കന്ധമാൽ വനമേഖലയിൽ നടന്ന ആസൂത്രിതമായ ക്രൈസ്തവ വിരുദ്ധ കലാപത്തെക്കുറിച്ചുള്ള അസുഖകരമായ കുറെ ചോദ്യങ്ങളുമായി “കന്ധമാൽ: ഇന്ത്യയുടെ മതേതരത്വത്തിന് ഒരു കളങ്കം” എന്ന പേരിൽ എന്റെ ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചത് 2009 മാർച്ച് മാസത്തിലായിരുന്നു.
അതിന് പതിനഞ്ച് വർഷങ്ങൾക്ക് ശേഷം, 37 ലക്ഷം മാത്രം ജനസംഖ്യ വരുന്ന ഒരു നോർത്ത് ഈസ്റ്റ് ഇന്ത്യൻ സംസ്ഥാനത്ത് മാസങ്ങളായി തുടരുന്ന രക്തച്ചൊരിച്ചിലിനെയും, അടിച്ചമർത്തലിനെയും, അവിടെ അരങ്ങേറുന്ന അരാജകത്വത്തെയും കുറിച്ച് “മണിപ്പൂർ: ഇന്ത്യൻ ജനാധിപത്യത്തിന് ഒരു കളങ്കം” എന്ന പേരിൽ ഈ ലേഖനം എഴുതാൻ ഞാൻ നിർബ്ബന്ധിതനായിരിക്കുകയാണ്.
1980 മുതലുള്ള പതിറ്റാണ്ടുകൾക്കിടയിൽ മാത്രം ഇത്തരത്തിലുള്ള ചില കലാപങ്ങൾക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1983 ൽ ആസാമിലെ നെല്ലിയിൽ മുസ്ളീം പ്രവാസികളുടെ കൂട്ടക്കൊല; 1984 ലെ സിഖ് വിരുദ്ധ കലാപം; ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്ന് 1993 ൽ അരങ്ങേറിയ ബോംബെയിലെ കലാപം; 2002 ലെ ഗുജറാത്ത് മുസ്ളീം വംശഹത്യ, 2013 ലെ മുസാഫർനഗറിലെ കലാപം. എന്നാൽ, മേൽപ്പറഞ്ഞ കലാപങ്ങൾക്കൊന്നും നിയമവാഴ്ചയെ ഏറെക്കാലം സ്തംഭിപ്പിക്കാനായില്ല. ദിവസങ്ങൾക്കുള്ളിൽ പട്ടാളത്തെ വിന്യസിച്ച് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ഭരണകൂടങ്ങൾക്ക് കഴിഞ്ഞു.
മണിപ്പൂരിലെ അരാജകത്വവും ഭരണകൂട നിസ്സംഗതയും
എന്നാൽ, കലാപം ആരംഭിച്ച് ഒരു വർഷത്തോടടുക്കുമ്പോഴും, മഹത്തായ ഇന്ത്യൻ ജനാധിപത്യം മണിപ്പൂരിൽ അരാജകത്വത്തിന്റെ തടവറയിൽ ദയനീയമായി തളർന്നുകിടക്കുകയാണ്.
വേണ്ട നിർദ്ദേശങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തതിനാൽ മണിപ്പൂരിൽ നിലയുറപ്പിച്ചിരിക്കുന്ന അമ്പതിനായിരത്തോളം വരുന്ന വലിയ സൈന്യം കലാപകാരികളെ നിയന്ത്രിക്കാൻ കഴിയാതെ വെറും കാഴ്ചക്കാരായി തുടരുന്നു. 2023 മെയ് മൂന്ന് വൈകിട്ട് ആരംഭിച്ച നിഷ്ടൂരമായ കൊലപാതകപരമ്പരകളും കൊള്ളിവയ്പ്പും ഇന്നും മണിപ്പൂരിൽ നിർബാധം തുടരുന്നു.
“മണിപ്പൂർ ഇന്ത്യയുടെ ഭാഗം തന്നെയാണോ?” എന്ന ചോദ്യം ഉയർന്നിട്ട് പതിനൊന്നു മാസങ്ങൾ പിന്നിട്ടിട്ടും നിയമവും നീതിയും നടപ്പാക്കാനും ക്രമസമാധാനം പാലിക്കാനും ബാധ്യതയുള്ള പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ അവരുടെ നിസ്സംഗതയും നിശബ്ദതയും തുടരുകയാണ്.
1998 ൽ ഗുജറാത്തിലെ ഡാങ്സ് ആദിവാസി മേഖലയിൽ ക്രൈസ്തവർ ആക്രമണത്തിന് ഇരയായപ്പോൾ അന്ന് പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയ് ഉണർന്നു പ്രവർത്തിക്കാൻ തയ്യാറാവുകയും, ഡാങ്സ് സന്ദർശിക്കുകയും, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാവുകയും ചെയ്തു.
2002 ൽ ഗുജറാത്ത് കലാപം ഉണ്ടായപ്പോഴും വാജ്‌പേയ് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന്, അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ക്രമസമാധാനം പുനഃസ്ഥാപിക്കാൻ നിർബ്ബന്ധിതനായി.
അക്കാലത്ത് പ്രധാനമന്ത്രി വാജ്‌പേയി നടത്തിയ ശക്തമായ ഇടപെടലുകളുടെ സ്ഥാനത്ത്, മണിപ്പൂർ സംസ്ഥാനത്തിന്റെ ഭരണസംവിധാനം താറുമാറായി കിടക്കുമ്പോൾ പ്രധാനമന്ത്രി മോദി നിഷ്ക്രിയനായി തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തിന് തീരാകളങ്കമാണ്.
മഹത്തായ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് വിദേശരാജ്യങ്ങളിൽ പോയി അഭിമാനപൂർവ്വം ഉദ്‌ഘോഷിക്കുന്ന പ്രധാനമന്ത്രി, പോലീസ് ഉദ്യോഗസ്ഥരുടെ കണ്മുന്നിൽനിന്നുപോലും അനേകരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നതും ചുട്ടെരിക്കുന്നതും, പട്ടാളക്കാർ പോലും ലജ്ജാകരമായ ആക്രമണത്തിന് ഇരയാകുന്നതും തുടരുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ്.
പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ മാത്രം ആറുതവണയെങ്കിലും കേരളം സന്ദർശിച്ച പ്രധാനമന്ത്രി മോദി കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരിക്കൽ പോലും മണിപ്പൂരിൽ കാലുകുത്താൻ തയ്യാറായില്ല.
മണിപ്പൂർ ബോർഡറിൽനിന്ന് കേവലം 230 കിലോമീറ്റർ മാത്രം അകലെയുള്ള കസിരംഗ വന്യജീവി സങ്കേതത്തിൽ ഇക്കഴിഞ്ഞ മാർച്ച് എട്ടിന് ആനസവാരിക്ക് എത്തിയപ്പോഴും, കത്തിയെരിയുന്ന മണിപ്പൂരിനെ അവഗണിക്കുന്നതിനെയോർത്ത് അദ്ദേഹത്തിന് യാതൊരു സങ്കോചവുമുണ്ടായില്ല!.
മണിപ്പൂരിലെ ജനസംഖ്യയുടെ 52 ശതമാനം വരുന്ന മെയ്തെയികൾക്ക് പട്ടികവർഗ്ഗ (ST) സംവരണം നൽകുന്നതിനെ അനുകൂലിച്ചുള്ള ഹൈക്കോടതി വിധിയെ എതിർത്തുകൊണ്ട് കുക്കി വംശജരുടെ പ്രധാന വാസമേഖലയായ ചുരാചന്ദ്പൂരിൽ നടന്ന ട്രൈബൽ സോളിഡാരിറ്റി മാർച്ചിനെ തുടർന്നാണ് മണിപ്പൂരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
മണിപ്പൂരിലെ 90 ശതമാനം ജനങ്ങളും അധിവസിക്കുന്ന ഇംഫാൽ താഴ്‌വരയിലെ ന്യൂനപക്ഷമായ കുക്കി വംശജർക്കെതിരെയുള്ള അതിക്രമങ്ങൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു കാട്ടുതീപോലെയാണ് പടർന്നത്. ഇംഫാൽ താഴ്‌വരയിൽ കുക്കികൾ കൂട്ടത്തോടെ അക്രമിക്കപ്പെട്ടപ്പോൾ താഴ്‌വരയ്ക്ക് വെളിയിൽ താമസമാക്കിയ മെയ്തെയി വംശജരും ആക്രമിക്കപ്പെട്ടു.
ഔദ്യോഗിക കണക്കുകൾ പ്രകാരമുള്ള മരണസംഖ്യ 230 ആണെങ്കിലും യഥാർത്ഥ മരണസംഖ്യ വളരെയധികമാണെന്നതിന് വ്യക്തമായ സൂചനകളുണ്ട്. അറുപത്തിനായിരത്തിലേറെപ്പേർ ഭവനരഹിതരായതിൽ ഭൂരിഭാഗവും ക്രൈസ്തവരായ കുക്കി വംശജരാണ്.
ചുരാചന്ദ്പൂർ, മൊറേ, കാങ്‌പോപി തുടങ്ങിയ മേഖലകളിൽനിന്ന് പതിനായിരത്തിലേറെ വരുന്ന മെയ്‌തേയ് വംശജരും പുറത്താക്കപ്പെട്ടു. മണിപ്പൂർ കലാപത്തിന്റെ ആരംഭത്തിൽ അന്വേഷണാത്മക പ്രത്രപ്രവർത്തകൻ എന്ന നിലയിൽ ഇംഫാൽ താഴ്‌വരയിലും, തെക്ക് ചുരാചന്ദ്പൂരിലേയ്ക്കും വടക്ക് കാങ്‌പോപ്പി ജില്ലയിലേക്കും ഞാൻ യാത്ര ചെയ്തപ്പോൾ വഴിയോരങ്ങളിൽ നൂറുകണക്കിന് കത്തിനശിച്ച വാഹനങ്ങളും, ഒട്ടേറെ ബഹുനില വ്യാപാര മന്ദിരങ്ങളും, തകർക്കപ്പെട്ട ഒട്ടേറെ വീടുകളും പള്ളികളും മറ്റുമാണ് എനിക്ക് കാണാൻ കഴിഞ്ഞത്.
പരസ്പരവിരുദ്ധമായ വാദഗതികൾ മണിപ്പൂരിൽ വന്നിറങ്ങുന്നതിന് മുമ്പ് മെയ് 26 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഗുവാഹത്തിയിൽ വച്ച് വ്യക്തമായ ഒരു പ്രസ്താവന നടത്തുകയുണ്ടായിരുന്നു. “കോടതി വിധിയെ തുടർന്നാണ് മണിപ്പൂരിൽ സംഘർഷം ഉണ്ടായത്” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
എന്നാൽ, അതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, മെയ് 17 ന് ബിജെപി സർക്കാർ സുപ്രീംകോടതിക്ക് മുന്നിൽ ഉന്നയിച്ച വാദഗതികൾ അമിത്ഷായുടെ വാക്കുകൾക്ക് വിരുദ്ധമാണ്. മ്യാന്മറിൽനിന്നുള്ള അനധികൃത കുടിയേറ്റത്തിന്റെയും മലമ്പ്രദേശങ്ങളിലെ നിയമവിരുദ്ധ പോപ്പി കൃഷിയുടെയും മയക്കുമരുന്ന് വ്യാപാരത്തിന്റെയും തുടർച്ചയായ വംശീയ സംഘർഷമാണ് അതെന്നാമായിരുന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞത്.
അതേസമയം, പട്ടികവർഗ്ഗ സംവരണത്തിന് അനുകൂലമായ കോടതിവിധിയോടുള്ള എതിർപ്പ് എന്ന വാദം ഒരു കുതന്ത്രം ആയിരുന്നെന്നും, പ്രതിഷേധം കുക്കികൾ നനേരിട്ടുകൊണ്ടിരുന്ന അടിച്ചമർത്തലിനെതിരെ ആയിരുന്നെന്നുമാണ് മണിപ്പൂർ ഹൈക്കോടതി ബാർ അസോസിയേഷൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് മുമ്പാകെ ബോധിപ്പിച്ചത്.
ബിജെപിയുടെ ന്യായീകരണങ്ങളും വാദഗതികളും സംഘപരിവാർ അനുകൂല മാധ്യമങ്ങളെല്ലാം ഒരുപോലെ ഏറ്റെടുക്കുകയും പത്രമാധ്യമങ്ങളിലൂടെയും ന്യൂസ് പോർട്ടലുകളിലൂടെയും അത്തരം ആശയങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. അപ്രകാരം മണിപ്പൂർ സംഘർഷത്തിന്റെ ബിജെപി – സംഘപരിവാർ ആഖ്യാനം രാജ്യമെങ്ങും പ്രചരിച്ചപ്പോൾ, യാഥാർഥ്യങ്ങൾ പുറത്തുവരാത്ത വിധത്തിൽ സംസ്ഥാനവ്യാപകമായി ഇന്റർനെറ്റ് നിരോധിക്കപ്പെട്ടു.
കൈകഴുകിയ നീതിപീഠം
37 ലക്ഷത്തോളം വരുന്ന മണിപ്പൂരിലെ ജനസംഖ്യയിലെ 52 ശതമാനം വരുന്ന മെയ്‌തേയ് വിഭാഗത്തിന് പട്ടിക വർഗ്ഗ സംവരണം നൽകുന്നതിനെ അനുകൂലിച്ചുകൊണ്ടുള്ള 2023 മാർച്ച് 27 ലെ ഹൈക്കോടതി വിധിക്ക് ശേഷം മെയ് മൂന്നിന് നടന്ന ആദിവാസി ഐക്യദാർഢ്യ റാലിയെ തുടർന്നാണ് മണിപ്പൂർ സംഘർഷം ആരംഭിക്കുന്നത്.
വിവാദപരമായ ആ ഉത്തരവ് പത്തുമാസങ്ങൾക്ക് ശേഷം, കഴിഞ്ഞ ഫെബ്രുവരി 22 ന് മണിപ്പൂർ ഹൈക്കോടതി റദ്ദാക്കിയത്, ഭരണഘടനാവിരുദ്ധമായ പ്രസ്തുത വിധി മണിപ്പൂരിൽ കലാപം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ പദ്ധതിയുടെ ഭാഗമായിരുന്നു എന്ന സംശയത്തെ ബലപ്പെടുത്തുകയാണ്. ഒടുവിൽ പീലാത്തോസിനെപോലെ നീതിപീഠം കൈകഴുകുകയും ചെയ്തു!
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മണിപ്പൂരിൽ എത്തുന്നതിന്റെ തലേദിവസം, മെയ് 28 ന് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് സുപ്രീംകോടതിയെ ധരിപ്പിച്ചത് “ഒടുവിൽ നടന്ന പോരാട്ടങ്ങൾ മണിപ്പൂരിലെ രണ്ടു വിഭാഗങ്ങൾ തമ്മിലല്ല, കുക്കി തീവ്രവാദ ഗ്രൂപ്പുകളും സുരക്ഷാ സേനയും തമ്മിലാണ്” എന്നായിരുന്നു.
സംഘർഷത്തിന്റെ കാരണങ്ങളായി മണിപ്പൂരിലെ ബിജെപി സർക്കാർ മുന്നോട്ടുവച്ചിരുന്ന ഈ വാദഗതികൾ അംഗീകരിക്കാൻ അമിത്ഷാ തയ്യാറാകാതിരുന്നിട്ടും ധാർഷ്ട്യത്തോടെ തന്റെ വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ബിരേൻ സിംഗ് ചെയ്തത്.
മെയ് 30 ന് മാധ്യമങ്ങളോട് പ്രതികരിച്ച സംയുക്ത സേന മേധാവി ജനറൽ അനിൽ ചൗഹാനും മണിപ്പൂർ മുഖ്യമന്ത്രിയുടെ വാദത്തോട് വിയോജിക്കുകയാണ് ചെയ്തത്. “രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടമാണ് മണിപ്പൂരിൽ നടക്കുന്നത്” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ദ ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തതനുസരിച്ച്, മുൻ ഐബി ജോയിന്റ് ഡയറക്ടർ സുശാന്ത് സിംഗിന്റെ വാക്കുകൾ, “മുഖ്യമന്ത്രി ബിരേൻ സിംഗ് കുക്കി വിഭാഗക്കാരെ ഒന്നടങ്കം തീവ്രവാദികളായി മുദ്രകുത്തി” എന്നായിരുന്നു. അതും, ബിരേൻ സിംഗിന്റെ വാദഗതികൾക്ക് വിരുദ്ധമായിരുന്നു.
മെയ് 21 ന്, ഇതുവരെയുണ്ടാകാത്ത വിധത്തിലുള്ള അക്രമസംഭവങ്ങൾ മണിപ്പൂരിൽ ഉണ്ടാകാൻ കാരണം സംസ്ഥാനത്തിന്റെ സുരക്ഷാ – ഇന്റലിജൻസ് വീഴ്ചയാണെന്നും അതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കാൻ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി ബിരേൻ സിംഗ് തുറന്നുസമ്മതിച്ചിരുന്നു. എന്നാൽ, ആ പ്രഖ്യാപനത്തിന് ശേഷവും മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള രാഷ്ട്രത്തിന്റെ മുറവിളിയോട് സർക്കാർ നിരുത്തരവാദിത്തപരമായാണ് പ്രതികരിച്ചത് എന്ന് വ്യക്തം.
ജൂൺ നാലിന്, പരിക്കേറ്റ ഒരു ആൺകുട്ടിയുമായി പോയ ആംബുലൻസ് കലാപകാരികൾ ചുട്ടെരിക്കുകയും ബാലനും അമ്മയും ഉൾപ്പെടെയുള്ളവർ വെന്തു മരിക്കുകയും ചെയ്ത രാജ്യത്തെ നടുക്കിയ സംഭവം ഉദാഹരണമാണ്.
ജൂൺ 16 ന്, 20 സുരക്ഷാഭടന്മാർ കാവൽ ഉണ്ടായിട്ടും കേന്ദ്ര വിദേശകാര്യ സഹമന്ത്രി രഞ്ജൻ സിംഗിന്റെ വസതി ചുട്ടെരിക്കപ്പെട്ട സംഭവത്തിനും രാജ്യം സാക്ഷിയായി. പോലീസിന്റെ ആയുധങ്ങൾ കൊള്ളയടിക്കുകയും ഇംഫാൽ താഴ്‌വരയെ ഒന്നടങ്കം ഭീകരാവസ്ഥയിൽ നിലനിർത്തുകയും ചെയ്യുന്ന “അരംബായ് തെങ്കോൾ” പോലുള്ള തീവ്ര വർഗ്ഗീയ സംഘടനകളുടെ തേർവാഴ്ചയ്ക്ക് മുന്നിൽ സംസ്ഥാന ഭരണകൂടം സമ്പൂർണ്ണ പരാജയമായി മാറുന്നത് വീണ്ടും ലോകം തിരിച്ചറിഞ്ഞു.
അക്രമികൾ ക്രൈസ്തവ ആരാധനാലയങ്ങൾ ലക്ഷ്യമാക്കി
വാസ്തവത്തിൽ 640 ൽപ്പരം ക്രൈസ്തവ ആരാധനാലയങ്ങളാണ് അക്രമപരമ്പരകൾക്കിടെ ഇംഫാൽ താഴ്‌വരയിൽ മാത്രം പൂർണ്ണമായോ ഭാഗികമായോ തകർക്കപ്പെട്ടത്. അതിൽ 247 എണ്ണം മെയ്തെയി ക്രൈസ്തവരുടേതായിരുന്നു എന്നുള്ള വസ്തുത, മണിപ്പൂർ കലാപം കേവലമൊരു വംശീയ സംഘർഷമായിരുന്നു എന്ന ആഖ്യാനത്തിലെ പ്രഹസനം തുറന്നുകാണിക്കുന്നു.
മെയ്‌തേയ് പള്ളികൾ നശിപ്പിക്കപ്പെട്ടത് കലാപം ആരംഭിച്ച് മുപ്പത്താറ് മണിക്കൂറുകൾക്കുള്ളിൽ – മെയ് മൂന്ന്, നാല് തിയ്യതികളിൽ – അക്രമിസംഘങ്ങൾ വിപുലമായ സന്നാഹങ്ങളോടെ എത്തിയാണ് എന്ന വസ്തുത നടുക്കമുളവാക്കുന്നതാണ്.
മെയ്‌തേയ് വംശജരുടെ പള്ളിക്ക് പകരം, നാഗാ വംശജരുടെ പള്ളി തകർക്കാൻ തുടങ്ങിയ അക്രമിസംഘത്തെ തലവൻ ഫോൺ വിളിച്ച് തടഞ്ഞതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നോട് വെളിപ്പെടുത്തുകയുണ്ടായി. നാഗ വംശജരെ കൂടി ശത്രുക്കളാക്കാതിരിക്കാൻ മെയ്‌തേയ് സംഘടനകൾ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു.
അതേസമയം, മെയ്‌തേയ് ക്രൈസ്തവരുടെ പള്ളികൾ തകർക്കാനുള്ള ആസൂത്രിതമായ നീക്കം ഉണ്ടായിരുന്നു എന്നുള്ളത് വ്യക്തവുമാണ്. മെയ്‌തേയ് ക്രൈസ്തവരുടെ പള്ളികൾ വ്യാപകമായി തകർക്കപ്പെട്ടെങ്കിലും ഒരു മെയ്‌തേയ് ക്രൈസ്തവൻ പോലും കൊല്ലപ്പെട്ടിട്ടില്ല എന്ന വസ്തുത ശ്രദ്ധേയമാണ്. അക്കാരണത്താൽ മാധ്യമശ്രദ്ധ ഒഴിവാക്കാനായി.
ആരംഭഘട്ടത്തിൽ, മണിപ്പൂർ കലാപത്തിന്റെ പേരിൽ ക്രൈസ്തവ സഭകളെ കുറ്റപ്പെടുത്തി രംഗത്തെത്തിയ ഹിന്ദു ദേശീയവാദികളുടെ നീക്കം അവരുടെ തന്നെ രഹസ്യ അജണ്ടയ്ക്ക് തിരിച്ചടിയായി. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിന്റെ മെയ് 16 ലക്കത്തിലെ മുഖപ്രസംഗത്തിൽ ക്രൈസ്തവ സഭകളുടെ പിന്തുണയോടെയാണ് മണിപ്പൂർ കലാപമെന്ന് ആരോപിക്കുകയുണ്ടായിരുന്നു.
യാഥാർഥ്യങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനും മെയ്‌തേയ് ക്രൈസ്തവ സഭകളെ പോലും തെറ്റിദ്ധരിപ്പിക്കാനുമുള്ള സംഘപരിവാറിന്റെ സ്ഥിരം ശൈലിയിലുള്ള കുതന്ത്രമായേ ആ നീക്കത്തെ കാണാനാവൂ. ഇത്തരമൊരു പ്രചാരണം ആരംഭഘട്ടത്തിൽ ഉണ്ടായത് മണിപ്പൂർ അക്രമസംഭവങ്ങൾ സംബന്ധിച്ച് പൊതുസമൂഹത്തിനിടയിൽ ആശയക്കുഴപ്പങ്ങൾ രൂപപ്പെടാൻ കാരണമായിരുന്നു.
ഒഡീഷയിലെ കന്ധമാലിൽ അരങ്ങേറിയ ക്രിസ്ത്യൻ വംശഹത്യയുമായി ഒട്ടേറെ സാമ്യങ്ങൾ മണിപ്പൂർ സംഘർഷത്തിനുണ്ട്. 2008 ൽ കന്ധമാലിൽ തീവ്ര ഹിന്ദു ദേശീയവാദികൾ നടപ്പാക്കിയ പദ്ധതികളുടെ ആവർത്തനം ഇവിടെയും കാണാം. കന്ധമാലിൽ നടന്നതിന് സമാനമായി ഇനി അങ്ങോട്ട് മടങ്ങിവരില്ല എന്ന സമ്മതപത്രം മണിപ്പൂരിൽ തകർക്കപ്പെട്ട പള്ളികളിലെ പാസ്റ്റർമാരിൽനിന്ന് എഴുതിവാങ്ങി.
പള്ളികൾ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകാനെത്തിയവർക്ക് പോലീസിന്റെ ഭാഗത്തുനിന്നുള്ള ഭീഷണികൾ നേരിടേണ്ടതായി വന്നതിനൊപ്പം, ഭാഗികമായി തകർക്കപ്പെട്ട അവരുടെ പള്ളികൾ അക്രമിസംഘങ്ങൾ വീണ്ടുമെത്തി പൂർണ്ണമായി തകർക്കുകയും ചെയ്തു.
മണിപ്പൂരിൽ സംഭവിച്ച ധ്രുവീകരണം
മണിപ്പൂരിൽ സംഭവിച്ച പൂർണ്ണമായ ധ്രുവീകരണം കുക്കി പീപ്പിൾസ് അലയൻസ് എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി, വിത്സൺ ലാലം ഹാങ്‌ഷിങ്ങിന്റെ വാക്കുകളിൽനിന്ന് വ്യക്തമാണ്. “കുക്കികൾ താഴ്‌വര ഉപേക്ഷിച്ചു, മെയ്തെയികൾ മലയോരമേഖലകളും ഉപേക്ഷിച്ചു… അകൽച്ച പൂർത്തിയായി”.
മണിപ്പൂരിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ മുൻകാലങ്ങളിൽ നടന്നിട്ടുള്ള പോരാട്ടങ്ങളുമായി താരതമ്യം ചെയ്യാൻ കഴിയുന്ന. സംഘർഷമല്ല ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്. നികത്താനാവാത്ത വിധത്തിലുള്ള വലിയ വിടവ് രണ്ടു വിഭാഗങ്ങൾ തമ്മിൽ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പൂർവ്വാവസ്ഥയിലേയ്ക്ക് ഇനിയൊരുമടക്കം എളുപ്പമല്ല.
ഇത്രയൊക്കെയായിട്ടും, ഭരണകൂടം മൗനം നിഗൂഢമായി തുടരുകയാണ്. 2014 ൽ പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റ ശേഷം അറുപത് തവണയെങ്കിലും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ സന്ദർശിച്ച മോദി, മണിപ്പൂരിലെ രക്തച്ചൊരിച്ചിലിനെപ്പറ്റി ഒരു ട്വീറ്റ് പോലും ഇനിയും ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഇത്തരത്തിലുള്ള അനിർവചനീയമായ മൗനത്തിനു പിന്നിൽ മണിപ്പൂരിൽ അരങ്ങേറിയ അക്രമസംഭവങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന തീവ്ര ഹിന്ദുത്വ ദേശീയ പ്രത്യയശാസ്ത്രത്തിന് പങ്കുണ്ട്. ക്രമസമാധാനം പാലിക്കാനായി സൈന്യത്തിന് കർശന നിർദ്ദേശവും അധികാരവും നൽകിയിരുന്നെങ്കിൽ അരംബായി തെങ്കോൾ പോലുള്ള തീവ്ര വർഗീയ സംഘടനകൾക്ക് തങ്ങളുടെ ലക്‌ഷ്യം നേടാൻ കഴിയുമായിരുന്നില്ല.
ഒരു മുഖ്യമന്ത്രി എന്ന നിലയിലുള്ള ചുമതലകളിൽ വൻ വീഴ്ച വരുത്തിയ ബിരേൻ സിംഗിനെതിരെ നടപടി സ്വീകരിക്കുന്നതിലും ദേശീയ ബിജെപി നേതൃത്വം വീഴ്ച വരുത്തുകയാണുണ്ടായത്. മണിപ്പൂരിലെ ഭൂരിപക്ഷമായ മെയ്തെയികളുടെ പിന്തുണ നഷ്ടപ്പെടുമെന്ന ആശങ്കയും, മെയ്‌തേയ് തീവ്രവാദ സംഘടനകളോടുള്ള ഭയവുമാണ് ബിജെപി നേതൃത്വത്തിനുള്ളത് എന്ന് വ്യക്തം.
ജനാധിപത്യം അവഹേളിക്കപ്പെടുന്നു
കഴിഞ്ഞ ജനുവരി 24 ന് ഇംഫാലിലെ ചരിത്രപ്രസിദ്ധമായ കാംഗ്‌ള കോട്ടയിൽ ഇന്ത്യൻ ജനാധിപത്യം അക്ഷരാർത്ഥത്തിൽ ചവിട്ടിയരയ്ക്കപ്പെടുന്നതിനും മണിപ്പൂർ സാക്ഷ്യം വഹിച്ചു. മണിപ്പൂരിലെ 37 മെയ്തെയ് എംഎൽഎമാരും രണ്ട് എംപിമാരുമടങ്ങുന്ന ജനപ്രതിനിധികളെ അരംബായി തെങ്കോൾ എന്ന സംഘടന അന്ന് കാംഗ്‌ള കോട്ടയിലേക്ക് വിളിച്ചുവരുത്തിയത് “മണിപ്പൂരിനെ രക്ഷിക്കാനുള്ള” പ്രതിജ്ഞയിൽ ഒപ്പുവയ്ക്കാനായിരുന്നു.
എംപിമാരിൽ ഒരാൾ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി കൂടിയായ ലോക്സഭാ എംപി ആർ. കെ. രഞ്ജൻ സിംഗും, രണ്ടാമത്തെയാൾ അരംബായി തെങ്കോൾ സംഘടനയുടെ രക്ഷാധികാരി കൂടിയായ രാജ്യസഭാ എംപി ലെയ്‌ഷെംബ സനാജയോബയും ആയിരുന്നു.
മണിപ്പൂർ കോൺഗ്രസ് പ്രസിഡന്റ് കൂടിയായ എംഎൽഎ കെ. മേഘചന്ദ്ര പ്രതിജ്ഞയിൽ ഒപ്പുവയ്ക്കാൻ വിസമ്മതിച്ചപ്പോൾ മെയ്‌തേയ് ഭീകരർ അദ്ദേഹത്തെ ആക്രമിച്ചു. അത് തടയാൻ മുന്നോട്ടുവന്ന രണ്ട് ബിജെപി എംഎൽഎമാരെയും യൂണിഫോംധാരികളായ തീവ്രവാദികൾ വെറുതെ വിട്ടില്ല. അപ്പോൾ, കേന്ദ്ര സുരക്ഷാ സേനയും, മണിപ്പൂർ പോലീസും വെറും കാഴ്ചക്കാരായി നിൽക്കുകയായിരുന്നു.
ഇതിനെ ജനാധിപത്യം എന്ന് വിശേഷിപ്പിക്കാൻ കഴിയുമോ? മണിപ്പൂരിനെ ഇതുപോലൊരു അരാജകത്വത്തിലേയ്ക്ക് തള്ളിവിട്ടതിനും, ഇന്ത്യൻ ജനാധിപത്യത്തിന്റെ മുഖത്ത് മായ്ക്കാനാവാത്ത കരിനിഴൽ വീഴ്ത്തിയതിനും ആരാണ് ഉത്തരവാദികൾ?