പുതിയ തലമുറയിലുള്ളവരെ തമ്മിലടിപ്പിച്ച് കത്തോലിക്ക സമുദായത്തിന്റെ ശക്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞു മുന്നോട്ട് പോകണമെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഇരുന്നൂറ്റിപ്പത്ത് യൂണിറ്റുകളില്‍നിന്നുള്ള കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളുടെ നേതൃസമ്മേളനവും ഗ്ലോബല്‍ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും ചെമ്പേരി മദര്‍ തെരേസ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലബാറിലേക്ക് കുടിയേറിയ പൂര്‍വപിതാക്കന്മാര്‍ സകല പ്രതിസന്ധികളെയും അതിജീവിച്ചവരാണെന്നും അവരുടെ പിന്‍തലമുറക്കാരായ നാം കത്തോലിക്ക സഭയില്‍ ഒറ്റക്കെട്ടായി നിലകൊള്ളുമ്പോള്‍ സമുദായം കൂട്ടായ്മയുടെയും കെട്ടുറപ്പിന്റെയും സജീവസാക്ഷ്യമാകുമെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.
അടുത്ത കാലത്തായി സഭയില്‍ അവിടെയും ഇവിടെയും ചില നിസാര പ്രതിസന്ധികള്‍ ഉണ്ടെന്നുള്ളത് സത്യമാണ്. പക്ഷേ, അതുകണ്ട് സഭ ഇല്ലാതാകുകയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. സകല പ്രതിസന്ധികളെയും അതിജീവിക്കാന്‍ കരുത്തുള്ള നമ്മുടെ കര്‍ത്താവ് ഈശോമിശിഹായുടെ കാല്‍വരിയിലെ തിരുരക്തത്തിന്റെ കൃപയാണ് ഓരോ ക്രൈസ്തവരുടെയും സിരകളില്‍ ഒഴുകുന്നതെന്ന് മാര്‍ പാംപ്ലാനി ഓര്‍മിപ്പിച്ചു.
അതിരൂപതാ പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. അതിരൂപത സെക്രട്ടറി ജിമ്മി ആയിത്തമറ്റം ആമുഖപ്രഭാഷണവും ഗ്ലോബല്‍ ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണവും നടത്തി.
സാമുദായിക ശാക്തീകരണത്തിന് കത്തോലിക്ക കോണ്‍ഗ്രസ് എന്ന വിഷയത്തില്‍ അതിരൂപത ചാന്‍സലര്‍ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേലും സംഘടന സംവിധാനം എന്ന വിഷയത്തില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിലും ക്ലാസുകള്‍ നയിച്ചു.
ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, അതിരൂപത വൈസ് പ്രസിഡന്റ് ഷിനോ പാറയ്ക്കലിന് നല്‍കി മാര്‍ഗരേഖ പ്രകാശനം ചെയ്തു. വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി, ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്ക റെക്ടര്‍ റവ. ഡോ. ജോര്‍ജ് കാഞ്ഞിരക്കാട്ട്, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ട്രഷറര്‍ അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റുമാരായ കെ.പി. സാജു, ട്രീസ ലിസ് സെബാസ്റ്റ്യന്‍, ബെന്നി ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ടൗണ്‍ ചുറ്റി ഓഡിറ്റോറിയത്തിലേക്ക് നടത്തി റാലി ശ്രദ്ധേയമായി. ഗ്ലോബല്‍ ഭാരവാഹികളെ പ്രവേശന കവാടത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് വേദിയില്‍ സമുദായചരിത്രം വീഡിയോ പ്രദര്‍ശിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത വൈസ് പ്രസിഡന്റ് ബെന്നിച്ചന്‍ മഠത്തിനകത്ത് മാര്‍ ജോസഫ് പാംപ്ലാനിയെ പുഷ്പകിരീടം അണിയിച്ച് ആദരിച്ചു.