ഇംഗ്ലണ്ടിലെ നോര്‍ത്തുമ്പ്രിയായില്‍ ജനിച്ച വില്‍ഫ്രഡ് തന്റെ കാലഘട്ടത്തിലെ മഹാന്മാരില് ഒരാളായിരുന്നു. റോമിന്റെ പരമാധികാരം ഇംഗ്ലണ്ടില്‍ സ്ഥാപിച്ചെടുക്കുവാന്‍ അശ്രാന്തം അദ്ധ്വാനിച്ച വ്യക്തിയുമായിരുന്നു. കുലീന കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന് കാന്റര്‍ബറിയിലും മറ്റും വിദ്യാഭ്യാസം ചെയ്യാന്‍ കഴിഞ്ഞു. റോമിനു പോയ വി. ബനഡിക്ടിനെ അനുഗമിക്കാന്‍ ഭാഗ്യം ലഭിച്ച യുവാവും ഇദ്ദേഹമായിരുന്നു.
റോമില്‍ നിന്നു തിരിച്ചെത്തിയ വില്‍ഫ്രഡ് റിപ്പണില്‍ ഒരു ആശ്രമം സ്ഥാപിച്ചു. 24-ാമത്തെ വയസ്സില്‍ അതിന്റെ ആബട്ടായി. ബനഡിക്ടന്‍ ആശ്രമത്തിന്റെ നിയമങ്ങളാണ് അദ്ദേഹം സ്വീകരിച്ചത്. അഞ്ചുവര്‍ഷം കഴിഞ്ഞ് പൗരോഹിത്യം സ്വീകരിച്ചു.
664-ല്‍ നടന്ന പ്രസിദ്ധമായ വിറ്റ്ബി സിനഡില്‍, ഈസ്റ്റര്‍ ആചരണം സംബന്ധിച്ചും മറ്റുമുണ്ടായിരുന്ന വ്യത്യസ്ത അഭിപ്രായങ്ങള്‍ തിരസ്ക്കരിക്കാനും റോമിന്റെ ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ അംഗീകരിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
അധികം കഴിയുന്നതിനു മുമ്പ് വില്ഫ്രഡിനെ യോര്‍ക്കിന്റെ ആര്‍ച്ചു ബിഷപ്പാക്കി. തുടര്‍ന്ന് അനേകം ബനഡിക്ടൈന്‍ ആശ്രമങ്ങള്‍ക്ക് അടിസ്ഥാനമിട്ടു. എന്നാല്‍, എഗ്ഫ്രിഡ് രാജാവും വി. തിയഡോറും കൂടി വില്ഫ്രെഡിന്റെ അതിരൂപത മൂന്നായി തിരിക്കാനുള്ള ശ്രമം തുടങ്ങി.
വില്‍ഫ്രെഡ് ഇതിനെതിരെ പരാതിയുമായി റോമില്‍ മാര്‍പാപ്പയുടെ മുന്നിലെത്തി. ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു ഇംഗ്ലീഷ് പ്രതിനിധി റോമില്‍ പരാതിയുമായി പോകുന്നത്. തന്റെ ഭാഗം ജയിച്ചെങ്കിലും യോര്‍ക്കില്‍ തിരിച്ചെത്തിയ അദ്ദേഹത്തെ രാജാവ് തടവിലാക്കി നാടുകടത്തി.
അതിനുശേഷം സസ്സെക്സിലും വെസ്സെക്സിലുമായി അഞ്ചുവര്‍ഷം വചനപ്രഘോഷണം നടത്തി. സീഡ്വാലാ രാജാവിനെ മാനസാന്തരപ്പെടുത്തി. എങ്കിലും, 686 ലാണ് ഒത്തുതീര്‍പ്പാക്കി യോര്‍ക്കിലേക്ക് തിരികെപ്പോകാന്‍ കഴിഞ്ഞത്. 709 ഏപ്രില്‍ 24-ന് വില്‍ഫ്രഡ് അന്തരിച്ചു.