അസാധ്യതകളെ സാധ്യതകളാക്കുന്ന വിശ്വാസം…

ലൂക്കാ 17 : 1 – 6
നാം ഉൾക്കൊള്ളേണ്ട ജീവിതപാഠങ്ങൾ

അപരന് ദുഷ്പ്രേരണ നല്കരുത്, മറ്റുള്ളവരോട് അളവില്ലാതെ ക്ഷമിക്കുക, ശക്തമായ വിശ്വാസത്തിന്നുടമകളാവുക.. ഇതെല്ലാമാണ് അവന്റെ ഉപദേശം. ഒന്നാമതായി, ദുഷ്പ്രേരണ നല്കരുത്. മറ്റൊരുവനെ പാപത്തിലേക്കോ, അവിശ്വാസത്തിലേക്കോ നയിക്കുന്ന, യാതൊരുവിധപ്രവൃത്തികളും, എന്നിൽനിന്നും ഉണ്ടാകാൻ പാടില്ല.

തെറ്റുകളും ദുഷ്പ്രേരണകളും സ്വാഭാവികമാണ്. എന്നാൽ, അത് ഞാൻ മൂലം ഉണ്ടാകരുത് എന്ന് ഓരോവ്യക്തിയും തീരുമാനിച്ചാൽ, അതാണ് അനുചിതം. ഇത് ഏറെ ഗൗരമേറിയ തെറ്റാകയാലാകണം, അതിനുള്ള ശിക്ഷയെന്നവണ്ണം, ഒരിക്കലും ഒരു തിരിച്ചുവരവുപോലും അർഹിക്കാതെ, കഴുതയുടെ തിരികല്ലു അവനായി ഒരുക്കിയത്.

കാരണം, ദുഷ്പ്രേരണമൂലം നാം രണ്ട് പാപം ചെയ്യുന്നു. സ്വയം നശിക്കുകയും, മറ്റൊരുവനെ താൻമൂലം നശിപ്പിക്കുകയും ചെയ്യുന്നു. ജീവിതത്തെക്കുറിച്ച് നിതാന്ത ജാഗ്രത പാലിക്കുകയെന്നതാണ്, ഇതിനുള്ള ഏകമാർഗ്ഗം.

രണ്ടാമതായി, ക്ഷമയുടെ പാഠം. പരിധികളില്ലാതെ ക്ഷമിക്കുക. ക്ഷമയെന്ന പുണ്യം, നിയമങ്ങൾക്കതീതമാണ്. പൂർണ്ണമായും ക്ഷമിക്കുകയെന്നതാണ് കരണീയം. തെറ്റ് ചെയ്തവർ അനുതപത്തോടെ പശ്ചാത്തപിക്കാൻ സന്നദ്ധമെങ്കിൽ, നിരുപാധികം അവനോട് ക്ഷമിക്കാൻ, ഏത് ക്രിസ്തുശിഷ്യനും തയ്യാറാകണം. അവൻ നമ്മെ പഠിപ്പിച്ച പ്രാർത്ഥനയിലും, ക്ഷമയുടെ പാഠം ഇടം നേടിയിട്ടുണ്ട് എന്നത്, മറക്കാതിരിക്കാം.

മൂന്നാമതായി, ശക്തമായ വിശ്വാസം. വിശ്വാസം ചെറുതെങ്കിലും, അതിന്റെ ഫലം വലുതാണ്. ധാരാളം ഉപമകളിലൂടെ അവൻ അത് വ്യക്തമാക്കിയതാണ്. ആയതിനാൽ, വിശ്വാസത്തിന്റെ സാധ്യതാമേഖലകളെ, അവൻ ഇവിടെ തുറന്ന് കാട്ടുന്നു.

നമ്മിലെ ചെറു വിശ്വാസംപോലും, അസാധ്യതകളെ സാധ്യതകളാക്കി മാറ്റും. നമ്മിലെ വിശ്വാസവലുപ്പമല്ല, നമ്മിലെ ചെറുവിശ്വാസത്തിൽനിന്നുപോലും ഉളവാകുന്ന, സാധ്യതകളെയാണ് നാം തിരിച്ചറിയേണ്ടത്. അവന്റെ ഈ ഉപദേശങ്ങൾ ഹൃദയത്തിൽ സ്വീകരിച്ചു, ഈ നോമ്പുകാലം കൂടുതൽ ഫലദായകമാക്കാം.

error: Content is protected !!