Pope's Message Reader's Blog

അജപാലനമേഖലയിൽ സഭാചരിത്രപഠനത്തിനുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടി ഫ്രാൻസിസ് പാപ്പാ

പൗരോഹിത്യപരിശീലനരംഗത്തും, അജപാലനമേഖലയിൽ പ്രവർത്തിക്കുന്നവരുടെ പരിശീലനരംഗത്തും സഭാചരിത്രപഠനം ഗൗരവമായി എടുക്കേണ്ടത് ഏറെ പ്രധാനപെട്ടതാണെന്നോർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.

പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവയ്പ്പുതിരുനാൾ ദിനമായ നവംബർ ഇരുപത്തിയൊന്നിന് നൽകിയ തുറന്ന കത്തിലൂടെയാണ് സാമൂഹികയാഥാർത്ഥ്യങ്ങളെ മെച്ചപ്പെട്ട രീതിയിൽ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും സാഹായിക്കുന്നതിൽ ചരിത്രപഠനത്തിന്റെ പ്രാധാന്യം പാപ്പാ എടുത്തുകാട്ടിയത്.

പൗരോഹിത്യപരിശീലനരംഗത്ത് കഴിഞ്ഞ ഇരുപത് നൂറ്റാണ്ടുകളുടെ സഭാചരിത്രം പഠിപ്പിക്കുന്നുണ്ടെന്നത് ശരിയാണെങ്കിലും, തങ്ങളുടെ മാനവികതയുടെ ചരിത്രപരമായ വശം ഈ രംഗത്തുള്ളവർ കൂടുതൽ വ്യക്തമായി അറിഞ്ഞിരിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ചരിത്രത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട്, മുൻതലമുറകളുമായി ബന്ധപ്പെടാതെ, നാളെകളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ലെന്ന് പാപ്പാ എഴുതി. ഇത് വ്യക്തികളുടെ മാത്രമല്ല, സമൂഹങ്ങളുടെ കാര്യത്തിലും ബാധകമാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു. വ്യക്തിപരമായ ഓർമ്മകളും ചരിത്രത്തെക്കുറിച്ചുള്ള സ്വാർത്ഥപരമായ അറിവും മാത്രം സ്വന്തമാക്കിയാൽ പോരെന്ന് പാപ്പാ വ്യക്തമാക്കി.

ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താൻ, സാമൂഹ്യമാധ്യമങ്ങളിലൂടെയോ, ഇന്റെർനെറ്റിലൂടെയോ ഉള്ള ഉപരിപ്ലവമായ പഠനം മാത്രം പോരെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

സഭയുടെ നൈർമ്മല്യസ്വഭാവത്തെക്കുറിച്ചുള്ള ആദർശപരമായ ഒരു കാഴ്ചപ്പാടിനെക്കാളുപരി, ഒരു അമ്മയെന്ന നിലയിൽ സഭയെ കാണാനും, അവൾ ആയിരിക്കുന്നതുപോലെ, കുറവുകളോടെ അവളെ സ്നേഹിക്കാനും സാധിക്കണമെന്ന് പാപ്പാ എഴുതി. അങ്ങനെയല്ലെങ്കിൽ, നമ്മുടെ ചിന്താതലത്തിൽ മാത്രം നിൽക്കുന്ന ഒരു അമൂർത്തമായ സഭയെയാകും നാം സ്നേഹിക്കുക.

വയോധികരുടെ അനുഭവങ്ങളിൽനിന്ന് പഠിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, ചരിത്രത്തെ മറക്കാൻ പഠിപ്പിക്കുന്നവരെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് എഴുതി. ചരിത്രത്തിന്റെ ചില ഭാഗങ്ങളെ അവഗണിച്ചും, തങ്ങളുടെ ഇഷ്ടമനുസരിച്ച് അതിനെ വ്യാഖ്യാനിച്ചുമുള്ള ചരിത്രപഠനത്തിലെ തെറ്റ് പാപ്പാ പ്രത്യേകം ചൂണ്ടിക്കാട്ടി.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ കാണുന്ന ക്രിസ്തുവിന്റെ വംശാവലിയെ പരാമർശിച്ചുകൊണ്ട്, അതിൽ, പ്രശ്നക്കാരായ ചില വ്യക്തികളുടെ പേരുകളുമുണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അതുപോലെതന്നെ സഭയിലെ അംഗങ്ങളായിരുന്ന പുരോഹിതരിലും അത്മായരിലും, ദൈവാത്മാവിനോട് വിശ്വസ്തരല്ലാതിരുന്നവരും ഉണ്ടെന്നത് നമുക്ക് അവഗണിക്കാനാകില്ലെന്ന് എഴുതി.

ഷൊഅഹ് എന്ന പേരിൽ അറിയപ്പെടുന്ന യഹൂദരുടെ കൂട്ടക്കൊല, ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിലെ ബോംബാക്രമണം പോലെയുള്ള തെറ്റുകൾ, മനുഷ്യരെന്ന നിലയിൽ നമ്മെ നാണം കെടുത്തുന്നതാണെന്നും, എന്നാൽ അവയെ ലഘൂകരിച്ച് കാണുകയും, അവ ഒരുപാട് നാളുകൾക്ക് മുൻപ് കഴിഞ്ഞുപോയവയാണെന്നും, നമുക്ക് മുൻപോട്ട് നോക്കി യാത്ര ചെയ്യണമെന്നും പറഞ്ഞ്, അവയെ മറക്കാൻ ആരും ആവശ്യപ്പെടരുതെന്ന് പാപ്പാ എഴുതി.

ഉപരിപ്ലവമായ ചരിത്രപഠനത്തിനെതിരെ എഴുതിയ പാപ്പാ, ചരിത്രം, ദിനവൃത്താന്തം പോലെ ചില കുറച്ചു വിവരങ്ങൾ ശേഖരിക്കുന്നതിലേക്ക് മാത്രമായി നമ്മുടെ പഠനരംഗം ചുരുങ്ങരുതെന്നും, തീക്ഷ്ണതയോടെ ചരിത്രത്തിലേക്കിറങ്ങിയുള്ള ഒരു ചരിത്രപഠനരീതിയാണ് ആവശ്യമുള്ളതെന്നും ഉദ്‌ബോധിപ്പിച്ചു.

ഇന്റെർനെറ്റിൽനിന്നും ലഭിക്കുന്ന ചുരുങ്ങിയ അറിവുകളെക്കാൾ, ചോദ്യങ്ങൾ ചോദിക്കാനും, ജീവിതത്തിന്റെ അർത്ഥം മനസിലാക്കാനും ശ്രമിക്കേണ്ടതിന്റെ ആവശ്യവും പാപ്പാ തന്റെ കത്തിൽ എഴുതി.