News Reader's Blog Social Media

മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിൽ; പ്രതിഷേധ സദസ്സുമായി കെ.സി.വൈ.എം. മാനന്തവാടി രൂപത

ദ്വാരക: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് എന്ന വ്യാജ ആരോപണം ചുമത്തി മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ദ്വാരക നാലാംമൈലിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

കെ.സി.വൈ.എം രൂപത പ്രസിഡന്റ് ബിബിൻ പിലാപ്പിള്ളിൽ അധ്യക്ഷത വഹിച്ച യോഗം, ദ്വാരക ഫൊറോന വികാരി ഫാ. ബാബു മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. നിരപരാധികൾക്കെതിരായ ഇത്തരം അതിക്രമങ്ങൾ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രൂപത സെക്രട്ടറി ഡ്യൂണ മരിയ കിഴക്കേമണ്ണൂർ സ്വാഗതമാശംസിച്ചു.

കെ.സി.വൈ.എം മാനന്തവാടി രൂപത മുൻ പ്രസിഡന്റ് സജിൻ ചാലിൽ മുഖ്യപ്രഭാഷണം നടത്തി. കന്യാസ്ത്രീകളെ നിരുപാധികം വിട്ടയക്കണമെന്നും അവർക്കെതിരായ വ്യാജക്കേസ് പിൻവലിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ.കെ.സി.സി. രൂപത വൈസ് പ്രസിഡന്റ് റെനിൻ കഴുതാടിയിൽ, സന്യസ്ത സമൂഹങ്ങളുടെ പ്രതിനിധിയായി സി. ജെസ്സി പോൾ എസ്.എച്ച് എന്നിവർ സംസാരിച്ചു. കെ.സി.വൈ.എം രൂപത സെക്രട്ടറിയേറ്റ്, സിൻഡിക്കേറ്റ് അംഗങ്ങളും പ്രതിഷേധത്തിന് അഭിവാദ്യമർപ്പിച്ചു.

കെ.സി.വൈ.എം, ചെറുപുഷ്പ മിഷൻലീഗ്, എ.കെ.സി.സി, മാതൃവേദി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും പ്രവർത്തകരും പ്രതിഷേധത്തിന് നേതൃത്വം നൽകി. വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ, സന്യസ്തർ, അൽമായ പ്രതിനിധികൾ, പ്രദേശവാസികൾ എന്നിവരടക്കം മുന്നൂറിലധികം പേർ പങ്കെടുത്തു.