News Reader's Blog

പാലായുടെ വളർച്ചയ്ക്ക് അടിത്തറ പാകിയ ദീർഘദർശി; മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ നാൽപതാം ചരമവാർഷികം നാളെ

പാലാ രൂപതയുടെ പ്രഥമ മെത്രാനും കേരളത്തിലെ സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച മഹാനായ ഇടയനുമായിരുന്ന അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ നാൽപതാം ചരമവാർഷികം നാളെ (21/11/2026) ആചരിക്കുന്നു. ആത്മീയതയിലും വിദ്യാഭ്യാസത്തിലും മിഷനറി പ്രവർത്തനങ്ങളിലും ദീർഘവീക്ഷണത്തോടെ ഇടപെട്ട് പാലായുടെ വളർച്ചയ്ക്ക് ശക്തമായ അടിത്തറ പാകിയ അദ്ദേഹത്തിന്റെ ജീവിതവും സംഭാവനകളും നാലു പതിറ്റാണ്ടുകൾക്കിപ്പുറവും സ്മരിക്കപ്പെടുകയാണ്.

1906 ജനുവരി 28-ന് പാലായിൽ ജനിച്ച സെബാസ്റ്റ്യൻ വയലിൽ, ആലുവ മംഗലപ്പുഴയിലെ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ സഭാപരമായ പഠനം പൂർത്തിയാക്കി 1935 ഡിസംബർ 21-ന് വൈദികനായി അഭിഷിക്തനായി. വൈദികജീവിതത്തിന്റെ ആദ്യഘട്ടത്തിൽ പാലായിലെ സെന്റ് തോമസ് ട്രെയിനിങ് സ്കൂളിന്റെ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസത്തിന്റെ സാമൂഹിക പ്രാധാന്യം തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ പിന്നീട് രൂപതയുടെ പ്രവർത്തനങ്ങളിലും പ്രതിഫലിച്ചു.

1950 ജൂലൈ 25-ന് പരിശുദ്ധ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ചങ്ങനാശ്ശേരി അതിരൂപതയിൽനിന്ന് വേർതിരിച്ചാണ് പാലാ രൂപത സ്ഥാപിച്ചത്. രൂപതയുടെ പ്രഥമ മെത്രാനായി മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിനെ നിയമിച്ചു. 1950 നവംബർ 9-ന് റോമിലെ സെന്റ് തെരേസാസ് ദേവാലയത്തിൽ കർദിനാൾ യൂജിൻ ടിസറന്റിന്റെ കൈവയ്പിലൂടെ മെത്രാഭിഷിക്തനായി. 1951 ജനുവരി 4-ന് പാലാ സെന്റ് തോമസ് പള്ളിയിൽ മെത്രാനായി സ്ഥാനാരോഹണം ചെയ്തു. തുടർന്ന് മൂന്ന് പതിറ്റാണ്ടോളം രൂപതയെ നയിച്ച അദ്ദേഹം ആത്മീയവും ഭരണപരവുമായ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.

വിദ്യാഭ്യാസരംഗത്തെ ദീർഘവീക്ഷണമായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. 1949-ൽ സെന്റ് തോമസ് കോളേജ് പാലായുടെ കോളേജ് കമ്മിറ്റി പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം കോളേജിന്റെ വളർച്ചയ്ക്ക് നേതൃത്വം നൽകി. 1950 ഓഗസ്റ്റ് 7-ന് കോളേജിൽ പഠനം ആരംഭിച്ചു. സ്ത്രീവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് 1964 ജൂലൈ 8-ന് അൽഫോൻസാ കോളേജ് ആരംഭിക്കുന്നതിനും നേതൃത്വം നൽകി. വിദ്യാഭ്യാസരംഗത്തെ സംഭാവനകൾ പരിഗണിച്ച് 1966-ൽ അമേരിക്കയിലെ ഡിപോൾ സർവകലാശാല അദ്ദേഹത്തിന് ഓണററി ഡോക്ടർ ഓഫ് ലോസ് ബിരുദം നൽകി.

സീറോ മലബാർ സഭയുടെ മിഷനറി പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകിയതും അദ്ദേഹത്തിന്റെ ചരിത്രപരമായ സംഭാവനയാണ്. സഭയുടെ സുവിശേഷപ്രവർത്തനങ്ങൾ കേരളത്തിനപ്പുറത്തേക്കും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും വ്യാപിക്കണമെന്ന ദർശനത്തിന്റെ അടിസ്ഥാനത്തിൽ മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് ദ അപ്പോസ്തൽ (എം എസ് ടി) സ്ഥാപിക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകി. 1968 ഫെബ്രുവരി 22-ന് മേലമ്പാറയിൽ ഔദ്യോഗികമായി സ്ഥാപിതമായ എം എസ് ടി-യുടെ സ്ഥാപകനും ആദ്യ സുപ്പീരിയറുമായി അദ്ദേഹം പ്രവർത്തിച്ചു.

1962 മുതൽ 1965 വരെ നടന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ നാലു സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തു. വിദ്യാഭ്യാസം, സെമിനാരികൾ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട സഭയുടെ നവീകരണ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. 1951 ജൂലൈ 3-ന് ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരി ആരംഭിച്ചത് വൈദികപരിശീലനത്തിന് അദ്ദേഹം നൽകിയ പ്രാധാന്യത്തിന്റെ തെളിവാണ്. വൈദിക-സന്യാസ ദൈവവിളികളുടെ വളർച്ചയ്ക്കും സന്യാസസമൂഹങ്ങളുടെ പ്രവർത്തനങ്ങൾക്കും അദ്ദേഹം പ്രത്യേക ശ്രദ്ധ നൽകി. 1967 ജൂൺ 21-ന് രൂപതയുടെ ആദ്യ പ്രസ്‌ബിറ്ററൽ കൗൺസിലും പാസ്റ്ററൽ കൗൺസിലും സ്ഥാപിക്കപ്പെട്ടു. 1975 ജൂലൈ 25-ന് രൂപതയുടെ രജതജൂബിലി ആഘോഷിച്ചു.

“The Lord is my Light” — ‘കർത്താവ് എന്റെ പ്രകാശമാണ്’ എന്നതായിരുന്നു അദ്ദേഹത്തിന്റെ മെത്രാൻ ആപ്തവാക്യം. ദൈവപരിപാലനത്തിലുള്ള അചഞ്ചലമായ വിശ്വാസവും ദൈവജനത്തോടുള്ള സമർപ്പണവുമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലും പ്രവർത്തനങ്ങളിലും നിറഞ്ഞുനിന്നത്.

1981-ൽ മെത്രാൻസ്ഥാനത്തുനിന്ന് വിരമിച്ച അദ്ദേഹം മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന് രൂപതയുടെ ഭരണച്ചുമതല കൈമാറി. 1986 നവംബർ 21-ന് 80-ാം വയസ്സിൽ കാലംചെയ്തു. പൗരോഹിത്യ സുവർണജൂബിലി 1985 ഡിസംബർ 23-ന് ആഘോഷിച്ചിരുന്നു.

സ്മരണയും ആശയങ്ങളും പുതുതലമുറയിലേക്ക്

മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ കുടുംബാംഗങ്ങൾ ചേർന്ന് രൂപീകരിച്ച ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനും ജീവിതദർശനവും ആശയങ്ങളും പുതുതലമുറയിലേക്ക് പ്രചരിപ്പിക്കുന്നതിനുമായി പ്രവർത്തിച്ചുവരുന്നു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ-ആത്മീയ-മിഷനറി സംഭാവനകൾ സമൂഹത്തിന് പരിചയപ്പെടുത്തുക, അദ്ദേഹം മുന്നോട്ടുവച്ച മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക, അദ്ദേഹത്തിന്റെ ജീവിതസന്ദേശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നിവയാണ് ഫൗണ്ടേഷന്റെ പ്രവർത്തനലക്ഷ്യങ്ങൾ.

നാൽപതാം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ന് (21-11-2026) രാവിലെ 9 ന് ചെത്തിമറ്റം ദൈവദാൻ സെന്ററിൽ ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. വി. ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി എബി ജെ ജോസ് അധ്യക്ഷത വഹിക്കും.

ഒരു രൂപതയുടെ പ്രഥമ മെത്രാൻ എന്ന നിലയിൽ മാത്രമല്ല, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ദീർഘദർശി, മിഷനറി പ്രവർത്തനങ്ങൾക്ക് പുതിയ ദിശ നൽകിയ സഭാനേതാവ്, ദൈവവിളികളുടെ വളർച്ചയ്ക്ക് പ്രചോദനമായ ആത്മീയപിതാവ് എന്നീ നിലകളിലും മാർ സെബാസ്റ്റ്യൻ വയലിൽ പിതാവ് ചരിത്രത്തിൽ അനശ്വരനാണ്. അദ്ദേഹം പടുത്തുയർത്തിയ സ്ഥാപനങ്ങളും പ്രോത്സാഹിപ്പിച്ച പ്രവർത്തനങ്ങളും വിതച്ച വിശ്വാസത്തിന്റെയും സേവനത്തിന്റെയും വിത്തുകളും വരുംതലമുറകൾക്ക് വഴികാട്ടിയായി നിലനിൽക്കും.

Leave a Reply

Your email address will not be published. Required fields are marked *