ദരിദ്രരോട് സുവിശേഷം പ്രസംഗിക്കൂ എന്ന യേശുക്രിസ്തുവിന്റെ ആഹ്വാനം ശിരസാ വഹിച്ച്, സുവിശേഷത്തെയും യേശുസ്നേഹത്തെയും പ്രതി സ്വയം ബലിയായി തീര്‍ന്ന മഹത് വ്യക്തിയാണ് വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ.
ദൈവവിളി സ്വീകരിച്ച് ഉത്തരേന്ത്യയില്‍ സുവിശേഷ വേലയ്ക്കായി പുറപ്പെട്ട സിസ്റ്റര്‍ റാണി മരിയ 1995 ഫെബ്രുവരി 25നാണ് രക്തസാക്ഷിയായത്. ഉത്തരേന്ത്യയിലെ പാവങ്ങളുടെ ഉന്നമനത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍, അവരോട് യേശുസ്നേഹത്തെ കുറിച്ച് സംസാരിച്ചതിന്റെ പേരില്‍ 54 മുറിവുകളാണ് അവള് സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങിയത്.
മരണത്തിനും തോല്‍പ്പിക്കാനാവാത്ത ദൈവസ്നേഹത്തിന്റെ നെയ്ത്തിരിയാണ് തന്റെ രക്തസാക്ഷിത്വത്തിലൂടെ സഭയ്ക്കും ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികള്‍ക്കും വാ. റാണി മരിയ പകര്‍ന്നേകിയത്. റാണി മരിയയുടെ രക്തസാക്ഷിത്വം വഴി ഭാരത സഭയ്ക്ക് ഒരു യഥാര്‍ത്ഥ ക്രിസ്തുശിഷ്യയുടെ ചുടുനിണം നുകരാനുള്ള ഭാഗ്യം ലഭിച്ചു.
ബന്ധിതരെ മോചിക്കാനും ദരിദ്രരോട് സുവിശേഷം പ്രഘോഷിക്കാനുമായി വന്ന ദിവ്യരക്ഷകനായ ഈശോയുടെ ദൗത്യം തന്റെ ജീവിതനിയോഗമായി തിരിച്ചറിഞ്ഞ റാണി മരിയ അങ്ങനെ അക്ഷരാര്‍ഥത്തില്‍ ഒരു റാണി തന്നെയായി മാറി. ഇന്ന് ക്രിസ്തുവിന്റെയും പാവപ്പെട്ടവരുടെയും ലോകം മുഴുവന്റെയും വിശ്വാസ റാണിയാണ് അവള്. ദൈവവിളി സ്വീകരിച്ച നിമിഷം മുതല്‍ തന്റെ വിളിയോട് പരിപൂര്‍ണ വിശ്വസ്തത പുലര്‍ത്താന്‍ ബദ്ധശ്രദ്ധയായിരുന്നു സി. റാണി മരിയ.
ശരീരത്തെ കൊല്ലുന്നതില്‍ കവിഞ്ഞ് ഒന്നും ചെയ്യാന്‍ കഴിവില്ലാത്തവരെ നിങ്ങള്‍ ഭയപ്പെടേണ്ട എന്ന തിരുവചനം അവള്‍ക്ക് എപ്പോഴും പ്രചോദനമായി നിലനിന്നു.
ഉത്തരേന്ത്യയിലെ പാവപ്പെട്ട ഉള്‍ഗ്രാമങ്ങളിലേക്ക് കടന്നുചെന്ന്, ശബ്ദമില്ലാത്തവരുടെ ശബ്ദമായും അക്ഷരജ്ഞാനമില്ലാത്തവര്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നും ഗ്രാമവാസികളെ സ്വയം പര്യാപ്തതയിലേക്ക് അവള് നയിച്ചു.
വിവിധതരം അടിമത്തം അനുഭവിച്ചവരെ സ്വാതന്ത്ര്യത്തിലേക്കും സ്വയം പര്യാപ്തതയിലേക്കും കൈപിടിച്ചു നടത്തിയത് എതിരാളികളെ പ്രകോപിച്ചുവെങ്കിലും അവള് ഭയചകിതയായില്ല. കാരണം പകലന്തിയോളം പാവങ്ങളോടൊത്തായിരുന്ന റാണി മരിയയ്ക്ക് അവരുടെ ഇല്ലായ്മകളും വല്ലായ്മകളും അവകാശ ധ്വംസനങ്ങളും തന്റെ തന്നെ ഇല്ലായ്മകളും വല്ലായ്മകളും അവകാശ ധ്വംസനങ്ങളുമായിരുന്നു. അവരെ സ്വന്തമായിക്കണ്ട് ക്രിസ്തുവിന്റെ പകരക്കാരിയായി റാണി മരിയ നിലകൊണ്ടു.
തിരുസഭാ മാതാവിന് അമൂല്യമായൊരു നേട്ടവും ഭാരതസഭയ്ക്ക് അഭിമാനവും ആത്മീയസമ്പത്തുമാണ് വാഴ്ത്തപ്പെട്ട റാണി മരിയ. ജാതിമതവര്ഗ്ഗ വ്യത്യാസങ്ങളുടെ പേരില്‍ ക്രമസമാധാനം നഷ്ടപ്പെട്ട ഇന്ത്യയെ സമുദ്ധരിക്കാന്‍ ആഗ്രഹിക്കുന്ന സത്യാന്വേഷകര്‍ക്ക്, സാമൂഹ്യപ്രവര്‍ത്തകര്‍ക്ക്, ദേശസ്നേഹികള്‍ക്ക് റാണി മരിയ എന്നും ഒരു പ്രചോദനമാണെന്നും റാണി മരിയായെക്കുറിച്ച് അഭിവന്ദ്യ മാര്‍ ആന്റണി പടിയറ പിതാവ് പറഞ്ഞ വാക്കുകള്‍ ഏറെ അന്വര്‍ഥമാണ്.
സ്നേഹിതനുവേണ്ടി ജിവന് ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല (യോഹ 15:13) എന്ന തിരുവചനം ജീവിതനിയമമാക്കി, താന്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച പാവങ്ങള്‍ക്കായി നിലകൊണ്ടപ്പോള്‍ അവള്‍ക്ക് പ്രതിഫലമായി ലഭിച്ചത് 54 മുറിവുകളായിരുന്നു.
അങ്ങനെ അവള് പിടഞ്ഞുമരിക്കുമ്പോള്‍ അധരത്തില്‍നിന്നു ഉതിര്‍ന്നുവീണത് അവളുടെ ജീവിതത്തിന്റെ ശക്തിസ്രോതസ്സായ യേശു എന്ന നാമമായിരുന്നു. തന്റെ ജീവിതം എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി, എങ്ങനെയാകണം എന്ന് ബോധ്യമുള്ളതിനാല്‍ റാണി മരിയ നടത്തിയ ബോധപൂര്‍വ്വമായ തെരെഞ്ഞെടുപ്പ് തന്നെയായിരുന്നു അവളുടെ മരണം.
തോളില്‍ തുണിസഞ്ചിയും, കാലില്‍ റബര്‍ചെരുപ്പും, അധരത്തില്‍ പുഞ്ചിരിയും, ഹൃദയത്തില്‍ ഫ്രാന്‍സിസ്ക്കന്‍ മിഷന് തീക്ഷ്ണതയുമായി വില്ലേജുകളിലൂടെ ഓടിനടന്ന റാണി മരിയ വി. ഫ്രാന്‍സിസിന്റെ യഥാര്‍ത്ഥ അനുയായിയും, ഫ്രാന്‍സിസ്ക്കന്‍ ക്ലാരസഭാചൈതന്യം മങ്ങലേല്ക്കാതെ ജീവിച്ചവളുമായിരുന്നു.
പാവങ്ങള്‍ക്കുവേണ്ടി ഓഫീസുകളും ബാങ്കുകളും കയറിയിറങ്ങിയപ്പോള്‍ പകച്ചുപോകുന്ന ചോദ്യങ്ങള്‍ക്കു മുമ്പില്‍ അവള് തേടിയത് സ്വര്‍ഗത്തിന്റെ ഉത്തരങ്ങളായിരുന്നു. ഭാരതത്തിന്റെ സുസ്ഥിരമായ വികസനം എന്നത് മുതലാളി വര്‍ഗത്തിന്റെ ഖജനാവ് നിറയുന്നതല്ല എന്ന് തിരിച്ചറിഞ്ഞ റാണി, പാവങ്ങളുടെ സമുദ്ധാരണത്തിനായി ചെറുകിട നിക്ഷേപ പദ്ധതികളും ക്ഷേമപദ്ധതികളും ആരംഭിച്ചിരുന്നു.
അതെ! റാണി മരിയയുടെ ദൃഷ്ടി പതിഞ്ഞത് ഒരു ഗ്രാമത്തിന്റെ ഉന്നമനത്തിലല്ലായിരുന്നു, ക്രമസമാധാനമുള്ള ഇന്ത്യയിലായിരുന്നു. പുല്ലുവഴിയുടെ മനോഹാരിതയില്‍നിന്ന് ഉത്തരേന്ത്യയിലെ കല്ലുകളിലേയ്ക്കും മുള്ളുകളിലേയ്ക്കും റാണി മരിയ ഊന്നിയ പാദങ്ങള്‍ ഉറച്ചതായിരുന്നു.
ലോകത്തിന്റെ പ്രശസ്തിയോ കൈയടിയോ വേണ്ടെന്നുവച്ച്, ആയിത്തീരാവുന്ന തന്റെ ജീവിതസാധ്യതകളെ ഉഛിഷ്ടംപോലെ പരിഗണിച്ച്, നേടിയെടുക്കുന്നതിലല്ല, നഷ്ടപ്പെടുത്തുന്നതിലും പങ്കുവെയ്ക്കുന്നതിലുമാണ് ജീവിതസൗഭാഗ്യമെന്ന് വിളിച്ചോതുകയായിരുന്നു റാണി മരിയ തന്റെ ജീവിതത്തിലൂടെ.
എല്ലാ പക്ഷികളും മഴ വരുമ്പോള്‍ കൂട്ടില്‍ അഭയം തേടുന്നു. എന്നാല്‍, പരുന്ത് മഴയെ അതിജീവിക്കാന്‍ മേഘങ്ങള്‍ക്ക് മുകളിലൂടെ പറക്കുന്നു. അതെ! പരുന്തിനെപ്പോലെ തന്റെ മേല്‍ പെയ്തിറങ്ങുന്ന മഴയെ അതിജീവിക്കാന്‍ റാണി മരിയ ഉയര്‍ന്നു പറന്നു. അതായിരുന്നു അവളുടെ ആദ്ധ്യാത്മികത.
പ്രഭാതത്തില്‍ നാലുമണിക്കെഴുന്നേറ്റ് ദിവ്യകാരുണ്യനാഥന്റെ മുമ്പിലുള്ള ആത്മസമര്‍പ്പണം അവളുടെ ജീവിതത്തിന്റെ ശക്തികേന്ദ്രമായിരുന്നു. ആരോരുമില്ലാത്തവര്‍ക്ക് എല്ലാമായിത്തീര്‍ന്ന്, സ്നേഹത്തിന്റെ വീരഗാഥ രചിച്ച റാണി മരിയയുടെ മരണശേഷം ലോകം കണ്ടത് അവിസ്മരണീയമായ അധ്യായങ്ങളായിരുന്നു.
അരുമമകളെ കൊലപ്പെടുത്തിയ കരങ്ങള്‍ക്ക് മാതൃഹൃദയത്തിന്റെ ക്ഷമാപൂര്‍വ്വമായ സ്നേഹചുംബനം, സ്വസഹോദരിയുടെ രക്തം പുരണ്ട കൈകളില്‍ സാഹോദര്യത്തിന്റെ രക്ഷാബന്ധം, അവളുടെ രക്തം തളംകെട്ടിനിന്ന മണ്ണില്‍ അത്ഭുതങ്ങളുടെയും സൗഖ്യത്തിന്റെയും പെരുമഴ, പ്രതിസന്ധികള്‍ നിറഞ്ഞുനില്ക്കുന്ന ഇടങ്ങളിലേയ്ക്ക് ക്രിസ്തുസ്നേഹത്തിന്റെ നെരിപ്പോടുമായി മിഷനറിമാരുടെ ജൈത്രയാത്ര, ആ ത്യാഗജീവിതത്തിന് സ്വര്‍ഗ്ഗത്തിന്റെ കൈയൊപ്പുപോലെ 2017 നവംബര്‍ 4 ന് വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം.
ഇനി ലോകത്തിനു വേണ്ടത് സ്നേഹത്തിന്റെ നിത്യമുദ്ര ഹൃദയത്തില്‍ പതിപ്പിച്ച, നീ എന്നും ഞാന്‍ എന്നും ഭേദമില്ലാതെ പരസ്പരം സ്നേഹിക്കാനും, കരുതാനും, ക്ഷമിക്കാനും പ്രചോദിപ്പിക്കപ്പെട്ട ജീവിതങ്ങളെയാണ്.
നമ്മുടെ ചുറ്റിലുമുള്ള മുറിവേറ്റവരെ സ്നേഹം കൊണ്ട് പരിചരിക്കാന്‍, ദ്രോഹിക്കുന്നവരെ കരുണയോടെ ചേര്‍ത്തുപിടിക്കാന്‍, ആരോരുമില്ലാത്തവര്‍ക്ക് താങ്ങായി തണലായി നില്ക്കാന്, ഈ കാലഘട്ടത്തില്‍ ക്രിസ്തുവിന്റെ പകരക്കാരാകാന്‍ സ്നേഹത്തിന്റെ പ്രവാചകയായ വാ. റാണി മരിയ നമ്മെ പ്രചോദിപ്പിക്കട്ടെ.