Meditations Reader's Blog

ഈശോയുടെ വഴിയേ സഞ്ചരിക്കാൻ വിനയത്തോടെ പ്രാർത്ഥിക്കാം

മത്തായി 12 : 15 – 21
പിൻവാങ്ങൽ

പ്രവചനങ്ങളുടെ പൂർത്തീകരണമായിരുന്ന ഈശോ, ഏശയ്യാ പ്രവാചകനിലൂടെ അരുൾചെയ്യപ്പെട്ട ദൈവവചനത്തിന് ജീവൻ നല്കുന്നു. താൻ തിരഞ്ഞെടുക്കപ്പെട്ട ദൈവത്തിൻ്റെ ദാസനാണെന്നും, ആത്മാവു പ്രസാദിച്ച പിതാവിൻ്റെ പ്രിയപ്പെട്ടവനാണെന്നും, അവനറിയാമായിരുന്നു. കാരണം, ദൈവാത്മാവിനാലാണ് അവൻ നയിക്കപ്പെട്ടത്.

ലോകാത്മാവിൽ നിന്നും തികച്ചും വ്യത്യസ്തമായി, അവൻ വ്യാപരിക്കുന്നു. അവൻ വിജാതീയരെ ന്യായവിധി അറിയിച്ച്, അവരുടെ പ്രത്യാശയായി മാറുന്നു. തർക്കങ്ങളുടെയോ, ബഹളങ്ങളുടെയോ, തെരുവോര ശബ്ദങ്ങളുടെയോ ശൈലിയല്ല അവൻ്റേത്. നീതിയെ, ദൈവീക നീതിയെ വിജയത്തിലെത്തിക്കുന്നതാണ് അവൻ്റെ ലക്ഷ്യം.

പുകഞ്ഞതിരി കെടുത്താത്ത, ചതഞ്ഞ ഞാങ്ങണഒടിയ്ക്കാത്ത, കാരുണ്യവും വിനയവുമാണ് അവൻ്റെ മുഖമുദ്ര. അറിയപ്പെടുവാനും വെട്ടിപ്പിടിയ്ക്കുവാനുമുള്ള ലോക പ്രവണതകളിൽ നിന്നും പിൻവാങ്ങി, ഈശോയുടെ വഴിയേ സഞ്ചരിയ്ക്കുവാനുള്ള വിനയഭാവത്തിനായി നമുക്കു പ്രാർത്ഥിയ്ക്കാം.