News Reader's Blog Social Media

മാർത്തോമ്മ ആശ്രമത്തില്‍ കയ്യേറ്റം; വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം….

മാർത്തോമ്മ ആശ്രമത്തില്‍ കയ്യേറ്റം; വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം നടക്കുന്നതായി കെ‌സി‌ബി‌സി ജാഗ്രതാ കമ്മീഷൻ.
കൊച്ചി: കളമശേരി മാർത്തോമ്മാ ആശ്രമത്തിന്റെ ഭൂമിയിൽ ചിലർ അതിക്രമിച്ചു കയറിയത് തികച്ചും അപലപനീയമെന്നു കെസിബിസി ജാഗ്രതാ കമ്മീഷൻ. കുറ്റവാളികൾക്കെതിരേ നിയമാനുസൃത നടപടികൾ സ്വീകരിക്കണം. അതേസമയം, ഈ അതിക്രമത്തെ അനാവശ്യമായ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾക്കായി ചിലർ ദുരുപയോഗിക്കുന്നത് തിരിച്ചറിയണമെന്നും ജാഗ്രത കമ്മീഷൻ ഓർമിപ്പിച്ചു. വിഷയത്തിൽ ആശ്രമത്തിന്റെ നിലപാടുകൾക്കും നടപടികൾക്കും പൂർണ പിന്തുണ നൽകുന്നുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

1980ല്‍ മാര്‍ത്തോമാ ഭവന്‍ വേണ്ടി സ്വന്തമാക്കിയ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തിന്റെ ബാക്കിയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. 2007-ല്‍ കോടതി വിധിയിലൂടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാര്‍ത്തോമാ ഭവന് ഉറപ്പിച്ചിരുന്നു. എന്നാല്‍ ഈ സ്ഥലം വാങ്ങിയെന്ന അവകാശവാദവുമായി ചിലര്‍ രംഗത്ത് വരികയായിരിന്നു. സെപ്റ്റംബര്‍ ആദ്യവാരമായിരുന്നു സംഭവങ്ങളുടെ തുടക്കം.

പുലര്‍ച്ചെ 2 മണിയോടെ മാര്‍ത്തോമാ ഭവന്റെ ചുറ്റുമതില്‍ പൊളിക്കുകയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ അഞ്ചിന് രാവിലെയാണ് മാര്‍ത്തോമ്മാ ഭവനിലുള്ളവര്‍ സംഭവം അറിഞ്ഞത്. പരാതിയെത്തുടര്‍ന്ന് പൊലീസെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷവും പ്രവൃത്തികള്‍ തുടര്‍ന്നിരിന്നു.

സംഭവം ഉണ്ടായ നാൾ മുതൽ ഇതൊരു വർഗീയ സംഘർഷമായി ചിത്രീകരിക്കാൻ ചിലർ ശ്രമിച്ചിരുന്നുവെന്ന് കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍ ചൂണ്ടിക്കാട്ടി. അതിന്റെ തുടർച്ചയാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള ചിലരുടെ പ്രചാരണം. വർഷങ്ങളായി കോടതിവ്യവഹാരമുള്ള സ്ഥലമാണിത്.

കോടതിയിൽനിന്ന് ആശ്രമത്തിന് അനുകൂലമായി വിധി വരികയും കീഴ്ക്‌കോടതി വിധി ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. മുൻസിഫ് കോടതിയിൽ നടക്കുന്ന മറ്റൊരു കേസിന്റെ വിധി ഈ ദിവസങ്ങളിൽ വരാനിരിക്കുമ്പോഴാണ് ഇപ്പോൾ കൈയേറ്റം ഉണ്ടായിട്ടുള്ളത്.

ആശ്രമത്തിന്റെ സ്ഥലവുമായി ബന്ധപ്പെട്ട് മുൻ ഉടമസ്ഥനുമായി നിയമവ്യവഹാരങ്ങൾ ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. പ്രശ്നത്തെ വർഗീയരീതിയിൽ കാണാതിരിക്കാനുള്ള വിവേകവും പക്വതയും ആശ്രമവും സഭാധികാരികളും പുലർത്തിയിട്ടുണ്ടെന്നും ആശ്രമം സുപ്പീരിയർ ഫാ. ജോർജ് പാറയ്ക്കലും എറണാകുളം -അങ്കമാലി അതിരൂപതയും ആവശ്യമായ കാര്യങ്ങൾ ക്രമപ്പെടുത്തുന്നുണ്ടെന്നും നിയമാനുസൃത നടപടികളിലൂടെ നീതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പറഞ്ഞു.

മാർത്തോമാ ഭവനത്തിന്റെ ഭൂമിയിൽ അതിക്രമിച്ചു കയറിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള കാലവിളംബം പ്രതിഷേധാർഹം: ഫാ. ജോർജ് പാറക്ക ORC, സുപ്പീരിയർ, മാർത്തോമാ ഭവനം, കളമശ്ശേരി.

ബഹുമാനപ്പെട്ട എറണാകുളം സബ് കോടതിയുടെ 2007 -ലെ ഡിക്രിയും പ്രൊഹിബിറ്ററി ഇൻജങ്ഷൻ ഓർഡറും ലംഘിച്ചുകൊണ്ട്, സെപ്റ്റംബർ നാലാം തിയ്യതി പുലർച്ച ഒരു മണിമുതൽ നാല് മണിവരെയുള്ള സമയത്ത് ഇരുട്ടിന്റെ മറവിൽ, എഴുപതോളം പേർ ആസൂത്രിതമായി കളമശ്ശേരി മാർത്തോമാ ഭവന്റെ കൈവശമുള്ള ഭൂമിയിൽ
അതിക്രമിച്ചു കയറുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.

ഭൂമിയെ സംബന്ധിച്ച തർക്കം കോടതിയുടെ പരിഗണനയിൽ ആയതിനാലും ഭൂമിയുടെ മേലുള്ള മാർത്തോമാ ഭവനത്തിന്റെ കൈവശാവകാശം ബഹു. കോടതി അംഗീകരിച്ചിട്ടുള്ളതാണ് എന്നതിനാലും നിയമപരമായ പൂർണ്ണ പിന്തുണ പോലീസ് നൽകുമെന്നും പരിഹാരം ഉടനുണ്ടാകുമെന്നും മാർത്തോമാ ഭവനം അധികൃതർ പ്രതീക്ഷിച്ചെങ്കിലും, കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ പോലീസിന്റെ നിഷ്‌ക്രിയത്വം തുടരുകയാണ്.

1982 -ൽ മാർത്തോമാ ഭവനം അധികൃതർക്ക് സ്ഥലം കൈമാറിയ ആദ്യ ഉടമസ്ഥന്റെ മക്കൾ 2010 -ൽ വസ്തുതകൾക്ക് നിരക്കാത്ത വാദങ്ങളുമായി (Fake sale deed) മറ്റൊരു പാർട്ടിക്ക് അതേ സ്ഥലം വിൽപ്പന നടത്തുകയാണുണ്ടായത്. സ്ഥലത്തിന്റെ യഥാർത്ഥ ഉടമസ്ഥർ മാർത്തോമാ ഭവനം തന്നെയെന്ന് എറണാകുളം സബ് കോർട്ട് ഡിക്രിയിലൂടെ അംഗീകരിച്ചിട്ടുള്ളതും മറുപാർട്ടിക്കോ അവരുടെ പേരിൽ മറ്റാർക്കുമോ പ്രസ്തുത ഭൂമിയിൽ പ്രവേശിക്കാൻ പാടുള്ളതല്ല എന്ന Prohibitary Injection Order പുറപ്പെടുവിച്ചിട്ടുള്ളതുമാണ്.

ആ വിലക്ക് ലംഘിച്ചുകൊണ്ട് സ്ഥലത്ത് അതിക്രമിച്ചു കയറിയവർ, 45 വർഷമായുള്ള 7 അടി ഉയരവും 100 മീറ്ററോളം നീളവുമുള്ള ദൈവവചനം എഴുതിയ മതിലും ഗേറ്റും ജല വിതരണത്തിനുള്ള പൈപ്പുകളും സിസിടിവി ക്യാമറകളും തകർക്കുകയും പത്തോളം സന്യാസിനിമാർ താമസിക്കുന്ന കോൺവെന്റിലേക്കുള്ള വഴി തടസപ്പെടുത്തുകയും കോൺക്രീറ്റ് നിർമ്മിതികൾ അവിടെ സ്ഥാപിക്കുകയും ചെയ്തതിന് പുറമെ, ആശ്രമ അന്തേവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിച്ചുകൊണ്ടുള്ള മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് കയ്യേറ്റക്കാരുടെ ചെയ്തികൾ. പിന്നീടുള്ള ദിവസങ്ങളിൽ അവർ കെട്ടിട നിർമ്മാണം സംബന്ധിച്ച ബോർഡ് സ്ഥാപിക്കുകയും നിർമ്മാണ സാമഗ്രികൾ ഇറക്കുകയും ചെയ്തു.

ഇപ്പോഴും ഇപ്രകാരമുള്ള നിയമവിരുദ്ധമായ പ്രവൃത്തികൾ നടന്നുവരുന്നുണ്ടെങ്കിലും സുരക്ഷയ്ക്കായി അവിടെ ക്യാമ്പ് ചെയ്തിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർ ഇടപെടുകയോ കയ്യേറ്റക്കാരെ തടയുകയോ ചെയ്യുന്നില്ല. പോലീസ് മേലുദ്യോഗസ്ഥരും നിഷ്ക്രിയരായി തുടരുകയാണ്.

നഗ്നമായ ഈ നിയമലംഘനത്തിനെതിരെ യുക്തമായ നടപടികൾ സ്വീകരിക്കാനും അതിക്രമിച്ചു കയറിയവരെ പുറത്താക്കാനും ആസൂത്രിതവും സംഘടിതവുമായ ഈ കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യാനും പോലീസ് തയ്യാറാകണം. പരിഹാരം കണ്ടെത്താൻ ആവശ്യമായ ക്രിയാത്മകമായ ഇടപെടലുകൾ ജനപ്രതിനിധികളും നടത്തണം.

പ്രദേശത്തെ സാമൂഹിക ഐക്യത്തിനു വിഘാതമാകാത്ത തരത്തിൽ പ്രശ്നം പരിഹരിക്കാനാണ് ഇത്രയും ഗുരുതരമായ അതിക്രമം നടന്നിട്ടും ക്രൈസ്തവ സമൂഹം പരസ്യമായ പ്രതികരണത്തിനോ പ്രതിഷേധത്തിനോ മുതിരാതിരുന്നത്. ഇനിയും നിഷ്ക്രിയത്വം തുടരാനാണ് അധികാരികളുടെയും ജനപ്രതിനിധികളുടെയും മനോഭാവമെങ്കിൽ നീതി ലക്ഷ്യമാക്കിയുള്ള എല്ലാത്തരം നിയമ, പ്രതിഷേധ നടപടികളിലേക്കും നീങ്ങാൻ ക്രൈസ്തവ സമൂഹം നിർബന്ധിതരായിതീരും.

Fr. George Paracka ORC
Superior, Mar Thoma Bhavanam, Kalamassery.