ദൈവകരുണയിൽ ആശ്രയിക്കാം…

മത്തായി 8 : 1 – 4
ദൈവകരുണയുടെ നീർച്ചാൽ…

മാനുഷീകമായ അശുദ്ധതയുടെ അതിർവരമ്പുകളെ, ആത്മീയതയുടെ കരസ്പർശത്താൽ, അവൻ പൊളിച്ചുമാറ്റുന്നു. സമൂഹത്തിൽനിന്നും ബഹിഷ്കൃതരും, ആത്മീയസമ്മേളനങ്ങളിൽ തിരസ്കൃതരും, ജീവിതപാതയിൽ ഏകാന്തപതികരുമാണ് കുഷ്ഠരോഗികൾ.

എന്നാൽ, ദൈവത്തിൽനിന്നും ഒട്ടും അകലെയല്ല ഈ കുഷ്ഠരോഗി. കാരണം, ആ കുഷ്ഠരോഗിയുടെ മനസ്സിൽ ദൈവം വസിക്കുന്നു, അവന്റെ ജീവിതത്തോട് ഏറെ അടുത്താണ് ദൈവം എന്നതുകൊണ്ടാണ്, അവൻ യേശുവിനെ താണുവണങ്ങുകയും, അവന്റെ അധികാരത്തിലും ശക്തിയിലുമുള്ള തന്റെ വിശ്വാസം, സാക്ഷ്യമായി ഏറ്റുപറയുകയും ചെയ്യുന്നത്.

എങ്കിലും, ദൈവഹിതത്തിന് അവൻ സ്വയം വിധേയപ്പെടുന്നുവെന്നതിനാലാണ്, ശുദ്ധീകരണത്തിന്റെ ദൈവതിരുമനസ്സിനായി, അവൻ തന്നെത്തന്നെ സമർപ്പിക്കുന്നത്. അതു മറ്റുള്ളവർക്ക് ബോധ്യമാക്കാനാവണം, അവന്റെ വാക്കുകൾതന്നെ ആവർത്തിച്ചു പറഞ്ഞുകൊണ്ട്, യേശു അവന് സൗഖ്യം നൽകുന്നത്.

അവന്റെ മനുഷ്യാവതാരംതന്നെ, ദൈവതിരുമനസ്സിന്റെ ഏറ്റവും വലിയ തെളിവാണല്ലോ. വിശ്വാസത്തോടെയും, പ്രതീക്ഷയോടുംകൂടി, അവനെ സമീപിച്ച ആരെങ്കിലും, നിരാശപ്പെട്ടു മടങ്ങിയതായും, നാം വി.ഗ്രന്ഥത്തിൽ കാണുന്നില്ല. നിയമത്തെ ഇല്ലാതാക്കാനല്ല, മറിച്ച്, പൂർത്തീകരിക്കാനാണ് അവൻ വന്നത് എന്നതുകൊണ്ടാകണം, യഹൂദനിയമമനുസരിച്ചു, പുരോഹിതനെ കാണാനും, കാഴ്ചയേകാനും അവൻ ആവശ്യപ്പെടുന്നത്.

സ്വയം പ്രശസ്തി ആഗ്രഹിക്കാത്തതിനാലും, തന്റെ ദൗത്യം മറക്കാത്തതിനാലും, സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതിനാലും, തന്റെ സൗഖ്യവിവരം പരസ്യപ്പെടുത്തരുതെന്ന്, അവൻ കുഷ്ഠരോഗിയെ താക്കീത് ചെയ്തു പറഞ്ഞയയ്ക്കുന്നു.

നമ്മിലെ മാനുഷീകതയുടെ അതിർവരമ്പുകളെ പൊളിച്ചുമാറ്റി, ഹൃദവിശാലതയുടെ ആത്മീയവാഹകരാകാം. ദൈവത്തിന്റെ അധികാരത്തിലും ശക്തിയിലുമുള്ള ഉറച്ചവിശ്വാസത്തോടെ, ദൈവഹിതത്തിന് സ്വയം സമർപ്പിച്ചുകൊണ്ട്, അവനായി സാക്ഷ്യം വഹിക്കാം.

പ്രതീക്ഷ കൈവിടാതെ അനുദിനം ജീവിക്കാം. അവന്റെ മാതൃക സ്വീകരിച്ചു, നിയമപാലകരായി മാറാം. നമ്മിലെ ജീവിതദൗത്യം മറക്കാതെ, സ്വയം പ്രശസ്തിയേക്കാൾ, ദൈവതിരുമനസ്സിന്‌ വിധേയപ്പെടാം..

error: Content is protected !!