ഫാ. ജയ്സൺ കുന്നേൽ mcbs
വചനം
ഇതായിരിക്കും നിങ്ങള്ക്ക് അടയാളം: പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുല്ത്തൊട്ടിയില് കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള് കാണും. ലൂക്കാ 2 : 12
വിചിന്തനം
പുൽത്തൊട്ടിയിലെ ശിശു ലോക രക്ഷയാണ്. ദൈവം ചരിത്രത്തിന്റെ ഭാഗമായപ്പോൾ വാസസ്ഥലമാക്കിയത് ഒരു എളിയ പുൽത്തൊട്ടിയായിരുന്നു. അങ്ങനെ, മനുഷ്യ ചരിത്രത്തിൽ ഒരു പുതിയ പിറവി ബത്ലേഹമിലെ പുൽത്തൊട്ടിയിൽ ആരംഭം കുറിക്കുന്നു. ആർക്കും ഏറ്റവും എളിയവർക്കുപോലും സമീപിക്കാൻ കഴിയുന്ന ആ ശിശു ദൈവമാണ്.
ലോകത്തിനു ജീവൻ നൽകാൻ പിതാവായ അയച്ച പ്രിയപുത്രനാണ്. വചനം മാംസമായി മന്നിൽ അവതരിച്ചതിൻ്റെ ഓർമ്മ ആഘോഷിക്കാൻ ഒരുങ്ങുന്ന ഈ ആഗമനകാലത്തിൽ മണ്ണിന്റെ മണമുള്ള മക്കളായ നമുക്ക് ആ ശിശുവിലേക്ക് നടന്നടുക്കാം , അവനെ നമുക്കാരാധിക്കാം.
പ്രാർത്ഥന
പിതാവായ ദൈവമേ, ലോക രക്ഷക്കായി സ്വപുത്രനെ നൽകിയ അങ്ങേ സ്നേഹത്തെ ഞങ്ങൾ വാഴ്ത്തുന്നു. ആ ദിവ്യശിശു, ഞങ്ങളെ ആശ്ലേഷിക്കുന്ന, കൂടെ നടക്കുന്ന ദിവ്യസ്നേഹമായി എന്നും കൂടെയുണ്ട്.
ആ ദിവ്യ പൈതലിൻ്റെ സാന്നിധ്യം ഞങ്ങളുടെ ജീവിതത്തിൽ അനുഭവിക്കാൻ ഞങ്ങളുടെ ഹൃദയങ്ങളും കണ്ണുകളും തുറക്കണമേ. അവൻ്റെ കൊച്ചു വാക്കുകൾക്കു നേരേ ചെവികൊടുക്കാൻ ഞങ്ങളെ പരിശീലിപ്പിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.
സുകൃതജപം
പുൽകൂട്ടിലെ ഉണ്ണീശോയെ, എൻ്റെ ആശ്രയമ!