ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മതേതര സ്വഭാവത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളിയാണിത്.
രാഷ്ട്രീയ വിശദാംശങ്ങളിലേക്കില്ല. രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് വരുത്തി തീർക്കാൻ ആരൊക്കെയോ ശ്രമിക്കുന്നുവെന്നും ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നു എന്ന ആരോപണം വസ്തുതാപരമായി ശരിയല്ലെന്നും ആർച്ച് ബിഷപ്പ് പാംപ്ലാനി.
മത പരിവർത്തന നിരോധന നിയമം കിരാത നിയമമാണ്. ന്യൂനപക്ഷങ്ങൾ ഈ നിയമത്തിൻ്റെ പേരിൽ വേട്ടയാടപ്പെടുന്നു. ഞങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് മൃദുസമീപനം എടുത്തു എന്നത് ശരിയല്ല. ന്യൂനപക്ഷ പീഡനങ്ങൾ മതേതരത്വത്തിന് എതിരെന്നും മുഖ്യമന്ത്രി ഉദാരതയോടെ ഇടപെട്ടുവെന്നും ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നും ആർച്ച് ബിഷപ്പ് പാംപ്ലാനി പ്രതികരിച്ചു.
കാസ പോലുള്ള സംഘടനകൾ പുന:പരിശോധന നടത്തുമെന്ന് കരുതുന്നു. ആരാണ് ആക്രമിച്ചത് എന്നത് സംബന്ധിച്ച് അനേഷ്യണം നടക്കുകയാണ്. അതുകൊണ്ട് ഇപ്പോൾ ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണം നടത്തിയവർ ഭരണ കൂടത്തിൻ്റെ ഭാഗമാണോ അല്ലയോ എന്ന് ഇപ്പോൾ പറയുക സാധ്യമല്ല. ഭരണകൂടം നീതിപൂർവ്വമായി ഇടപെടുന്നില്ല എന്ന പരാതി ഞങ്ങൾക്കുണ്ട്. ഭരണകൂടത്തിന് വീഴ്ചയുണ്ട്.ആക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ശിക്ഷ നൽകണം.
റെയിൽവേ ഉദ്യോഗസ്ഥർ വിളിച്ച് വരുത്തിയ കുറച്ച് പേരാണ് ആക്രമം അഴിച്ച് വിട്ടത്. ഏതെങ്കിലും സംഘടനയുടെ പേര് തെളിവില്ലാതെ പറയാനാവില്ല. കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ ഇടപെടുന്നുണ്ട്. ദീപികയിൽ എഡിറ്റോറിയൽ എഴുതുന്നതും അരമനയിൽ പ്രാർത്ഥിക്കുന്നതും തെറ്റല്ലെന്നും പാംപ്ലാനി.
ആരോടും ഒരു രാഷ്ട്രീയ പാർട്ടിയോടും പക്ഷപാതം കാണിച്ചിട്ടില്ല. ശിവൻകുട്ടിയുടെ പാർട്ടിയോടും കാണിച്ചിട്ടില്ല. സഭയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമുണ്ടാകുമെന്നും തെരുവിലേക്കിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.