കേരളത്തില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച് അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ വകുപ്പുകളുടെ വിഭജനത്തില്‍ സമുദായ പരിഗണന ഉറപ്പുവരുത്തി മുഖ്യകക്ഷിയായ കോണ്‍ഗ്രസ് പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം എന്നീ വകുപ്പുകള്‍ ഏറ്റെടുത്ത് നീതി പാലിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതി ആവശ്യപ്പെട്ടു.
പുതുമയാര്‍ന്നതും കുട്ടികള്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഉണര്‍ത്തുന്നതുമായ പഠന മേഖലകള്‍ കേരളത്തില്‍ ഉണ്ടാകേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ആയതിനാല്‍ ഭരണത്തിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് തന്നെ ഈ വകുപ്പ് ഏറ്റെടുക്കണം. ന്യൂനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട് കലാകാലങ്ങളായി അവഗണന നേരിടുന്ന ക്രൈസ്തവ സമൂഹത്തിനു യോജ്യമായ പരിഗണന ലഭ്യമാകണം.
അതിരൂപതാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അതിരൂപത ഡയറക്ടര്‍ ഫാ.ഡോ. സാവിയോ മാനാട്ട് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, വൈസ് പ്രസിഡന്റുമാരായ ജോര്‍ജുകുട്ടി മുക്കത്ത്, ഷിജി ജോണ്സണ്, റോസിലിന് കുരുവിള, രാജേഷ് ജോണ്‍, അഡ്വ. മനു ജെ. വരാപ്പള്ളി, ലിസി ജോസ്, കുഞ്ഞ് കളപ്പുര, സെബാസ്റ്റ്യന്‍ വര്‍ഗീസ്, കെ.എസ്. ആന്റണി, ജെസി ആന്റണി, സിസി അമ്പാട്ട്, ജോസി ഡൊമിനിക്, സിനി പ്രിന്‍സ് എന്നിവര്‍ പ്രസംഗിച്ചു.




