കടുത്തുരുത്തി : ക്രൈസ്തവ ഐക്യത്തിനായുള്ള ആഗോള പ്രാർത്ഥനാ വാരം ജനുവരി 18 മുതൽ 25 വരെ കേരളത്തിലും സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി സീറോ മലബാർ സഭയുടെ ആതിഥേയത്വത്തിൽ കടുത്തുരുത്തി മർത്ത് മറിയം ഫൊറോനാ താഴത്തു പള്ളിയിൽ വച്ച് കെസിബിസി എക്യുമെനിക്കൽ കമ്മീഷന്റെയും കെ സി സി യുടെയും ആഭിമുഖ്യത്തിൽ ആറാം ദിവസത്തെ പ്രാർത്ഥന ഇരുപത്തിമൂന്നാം തീയതി വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ക്രമീകരിക്കുന്നു.
എ ഡി 325 ൽ നിഖ്യായിൽ നടന്ന ആദ്യ ക്രൈസ്തവ എക്യുമെനിക്കൽ സൂനഹദോസിന്റെ 1700 ആം വാർഷികത്തോടനുബന്ധിച്ചാണ് 2025ലെ പ്രാർത്ഥനാവാരം ചരിത്രത്തിൽ ആദ്യമായി കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ എക്യുമെനിസം & ഇന്റർ റിലീജിയസ് ഡയലോഗ് കമ്മീഷനും കേരള ക്രിസ്ത്യൻ കൗൺസിലും സംയുക്തമായി ആചരിച്ചു തുടങ്ങാൻ തീരുമാനിച്ചത്.
17 നൂറ്റാണ്ടുകൾക്ക് മുമ്പ് ക്രൈസ്തവസഭകളെല്ലാം പൂർണ്ണ ഐക്യത്തിൽ ആയിരുന്ന ആദ്യ നാലു നൂറ്റാണ്ടുകളുടെയും മലങ്കരയിലെ മാർത്തോമാ നസ്രാണി സമുദായം 17-)o നൂറ്റാണ്ടു വരെ ഒരൊറ്റ ജാതിയും സമുദായവും ആയിരുന്നതിന്റെയും ഓർമ്മകൾ പുതുക്കുകയും പ്രാർത്ഥനയിലൂടെയും പഠനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ക്രൈസ്തവ ഐക്യത്തിനായി പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് കടുത്തുരുത്തിയിലെ സമ്മേളനത്തിൽ പ്രകാശിതമാകുന്നത്.
1968 മുതലാണ് കത്തോലിക്കാ സഭയുടെ ക്രൈസ്തവ ഐക്യത്തിന്റെ പ്രോത്സാഹനത്തിനായുള്ള ഡിക്കാസ്ട്രിയും വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ ഫെയ്ത്ത് ആൻഡ് ഓർഡർ കമ്മീഷനും ചേർന്നു തയ്യാറാക്കുന്ന പ്രാർത്ഥനകൾ ക്രൈസ്തവ ഐക്യ പ്രാർത്ഥന വാരത്തിന് ഉപയോഗിച്ചു തുടങ്ങിയത്.
ആഗോളതലത്തിലും ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും ക്രൈസ്തവ ലോകം സമാനതകൾ ഇല്ലാത്ത പ്രതിസന്ധികളെ നേരിടുന്ന കാലഘട്ടത്തിൽ സഭൈക്യ പ്രവർത്തനങ്ങൾക്ക് പ്രസക്തിയറുകയാണ്.
ഒന്നാം നൂറ്റാണ്ടു മുതൽ നസ്രാണി ക്രൈസ്തവ സാന്നിധ്യം ഉള്ള കടുത്തുരുത്തിയിൽ വച്ച് ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാവാരം സംഘടിപ്പിക്കുമ്പോൾ മാർത്തോമൻ പൈതൃകം ഉള്ള പൗരസ്ത്യ സഭകളുടെ കൂട്ടായ്മയ്ക്ക് കൂടുതൽ ബലമേകും.
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർ ഫ്രാൻസിസ് പാപ്പായും മുൻഗാമികളും പാശ്ചാത്യവും പൗരസ്ത്യവും ആയ എല്ലാ സഭകളുടെയും പൂർണ്ണ ഐക്യത്തിനായുള്ള ആഹ്വാനങ്ങളും പ്രാർത്ഥനകളും എല്ലാവർഷങ്ങളിലും നടത്താറുണ്ട്.