കാർലോ അക്യൂട്ടിസ് വിശുദ്ധപദവിയിലേക്ക്

കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കുന്നതിന് കംപ്യൂട്ടർ പരിജ്ഞാനം ഉപയോഗിച്ച കാർലോ അക്യൂട്ടിസ് വിശുദ്ധന്മാരുടെ ഗണത്തിലേക്ക്. ലാപ്ടോപ്പും സമൂഹമാധ്യമങ്ങളും ജപമാലയും ജീവിതത്തിൽ സമന്വയിപ്പിച്ച് വിശ്വാസ പ്രചാരണത്തിൽ പുതിയ പാത തുറന്നശേഷം 15–ാം വയസ്സിൽ അന്തരിച്ച ഈ കംപ്യൂട്ടർ പ്രതിഭയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിന് ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി തീരുമാനിച്ചു.

കാർലോയുടെ മധ്യസ്ഥതയിൽ കോസ്റ്ററിക്കയിൽ നിന്നുള്ള കൗമാരക്കാരി, ഫ്ലോറൻസിൽ വിദ്യാർഥിയായിരുന്ന വലേറിയയ്ക്ക് അപകടത്തെത്തുടർന്നുണ്ടായ ഗുരുതരാവസ്ഥയിൽ നിന്ന് സൗഖ്യം ലഭിച്ചത് രണ്ടാമത്തെ അദ്ഭുതമായി സമിതി അംഗീകരിച്ചു.

ബ്രസീലിൽ ഒരു ബാലൻ രോഗസൗഖ്യം നേടിയത് കാർലോയുടെ മധ്യസ്ഥതയിലാണെന്നു സാക്ഷ്യപ്പെടുത്തിയതിനെ തുടർന്ന് 2020 ഒക്ടോബർ 10നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

ഈ നൂറ്റാണ്ടിൽ കത്തോലിക്കാസഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയവരിൽ പ്രായം കുറഞ്ഞയാളും ആദ്യ കംപ്യൂട്ടർ പ്രതിഭയുമാണ്. ലണ്ടനിൽ ജനിച്ച് മിലാനിൽ വളർന്ന കാർലോ 11–ാം വയസ്സിൽ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിനു തുടക്കമിട്ടത്.

വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭ അംഗീകരിച്ച അദ്ഭുതങ്ങൾ രേഖപ്പെടുത്തി ശ്രദ്ധേയനായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 136 വിശ്വാസ അദ്ഭുതങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തി, വെർച്വൽ മ്യൂസിയം സൃഷ്ടിച്ചു. പന്തുകളിയും വിഡിയോ ഗെയിമുകളുമായിരുന്നു ഇഷ്ടം.

വെബ്സൈറ്റുകൾ ഉണ്ടാക്കാൻ കംപ്യൂട്ടറിനു മുൻപിലെന്നപോലെ മണിക്കൂറുകൾ പ്രാർഥനയ്ക്കും ചെലവിട്ടു. രക്താർബുദം ബാധിച്ച് 2006 ൽ ഒക്ടോബർ 12ന് മരിക്കും വരെ സജീവസാക്ഷ്യം തുടർന്നു. കഴിഞ്ഞ വർഷം പോർച്ചുഗലിൽ നടന്ന ലോക യുവജനദിനത്തിന്റെ മധ്യസ്ഥൻ കാർലോ ആയിരുന്നു.

error: Content is protected !!