News Reader's Blog

പുനരധിവാസം ; കോഴിക്കോട് രൂപത സര്‍ക്കാരുമായി കൈകോര്‍ക്കും

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിന് സര്‍ക്കാരുമായി കോഴിക്കോട് രൂപത കൈകോര്‍ക്കുമെന്ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.

മേപ്പാടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയ ബിഷപ് ഡോ. ചക്കാലയ്ക്കല്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുനരധിവാസത്തിനായി രൂപതയുടെ ഉടമസ്ഥതയില്‍ ചുണ്ടേലിനു സമീപം ചേലോടുള്ള എസ്റ്റേറ്റിന്റെ ഭാഗം നല്‍കും. രൂപതയ്ക്കു കീഴിലെ സന്നദ്ധ പ്രസ്ഥാനങ്ങള്‍ മുഖേന വീടുകള്‍ നിര്‍മിച്ചുനല്‍കും.

പുനരധിവാസത്തിന് ലഭ്യമാക്കുന്ന ഭൂമിയുടെ അളവും നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ എണ്ണവും ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു.

വിവിധ ദേശങ്ങളില്‍നിന്ന് എത്തിയവര്‍ സേവനരംഗത്ത് പ്രകടിപ്പിക്കുന്ന ഒരുമയും സഹകരണവും പ്രശംസനീയമാണ്. ഇത് പുനരധിവാസ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകണമെന്ന് ബിഷപ് പറഞ്ഞു. മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍, മേപ്പാടി സെന്റ് ജോസഫ് ദൈവാലയ വികാരി ഫാ. സണ്ണി എബ്രഹാം എന്നിവര്‍ കൂടെയുണ്ടായിരുന്നു.