ക്രൈസ്തവർക്കും, മുസ്ലീങ്ങൾക്കുമിടയിൽ സാഹോദര്യവും, സംഭാഷണവും ഊട്ടിയുറപ്പിക്കുന്നതിനായി കെനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന “പ്രോഗ്രാം ഫോർ ക്രിസ്ത്യൻ-മുസ്ലിം റിലേഷൻസ് ഇൻ ആഫ്രിക്ക” എന്ന സംഘടനയുടെ പ്രതിനിധിസംഘത്തെ, മാർച്ചു മാസം ഇരുപത്തിയഞ്ചാം തീയതി, ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു.
അവർ ചെയ്യുന്ന സേവനങ്ങളെ എടുത്തു പറഞ്ഞ പാപ്പാ, പ്രത്യേകം നന്ദിയർപ്പിക്കുകയും ചെയ്തു. മറ്റ് മതങ്ങളിലെ ആളുകളുമായി സംഭാഷണം നടത്തുന്നതിനും, എല്ലാവർക്കുമിടയിൽ സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കാൻ സഭയെ പ്രാപ്തമാക്കുന്ന, മതാന്തര സംഭാഷണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അർപ്പണബോധമുള്ള സേവനങ്ങൾക്കും പാപ്പാ നന്ദി പറഞ്ഞു.
മനുഷ്യരെ പ്രബുദ്ധമാക്കുന്ന, സത്യത്തിന്റെ കിരണങ്ങൾ പ്രതിഫലിപ്പിക്കുന്ന, മറ്റു മതങ്ങളിലെ സത്യവും വിശുദ്ധവുമായ ഒന്നും നിഷേധിക്കാത്ത സഭയുടെ സ്വഭാവം ഓർമ്മപ്പെടുത്തിയ പാപ്പാ, പരസ്പര ധാരണയും ബഹുമാനവും പുലർത്തുവാൻ സഭ ഏവരെയും ക്ഷണിക്കുന്നുവെന്നും കൂട്ടിചേർത്തു.
വാസ്തവത്തിൽ, ക്രിസ്ത്യാനികളും സദ്ഭാവനയുള്ള ആളുകളും ഏറ്റെടുക്കുന്ന ഐക്യത്തിലേക്കും കൂട്ടായ്മയിലേക്കുമുള്ള ഓരോ ആധികാരിക യാത്രയും പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണെന്നും, ഈ കണ്ടുമുട്ടലുകൾക്കും, സംഭാഷണങ്ങൾക്കും തുറന്ന ഹൃദയങ്ങൾ ആവശ്യമാണെന്നും പാപ്പാ എടുത്തു പറഞ്ഞു.
മതാന്തര സംഭാഷണത്തിനായുള്ള ഡിക്കാസ്റ്ററിയുമായി ചേർന്നുള്ള സംഘടനയുടെ കൂട്ടായ പ്രവർത്തനങ്ങൾ ആഫ്രിക്കൻ സമൂഹങ്ങളിലും മറ്റിടങ്ങളിലും സമാധാനവും, നീതിയും, പ്രത്യാശയും ഊട്ടിയുറപ്പിക്കുമെന്നും, സാമൂഹിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും അടിയന്തിര നടപടി ആവശ്യമുള്ള മേഖലകളെക്കുറിച്ചു കൂടുതൽ ധാരണകൾ രൂപപ്പെടുത്തുവാൻ ഈ സഹകരണം ഫലപ്രദമാകുമെന്നും പാപ്പാ പറഞ്ഞു.
മതമൗലികവൽക്കരണം, വിഭജനം, സംഘർഷം എന്നിവ വർദ്ധിച്ചുവരുന്ന ഒരു ലോകത്ത്, സാംസ്കാരികവും മതപരവുമായ വ്യത്യാസങ്ങൾക്കിടയിലും സമാധാനത്തോടെയും ഐക്യത്തോടെയും ഒരുമിച്ച് ജീവിക്കാനും, ഒരുമിച്ച് പ്രവർത്തിക്കാനും കഴിയുമെന്ന് മാതൃക കാട്ടുന്ന സംഘടനയുടെ സേവനങ്ങളെ പാപ്പാ അഭിനന്ദിച്ചു.
മുൻവിധികളുടെയും കോപത്തിന്റെയും വിദ്വേഷത്തിന്റെയും ചങ്ങലകളിൽ നിന്ന് മോചനം നേടാൻ ജനങ്ങളെ സഹായിക്കുവാനുള്ള ഉത്തരവാദിത്വവും പാപ്പാ എടുത്തു പറഞ്ഞു.




