News Social Media

വഖഫ് നിയമത്തില്‍ കാലോചിതമായ മാറ്റം അനിവാര്യം: കത്തോലിക്ക കോണ്‍ഗ്രസ്

വഖഫ് നിയമത്തില്‍ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. വിവിധ സ്ഥലങ്ങളില്‍ നിയമത്തിന്റെ മറവില്‍ അവകാശവാദം ഉന്നയിക്കാന്‍ അനുവാദം നല്‍കുന്ന ഇപ്പോഴത്തെ വഖഫ് നിയമം അന്യായമാണ്.

ഏതൊരു മതത്തിനും സമുദായത്തിനും അതിന്റെ നിലനില്‍പിനും വളര്‍ച്ചയ്ക്കുംവേണ്ടി സ്വത്ത് ആര്‍ജിക്കുന്നതിനും സംരക്ഷിക്കുന്നതിനും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. അതുകൊണ്ടുതന്നെ വഖഫ് ബോര്‍ഡ് നിലനില്‍ക്കണം.

പ്രസ്തുത ബോര്‍ഡില്‍ അതേ സമുദായ അംഗങ്ങള്‍ തന്നെയാണ് വേണ്ടതെന്നതില്‍ സംശയമില്ല. എന്നാല്‍ ഇപ്പോഴത്തെ നിയമപ്രകാരം കാലപരിധിയില്ലാതെ വഖഫ് എന്ന് അനുമാനിക്കുന്ന ഏത് ഭൂമിയും വഖഫിന് അവകാശപ്പെടാം.

അതോടെ ആ ഭൂമിയുടെ അവകാശിയുടെ റവന്യൂ അവകാശങ്ങള്‍ വഖഫ് ബോര്‍ഡ് നിര്‍ദേശപ്രകാരം വില്ലേജില്‍ തടയപ്പെടുന്ന അവസ്ഥയാണ്. പരിധിയില്ലാത്ത നിയമത്തിന്റെ മറവില്‍ പണം കൊടുത്ത് വാങ്ങിയവരുടെപോലും സ്ഥലങ്ങള്‍ പിടിച്ചെടുക്കാനുള്ള അവകാശം തികച്ചും തെറ്റാണ്.

വഖഫ് നിയമഭേദഗതിക്ക് എതിരെ കേരളത്തിലെ ഭരണ, പ്രതിപക്ഷങ്ങള്‍ ഒരുമിച്ച് പ്രമേയം കൊണ്ടുവന്നത് മുനമ്പം ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്.

വോട്ട് ബാങ്ക് പ്രീണനത്തിനുവേണ്ടി ഇവര്‍ നടത്തുന്ന വ്യഗ്രത ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ല. മുനമ്പംപോലെ വഖഫ് അവകാശവാദം ഉന്നയിക്കുന്ന മറ്റ് സ്ഥലങ്ങളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തണം.

നിയമം കുറ്റമറ്റതാക്കിക്കൊണ്ട് നിയമവിരുദ്ധ അവകാശവാദങ്ങള്‍ അസാധുവാക്കി നീതി നടപ്പാക്കുകയാണ് വേണ്ടതെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പറഞ്ഞു. യോഗത്തിൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു.

ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ജോസ്‌കുട്ടി ഒഴുകയില്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഡോ. കെ.എം ഫ്രാന്‍സിസ്, ഡോ. ചാക്കോ കാളംപറമ്പില്‍, ഫിലിപ്പ് വെളിയത്ത് എന്നിവര്‍ പ്രസംഗിച്ചു.