മിഷനെ അറിയാനും, സ്നേഹിക്കാനും, വളർത്താനും ഫിയാത്ത് മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ 5 വർഷങ്ങളിലും തുടർച്ചയായി സംഘടിപ്പിക്കപ്പെട്ട ജിജിഎം ഇൻറർനാഷണൽ മിഷൻ കോൺഗ്രസിന്റെ ആറാമത് കൺവെൻഷൻ, ചങ്ങനാശ്ശേരി ചെത്തിപ്പുഴ തിരുഹൃദയ ദൈവാലയം, ക്രിസ്തു ജ്യോതി ക്യാമ്പസ് എന്നിവിടങ്ങളിൽ വച്ച് ഏപ്രിൽ 28 മുതൽ മെയ് 4 വരെ നടത്തപ്പെടുന്നു.
അതിനു മുന്നോടിയായി ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ട സമ്മേളനത്തിൽ തിരുഹൃദയ ആശ്രമത്തിൻ്റെ പ്രിയോരും ദൈവാലയ വികാരിയുമായ ഫാ. തോമസ് കല്ലുകുളം അദ്ധ്യക്ഷത വഹിക്കുകയും ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു.
മിഷൻ കോൺഗ്രസ് കോഡിനേറ്റർമാരായ ശ്രീ സിജോ ജോസഫ്, ശ്രീ ജോസ് ഓലിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറൽ മോൺ. വർഗ്ഗീസ് താനമാവുങ്കൽ, ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് ജനറൽ സിസ്റ്റർ റോസ്‌ലിൻ, FCC സന്യാസ സമൂഹത്തിന്റെ പ്രൊവിൻഷ്യൽ സിസ്റ്റർ ലിസ്മേരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
അനേകം കത്തോലിക്കാ സന്യാസാശ്രമങ്ങളുടേയും കോൺഗ്രിഗേഷനുകളുടേയും സ്ഥാപനങ്ങളുടേയും പ്രതിനിധികൾ പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യയിലെ മൂന്ന് റീത്തുകളിലെയും മിഷൻ സ്റ്റേഷനുകളിലെ വൈദികരും സിസ്റ്റേഴ്സും തങ്ങളുടെ മിഷനെ പരിചയപ്പെടുത്തുന്ന ബൃഹത്തായ മിഷൻ എക്സിബിഷൻ, മിഷൻ ഗ്യാതറിങ്ങുകൾ, മിഷൻ ധ്യാനങ്ങൾ, സിമ്പോസിയങ്ങൾ, മിഷൻ മ്യൂസിക് ബാൻഡ്, നൈറ്റ് വിജിൽ എന്നിവ ഉൾപ്പെടുന്നതാണ് ജിജിഎം മിഷൻ കോൺഗ്രസുകൾ.
കർദിനാൾമാർ , ബിഷപ്പുമാർ, വൈദികർ, സന്യസ്തർ, അത്മായ മിഷണറിമാർ എന്നിവരുടെ മഹനീയ സാന്നിധ്യമുള്ള മിഷൻ കോൺഗ്രസിൽ പങ്കുചേരാൻ എല്ലാ വിശ്വാസികളെയും ചങ്ങനാശ്ശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സ്വാഗതം ചെയ്തു.