കത്തോലിക്ക കോൺഗ്രസിന്റെ 106ആം വാർഷിക സമ്മേളനം

ഈരാറ്റുപേട്ട : വിശ്വാസത്തിന്റെയും പോരാട്ടത്തിന്റെയും അരുവി തീർത്ത് കത്തോലിക്കാ കോൺഗ്രസിന്റെ ഉജ്വല സമുദായ സമ്മേളനറാലി. കർഷകരെ അവഗണിക്കുന്ന ഭരണക്കാർക്കും പ്രതിപക്ഷത്തിനു താക്കീതായി കോരിച്ചൊരിയുന്ന മഴയെ കൂസാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ആയിരങ്ങളാണ് റാലിയിൽ അണിചേർന്നത്.

അരുവിത്തുറ കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി ഈരാറ്റുപേട്ട നഗരം ചുറ്റി അരുവിത്തുറ പള്ളി അങ്കണത്തിൽ സമാപിച്ചു. ക്രൈസ്തവ സഭകൾ കേരളത്തിന് നൽകിയ സംഭാവനകളെ കണ്ടില്ലെന്ന് നടിക്കുന്നവർക്കെതിരേയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്ത ഭരണകൂടങ്ങൾക്കെതിരേയും റാലിയിൽ മുദ്രാവാക്യമുയർന്നു.

ഹിന്ദു-മുസ്ലിം-ക്രൈസ്തവ സാഹോദര്യത്തിനായുള്ള മുദ്രാവാക്യങ്ങളും റാലിയിൽ ഉയർന്നു. സമാപന സമ്മേളനം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പാരമ്പര്യം നഷ്ടപ്പെട്ടാല്‍ ആമകളെ പോലെ ഉള്ളിലേയ്ക്ക് വലിയുകയും വളയുകയും ചെയ്യുമെന്നും അമിതമായ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സഭ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം എകെസിസി മുന്‍രംഗത്ത് ഇറങ്ങി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമുദായങ്ങള്‍ ഒറ്റപ്പെട്ടല്ല നില്‍ക്കേണ്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൃഷിക്കാര്‍ക്കും പ്രത്യേക കര്‍മ പദ്ധതികള്‍ രൂപീകരിക്കണം. സമുദായങ്ങള്‍ അംഗങ്ങളെ നന്‍മയില്‍ വളര്‍ത്തണം. കുടിയേറ്റം ഒരിക്കലും കയ്യേറ്റമല്ല. ജനസംഖ്യയിലെ കുറവ് നമ്മുടെ സമുദായത്തിന്റെ ബലഹീനതയാണ്.

അന്യരാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റവും ബാധിക്കുന്നുണ്ട്. സമുദായത്തിലെ ദളിതരെ സമുദ്ധരിക്കാന്‍ നമുക്ക് കഴിയാതെ പോകുന്നുണ്ട്. മദ്യവും മയക്കുമരുന്നും വഴി സമുദായം ബലഹീനമാകുന്നു. സമുദായബോധം പകര്‍ന്നുതന്നവരെ കുറിച്ച് സവിസ്തരം പഠിക്കാന്‍ തയാറാകണം.

സമുദായബോധം സഭയുടെ അവിഭക്ത ഘടകമാണ്. സഭാ ചരിത്രവും വിജ്ഞാനവും മാറ്റിനിര്‍ത്തി സമുദായം എന്ന നിലയില്‍ വളരാന്‍ കഴിയില്ല. സഭയും സമുദായവും ഒന്നിച്ചുപോകേണ്ടതാണ്. സുദായബോധവല്കരണം തീവ്രമായ നിലയില്‍ നടത്തണം. അത് കേവലം സംവരണബോധമല്ല.

ഉത്തരവാദിത്വങ്ങളും നിറവേറ്റണം. സഭയുടെ അടിസ്ഥാന പരാമ്പര്യങ്ങള്‍ ഉറങ്ങിപോകാറുണ്ട്. അതിനെല്ലാം ഉണര്‍വ് നല്കിയത് കത്തോലിക്കാ കോണ്‍ഗ്രസാണ്. പ്രതിസന്ധികളിലെല്ലാം അവര്‍ ഇറങ്ങി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സാമ്പത്തിക സംവരണ പരിധി സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്.

പഞ്ചായത്തുകളില്‍ രണ്ടരയേക്കര്‍ പരിധി 5 ഏക്കറായും വാര്‍ഷികവരുമാനം 8 ലക്ഷവും ആക്കി ഉയര്‍ത്തണം. അല്ലെങ്കില്‍ നിരവധി കുടുംബങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ പട്ടികയില്‍ നിന്നും പുറത്താകും. ജെബി കോശി റിപോര്‍ട്ട് അടിയന്തിരമായി പുറത്തുവിടണം.

നിരവധി ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ കേന്ദ്രം റദ്ദാക്കി. അതിനെല്ലാം എതിരായി ശക്തമായ സ്വരം ഉയരണം. സമുദായബോധത്തിനായി ശരീരവും ആത്മാവും ഒന്നിച്ചുചേരണം.

നസ്രാണികളുടെ സമുദായത്തിന്റെ ബലം എന്താണെന്ന് രാജ്യം തിരിച്ചറിയണം. എണ്ണത്തേക്കാള്‍ മഹത്വും സ്വാധീനവും നമുക്കുണ്ട്. വ്യക്തിപരമായി നിലനിന്നാല്‍ പോരാ സഭയായി നിലനില്‍ക്കാന്‍ സാധിക്കണമെന്നും ബിഷപ് ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.

രാഷ്ടീയനേതാക്കളും മുന്നണികളും കേവലം വോട്ടുബാങ്കായി മാത്രം ക്രൈസ്തവരെ കാണുകയാണെന്നും ആവശ്യങ്ങളും അവകാശങ്ങളും മുഖത്തുനോക്കി ആവശ്യപ്പെടേണ്ട സമയമാണെന്നും ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ പറഞ്ഞു.

സമുദായത്തിന്റെ അവകാശങ്ങള്‍ക്കും സമൂഹത്തിന്റെ നന്‍മയ്ക്കുവേണ്ടിയും മുന്നിട്ടിറങ്ങണം. അത് ആര്‍ക്കും എതിരായല്ല. യുവസമൂഹം വിദേശങ്ങളിലേയ്ക്ക് കുടിയേറുമ്പോള്‍ ഇവിടെ ജോലിയുണ്ട് എന്ന് പറയാന്‍ നമുക്കാകുന്നില്ല. വഴിവിട്ട നിയമനങ്ങളും സംവരണങ്ങളും നമുക്ക് വിലങ്ങുതടിയാകുന്നു. സ്വന്തം നാടുവിട്ട് പോകാന്‍ നമ്മുടെ യുവസമൂഹം നിര്‍ബന്ധിതരാകുകയാണ് -അദ്ദേഹം പറഞ്ഞു.

error: Content is protected !!