Daily Prayers

ശിശുമനോഭാവം ഉള്ളവരാകാം ; സ്വർഗ്ഗത്തിൽ വലിയവരാകാം

മത്തായി 18 : 1 – 5
മനോഭാവം.

തങ്ങളിൽ വലിയവൻ ആരെന്ന തർക്കം യേശുശിഷ്യർക്കിടയിൽ ഉണ്ടായതാണ് ചിന്താവിഷയം. അവൻ അതിന് മറുപടിയായി അവർക്ക് നൽകുന്ന ഉപദേശത്തിൽ ‘ശിശു’വാണ് കഥാപാത്രം. ശിശു ഒരേസമയം വലിയവനും ചെറിയവനുമാണ്.

സമൂഹത്തിൽ ചെറിയവനും, സ്വർഗ്ഗരാജ്യത്തിൽ വലിയവനും. അവരിലെ ശാരീരിക ചെറുപ്പമല്ല, മറിച്ച്, വിനയവും ആശ്രയബോധവും നിഷ്കളങ്കതയും ചേരുന്ന അവരുടെ ദൈവീകഭാവം കലർന്ന ചെറുപ്പമാണ് അവരിലെ യഥാർത്ഥ വലുപ്പം.

ഇതാണ് വലിയവർ എന്ന് ഭാവിക്കുന്നവർക്ക് അവൻ നൽകുന്ന മാതൃക. നമ്മിലെ ഔദ്ധത്യവും ഗർവ്വും അഹങ്കാരവും വെടിഞ്ഞു, നാം ശിശുമനോഭാവം പ്രാപിക്കുമ്പോൾ നാമും സ്വർഗ്ഗത്തിൽ വലിയവരാകും. സമൂഹത്തിലെ സ്ഥാനവും സമ്പത്തും അറിവുമെല്ലാം നിഷ്പ്രഭമാണ്.

എളിയവരും നിസ്സാരരുമായി തങ്ങളെത്തന്നെ മാറ്റേണ്ടിയിരിക്കുന്നു. അതിന് മാനസാന്തരം അനിവാര്യമാണ്. ജീവിതത്തിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കാം. സ്വയം തിരുത്താം. ശിശുമനോഭാവം സ്വയത്തമാക്കാം. അങ്ങനെ നാം ചെറുതാകട്ടെ ശിശുവോളം….. വലുതാകട്ടെ സ്വർഗ്ഗം വരെ.