ചങ്ങനാശ്ശേരി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന കേരള നിയമസഭയുടെ പ്രമേയം പുനഃപരിശോധിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാസമിതി ആവശ്യപ്പെട്ടു. വഖഫ് നിയമത്തിലെ അപാകതകൾ നിറഞ്ഞതും നീതിരഹിതവുമായ വകുപ്പുകൾ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമം ശ്ലാഘനീയമാണെന്നും സമിതി വിലയിരുത്തി.
നിയമത്തിൻ്റെ പിൻബലത്തിൽ പല സ്ഥലങ്ങളിലും നിരവധി ആളുകളുടെ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്ന സംഭവങ്ങൾ പൊതുസമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്.
ജീവിക്കുന്ന മണ്ണിൽ നിലനിൽപ്പിനായി പോരാടുന്ന ചെറായി – മുനമ്പം നിവാസികളുടെ രോദനം കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികൾ പരിഗണിക്കാത്തത് പക്ഷപാതപരവും അപലപനീയവുമാണെന്ന് സമിതി അഭിപ്രായപ്പെട്ടു.
അതിരൂപതാ കേന്ദ്രത്തിൽ സമിതി ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം പ്രൊഫ. ഡോ റൂബിൾ രാജ് ഉദ്ഘാടനം ചെയ്തു. അഡ്വ. ഡെന്നിസ് ജോസഫ് വിഷയാവതരണം നടത്തി. അതിരൂപതാ പി.ആർ.ഒ. അഡ്വ.ജോജി ചിറയിൽ മോഡറേറ്ററായിരുന്നു.
ശ്രീ. സെർജി ആൻ്റണി, ശ്രീ. ബിജു സെബാസ്റ്റ്യൻ, ശ്രീ. ജോബി പ്രാക്കുഴി, ഡോ.ജാൻസിൻ ജോസഫ്, അഡ്വ. ജോർജ് വർഗീസ് കോടിക്കൽ, ശ്രീ.റെജി ചാവറ, ശ്രീ. ടോം ജോസഫ്, ശ്രീ. ആൻ്റണി എം.എ, ശ്രീ.അമൽ സിറിയക്, ശ്രീ. ജോയൽ ജോൺ റോയി, എന്നിവർ പ്രസംഗിച്ചു.