Meditations Reader's Blog

സ്വയം ശൂന്യവത്ക്കരണത്തിലൂടെ നിത്യജീവൻ നേടാം..

യോഹന്നാൻ 12 : 20 – 26
പുതുനാമ്പ്.

‘മഹത്വീകരണം’ എന്നാൽ, മനുഷ്യപുത്രന്റെ മരണവും ഉത്ഥാനവുമാണ് അർത്ഥമാക്കുന്നത്. സ്വജാതീയരുടെ തിരസ്ക്കരണവും, വിജാതീയരുടെ സ്വീകരണവും മുന്നിൽക്കണ്ടാണ് തന്റെ മഹത്വീകരണസമയം അവൻ പ്രഖ്യാപിക്കുന്നത്.

തന്നെ സ്വീകരിക്കുന്നവർക്കും, തന്നിൽ വിശ്വസിക്കുന്നവർക്കും, അവൻ ദൈവമക്കളാകാൻ അവസരം നൽകി. മണ്ണിൽ വീണഴിയുന്ന ഗോതമ്പുമണി പുതുനാമ്പണിയുന്നപോലെ, മനുഷ്യപുത്രനും സ്വജീവൻ നൽകി, നിത്യജീവന്റെ അച്ചാരമായി.

സ്വയം ശൂന്യവത്ക്കരണത്തിലൂടെ അവൻ സ്നേഹത്തിന്റെ കൂദാശയായി. ശുശ്രൂഷിക്കപ്പെടാതെ, മറ്റുള്ളവരെ ശുശ്രൂഷിച്ചു, അവൻ അനേകർക്ക് മോചനദ്രവ്യമായി. അവന്റെ ഈ ജീവിതമാതൃകയാണ് അവന്റെ പിന്തുടർച്ചക്കാർ എന്ന നിലയിൽ, നമ്മിലും പൂർത്തിയാകേണ്ടത്.

സ്വജീവനെ സ്നേഹിച്ചു നിത്യജീവൻ നഷ്ടമാക്കാതെ, സ്വജീവനെ മറ്റുള്ളവർക്കായി ഹോമിച്ചു, അവന്റെ പുതുജീവന്റെ പങ്കാളികളായി മാറാൻ നമുക്കും പരിശ്രമിക്കാം. സ്വയം ശൂന്യവത്ക്കരണത്തിലൂടെ നമുക്കും അത് പ്രാപ്യമാക്കാം.

തിരസ്ക്കരണങ്ങളിൽ അടിപതറാതെ, ജീവിതലക്ഷ്യങ്ങളിലും ദൗത്യങ്ങളിലും, മനസ്സും ശരീരവും ഉറപ്പിച്ചു മുന്നേറാൻ, ക്രൂശിതൻ കരുത്തേക്കട്ടെ.