാൽ ഞാൻ ബൈബിളിൽ നിന്നുള്ള ഒരു വചനം ഉദ്ധരിക്കുകയായിരുന്നു. വചനം പറയുന്നു, “കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി” (പുറപ്പാട് 14:14), അതാണ് ഞാൻ ചെയ്തത് – ഞാൻ അവിടെ നിന്നു, അവിടുന്ന് എനിക്കുവേണ്ടി പോരാടി.” – നിറകണ്ണൂകളോടെ താരം പറഞ്ഞു.

മംഗലാപുരത്തു കത്തോലിക്കാ മാതാപിതാക്കളുടെ മകളായി ജനിച്ച റോഡ്രിഗസ് മുംബൈയിലെ ഭാണ്ഡൂപ്പിലാണ് നിലവില്‍ താമസിക്കുന്നത്. പിതാവ് ഇവാൻ റോഡ്രിഗസിന്റെ മാർഗനിർദേശപ്രകാരമാണ് ക്രിക്കറ്റ് കരിയര്‍ ആരംഭിച്ചത്. പിതാവിന്റെ നേതൃത്വത്തില്‍ തന്നെയാണ് പരിശീലനം ആരംഭിച്ചതും.

മുംബൈയിലെ ആദ്യകാല പരിശീലനം മുതൽ ലോകകപ്പ് വേദിയിൽ ഇന്ത്യയെ ഫൈനലില്‍ എത്തിച്ചതുവരെയുള്ള റോഡ്രിഗസിന്റെ കരിയറില്‍ ക്രിസ്തീയ വിശ്വാസത്തിനും മൂല്യങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് നല്‍കിവരുന്നത്.

42 ആം ഓവറിലാണ്, ഒരു സിംഗിൾ നേടിയെടുത്ത് ജമീമ തന്റെ വ്യക്തിഗത സ്കോർ മൂന്നക്കം തൊടുന്നത്. ലോകാവേദിയിലെ കൊലകൊമ്പന്മാരായ മൈറ്റി ഓസീസിനെതിരെ, അതും ഒരു നോക്ക് ഔട്ട് മത്സരത്തിൽ നേടിയ ആ നിർണായക സെഞ്ച്വറി അപ്പോൾ ഡഗ് ഔട്ടും ഗ്യാലറിയും മതിമറന്ന് ആഘോഷിക്കുകയാണ്.
എന്നാൽ ജമീമ മാത്രം ഒരു കൈ പോലും ഉയർത്തിയിട്ടുണ്ടായിരുന്നില്ല.

സ്കോർ ബോർഡ് അപ്പോൾ നാലിന് 264 റൺസ് എന്ന നിലയിലാണ്. വിജയത്തിലേക്ക് അപ്പോഴും വേണം 50 പന്തിൽ 70 റൺസ്. വിജയ റൺസും നേടി ഇന്ത്യയ്ക്ക് ഫൈനൽ ബെർത്തും നേടി നൽകിയിട്ടേ താൻ ആഘോഷിക്കൂ എന്നവൾ മനസ്സിലുറപ്പിച്ചു.
ചെളിപുരണ്ട ജഴ്സിയിൽ പല തവണ ക്രീസിൽ തലകുമ്പിട്ട് തളർന്നു നിൽക്കുന്ന ജമീമയെ കാണുന്നുണ്ടായിരുന്നു അവസാന ഓവറുകളിൽ.

അവസാന മണിക്കൂറിൽ ശരീരം തീർത്തും തളർന്നുപോയെന്നും ഊർജം വീണ്ടെടുക്കാൻ ബൈബിൾ വചനം ഉരുവിട്ടുകൊണ്ടിരുന്നുവെന്നും ജമീമ മത്സരത്തിന് ശേഷം പറഞ്ഞു. നീ അവിടെ നിന്നുകൊള്ളുക, നിനക്കും നിനക്ക് ചുറ്റുള്ളവർക്കും വേണ്ടി ദൈവം പ്രവർത്തിക്കും, അതായിരുന്നത്രെ ആ ബൈബിൾ വചനം.
ശരിക്കും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് മുമ്പിൽ ദൈവമായി അവതരിക്കുകയായിരുന്നു ജമീമ. മത്സരത്തിന് മുമ്പും ഓസീസിന്റെ ആദ്യ ബാറ്റിങ്ങിന് ശേഷവും ഏതാണ്ട് എല്ലാവരും ഇന്ത്യൻ വനിതകളുടെ തോൽവി ഉറപ്പിച്ചവരായിരുന്നു.


ഈ ലോകകപ്പിലെന്ന് മാത്രമല്ല, കഴിഞ്ഞ 15 ലോകകപ്പ് മാച്ചുകളിൽ തോൽക്കാത്തവരായിരുന്നു ഓസീസ്. ആകെ നടന്ന 12 ഏകദിന ലോകകപ്പുകളിൽ 7 തവണ കിരീടം നേടിയതും അവരാണ്. പോരാത്തതിന് വിമൻസ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരിക്കലും ഭേദിക്കാത്ത ടോട്ടലാണ് അവർ ഇന്ത്യയ്ക്ക് മുന്നിൽ വെച്ചുനീട്ടിയത്.
മറുപടി ബാറ്റിങ്ങിലാവട്ടെ സ്മൃതി മന്ദാനയുടെയും ഷെഫാലി വർമയുടെയും വിക്കറ്റുകൾ ആദ്യത്തിൽ തന്നെ നഷ്ടമായിരുന്നു. എന്നാൽ പിന്നീട് ഒരു ഐതിഹാസിക പോരാട്ടത്തിനാണ് നവി മുംബൈ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.


ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങൾ തോറ്റ, ജയിക്കാവുന്ന മത്സരം പടിക്കൽ വെച്ച് കാലമുടച്ച് കളയുന്ന പെൺപടയെ അല്ല കണ്ടത്. 89 റൺസ് എടുത്ത ക്യാപ്പ്റ്റൻ ഹർമൻ പ്രീത് കൗറും ശേഷം വന്ന് കാമിയോ കളിച്ച ദീപ്തി ശർമ്മയും റിച്ച ഘോഷും അമൻജ്യോത് കൗറും ജെമീമക്കൊപ്പം തന്നെ ഈ വിജയത്തിന്റെ പങ്കാളികളാണ്.
തലമുറകളായി ടീം മാറി വരുമ്പോഴും മെൻസ് ക്രിക്കറ്റിലേത് പോലെ തന്നെ വലിയ പേരുകൾ ഉണ്ടാകാറുള്ള ടീമാണ് വിമൻസ് ടീമും. എന്നാൽ ഒരു ഫോർമാറ്റിലും ഒരു ലോകകിരീടത്തിൽ മുത്തമിടാൻ അവർക്കായിട്ടില്ല.

നവംബർ 2 -ന് സൗത്ത് ആഫ്രിക്കയുമായുള്ള കലാശപ്പോരിനൊടുവിൽ അത് സംഭവിക്കുമോ, മൈറ്റി ഓസീസിനെ തകർത്തുവിട്ട ഇന്ത്യൻ വനിതകൾ അത് അർഹിക്കുന്നുണ്ട്.