ദൈവവചനമനുസരിച്ച് ജീവിക്കാം; വചനം പ്രഘോഷിക്കാം..

മത്തായി 28 : 16 – 20
പ്രേഷിതദൗത്യം

യേശു തന്റെ ദൗത്യം ആരംഭിക്കുന്നതും, ശിഷ്യരെ ആ ദൗത്യം തുടരാൻ ഭരമേൽപ്പിക്കുന്നതും, “ഗലീലിയിൽ” വച്ചാണ് എന്നത് ഇവിടെ വളരെ ശ്രദ്ധേയമാണ്. മലമുകളിലാണ് അവൻ അവരെ കാണുന്നത്. മലമുകൾ ദൈവീക വെളിപാടുകളുടെ ഇടമാണ്. അവൻ തന്റെ സർവ്വ മഹത്വത്തിലും അവിടെ പ്രത്യക്ഷനായി. ഒരു സാർവ്വത്രിക ദൗത്യമാണ് അവൻ തന്റെ ശിഷ്യരെ ഭരമേൽപ്പിക്കുന്നത്.

കാരണം, എല്ലാ ജനതകളേയും ശിഷ്യപ്പെടുത്താൻ, അവൻ അവരോട് ആവശ്യപ്പെടുന്നു. എല്ലാ പരിമിതികളും, ഇവിടെ അവന്റെ അധികാരത്തിനുമുമ്പിൽ, അതിലംഘിക്കപ്പെടുന്നു. കാരണം, വചനപ്രഘോഷണം രക്ഷാകരമായ അറിവിലേക്കും, അറിവ് വിശ്വാസത്തിലേക്കും നയിക്കും. ഈ വിശ്വാസം, പരിശുദ്ധ ത്രിത്വത്തിലുള്ള ജ്ഞാനസ്നാനത്താൽ മുദ്രിതമാകുന്നു.

തുടർന്ന്, അവൻ നൽകുന്ന അധികാരത്തോടെ, അവർ അവരെ പഠിപ്പിക്കണം. കാരണം, അവന്റെ കല്പന ഇപ്രകാരമാണ്, “എല്ലാ ജനതകളേയും ശിഷ്യപ്പെടുത്തുക, ജ്ഞാനസ്നാനം നൽകുക, പഠിപ്പിക്കുക”. അവൻ യുഗാന്തംവരെ കൂടെയുണ്ടാകും എന്ന വാഗ്ദാനവും നൽകുന്നു.

അവന്റെ വചനങ്ങളാൽ അറിവ് നേടി, വിശ്വാസത്തിൽ വളർന്ന്, അവനെ സകലരോടും പ്രഘോഷിച്ചു, അവരെ അവനായി ശിഷ്യപ്പെടുത്തി, അവന്റെ പ്രബോധനങ്ങളിൽ അവരെ ആഴപ്പെടുത്തി, നമുക്കും മുന്നേറാം…യുഗാന്ത്യം വരെ അവൻ നമ്മുടെ കൂടെയുണ്ട് എന്ന പ്രതീക്ഷയോടെ.

error: Content is protected !!