“ചൂഷിതമായ ഭൂമിയുടെയും ദരിദ്രരുടെയും നിലവിളി- ദൈവത്തിന്റെ ഹൃദയത്തിൽ എത്തിയ നിലവിളി, നമുക്കുചുറ്റും ഉയരുന്നത് നാം കേൾക്കുന്നു. കാസ്റ്റൽ ഗാൻഡോൾഫോയിലെ ‘ലൗദാത്തോ സി’ ഗ്രാമത്തിൽ പ്രകൃതിയുടെ സംരക്ഷണത്തിനായി അർപ്പിച്ച വിശുദ്ധ കുർബാനയിൽ പരിശുദ്ധ പിതാവ് പറഞ്ഞു.
സൃഷ്ടിയെ ആദരവോടും സ്നേഹത്തോടും കൂടി കാണുന്ന ഒരു ധ്യാനാത്മകമായ നോട്ടത്തിന് മാത്രമേ നമുക്ക് ചുറ്റുമുള്ള ലോകവുമായുള്ള നമ്മുടെ ബന്ധത്തെ പരിവർത്തനം ചെയ്യാൻ കഴിയൂ എന്ന് ലിയോ പപ്പാ എടുത്തു പറഞ്ഞു.
തകർന്ന ബന്ധങ്ങളിൽ വേരൂന്നിയ പാരിസ്ഥിതിക പ്രതിസന്ധിയെ മറികടക്കാനും ദൈവവുമായും, നമ്മുടെ അയൽക്കാരനുമായും, ഭൂമിയുമായും – പാപം മൂലമുണ്ടാകുന്ന വിള്ളലുകൾ പരിഹരിക്കുന്നതിനും അത്തരമൊരു നോട്ടം അത്യാവശ്യമാണ്.
ലോകത്തോട് ഈ സത്യം വിളിച്ചുപറയാനും, തിന്മയെ നന്മയായും, അനീതിയെ നീതിയായും, അത്യാഗ്രഹത്തെ കൂട്ടായ്മയായും മാറ്റാൻ സഹായിക്കാനുമാണ് സഭയെ വിളിക്കുന്നതെന്നു ഓർമിപ്പിച്ച പാപ്പ ലോകത്തിൽ ഐക്യത്തിന്റെ ഉപകരണങ്ങളാകാൻ എല്ലാ ക്രിസ്ത്യാനികളെയും ആഹ്വാനം ചെയ്തു.
“കർത്താവേ, ഞങ്ങൾ നിന്നെ സ്നേഹിക്കേണ്ടതിന് നിന്റെ പ്രവൃത്തികൾ നിന്നെ സ്തുതിക്കുന്നു, നിന്റെ പ്രവൃത്തികൾ നിന്നെ സ്തുതിക്കട്ടെ, അങ്ങനെ ഞങ്ങൾ നിന്നെ സ്നേഹിക്കട്ടെ” എന്ന വിശുദ്ധ ആഗസ്തീനോസിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് പരിശുദ്ധ പിതാവ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.